എല്ലാ പ്ളാന്‍റുകളിലും മാഗി നൂഡ്ല്‍സ് ഉല്‍പാദനം പുനരാരംഭിച്ചു

മുംബൈ: ഇന്ത്യയിലെ തങ്ങളുടെ അഞ്ച് ഫാക്ടറികളിലും മാഗി നൂഡ്ല്‍സ് ഉല്‍പാദനം പുനരാരംഭിച്ചുവെന്ന് നെസ്ലെ ഇന്ത്യ. അഞ്ചു മാസത്തെ നിരോധത്തിനുശേഷം ഹിമാചല്‍പ്രദേശിലെ തഹ്ലിവാള്‍ പ്ളാന്‍റില്‍ കഴിഞ്ഞ മാസം ഒമ്പതിനാണ് ഉല്‍പാദനം പുനരാരംഭിച്ചത്. ഇതിനുപുറമേ ഗോവയിലെ ബിചോലിം, കര്‍ണാടകയിലെ നഞ്ചന്‍ഗുഡ്, പഞ്ചാബിലെ മോഗ, ഹിമാചല്‍പ്രദേശിലെതന്നെ പാന്ത്നഗര്‍ എന്നിവയുള്‍പ്പെടെ അഞ്ച് ഉല്‍പാദനകേന്ദ്രങ്ങളിലും മാഗി നൂഡ്ല്‍സിന്‍െറ നിര്‍മാണം പുനരാരംഭിച്ചുവെന്ന് കമ്പനി ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് പാന്ത്നഗറില്‍ ഉല്‍പാദനം പുനരാരംഭിച്ചത്. നിലവിലുള്ള ഫോര്‍മുല ഉപയോഗിച്ചുതന്നെയാണ് ഉല്‍പാദനം പുനരാരംഭിക്കുന്നതെന്നും ഘടകങ്ങളില്‍ മാറ്റമില്ളെന്നും കമ്പനി വ്യക്തമാക്കി. അനുവദനീയ അളവില്‍  കൂടുതല്‍ ഈയത്തിന്‍െറ അംശം കണ്ടത്തെിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണിലാണ് എഫ്.എസ്.എസ്.എ.ഐ അധികൃതര്‍ മാഗി നൂഡ്ല്‍സ് നിരോധിച്ചത്. 30,000 ടണ്‍ നൂഡ്ല്‍സ് നശിപ്പിക്കേണ്ടിവന്നതുള്‍പ്പെടെ 450 കോടി രൂപയുടെ നഷ്ടം ഇത് കമ്പനിക്കുണ്ടാക്കിയിരുന്നു. 15 വര്‍ഷത്തിനിടെ ആദ്യമായി കമ്പനി ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 64.40 കോടി അറ്റ നഷ്ടം വരുത്തിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഉള്‍പ്പെടെ കുറ്റങ്ങള്‍ ആരോപിച്ച് ഉപഭോക്തൃകാര്യ മന്ത്രാലയം കമ്പനിക്കെതിരെ 640 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ ഹരജി നല്‍കിയിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.