ബംഗളൂരു: ഭാര്യ സുധ മൂർത്തിയെ മുൻകാലങ്ങളിൽ ഇൻഫോസിസിൽ ചേരാൻ അനുവദിക്കാതിരുന്ന തീരുമാനത്തിൽ ഇപ്പോൾ ഖേദിക്കുന്നതായി എൻ.ആർ. നാരായണ മൂർത്തി. സി.എൻ.ബി.സി - ടി.വി18 ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു സമ്മതിച്ചത്.
കമ്പനി സ്ഥാപിക്കാൻ പണം നൽകിയ ഭാര്യയെ കമ്പനിയിൽ ചേരാൻ അനുവദിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു എന്നായിരുന്നു ചോദ്യം.
സ്വജനപക്ഷപാതവും കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതയും സംഭവിക്കാതിരിക്കാനായി കുടുംബാംഗങ്ങളെ കോർപറേറ്റ് ഭരണത്തിൽനിന്ന് അകറ്റി നിർത്തലാണ് ഉചിതമെന്നാണ് അക്കാലത്ത് വിശ്വസിച്ചിരുന്നത്. ഇൻഫോസിസിന്‍റെ മറ്റു സ്ഥാപകരേക്കാൾ യോഗ്യതയുള്ളവളാണ് സുധ മൂർത്തിയെന്നും അറിവുണ്ടായിരുന്നു. എന്നാൽ, ആദർശവാദത്തിന്‍റെയും പണ്ടു കാലത്തെ തെറ്റായ നാട്ടുനടപ്പുകളുടെയും തെറ്റായ ബോധമാണ് അങ്ങനെ സംഭവിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ഈ നിലപാടിൽ കാലക്രമേണ മാറ്റം സംഭവിച്ചുവെന്ന് അദ്ദേഹം പറയുന്നു. പ്രമുഖ സർവകലാശാലകളിലെ ഫിലോസഫി പ്രൊഫസർമാരുമായുള്ള സംവാദങ്ങളെ തുടർന്നാണ് ചിന്തയിലെ തെറ്റ് മനസ്സിലായിത്തുടങ്ങിയത്. ഇങ്ങിനെയൊക്കെയാണെങ്കിലും മകൻ രോഹൻ മൂർത്തി ഇൻഫോസിസിൽ ചേരില്ലെന്ന് മൂർത്തി ആവർത്തിച്ചു. ഹാർവാർഡിൽ നിന്ന് പി.എച്ച്.ഡി നേടി സ്വന്തം സോറോക്കോ എന്ന പേരിൽ സ്വന്തം സോഫ്റ്റ്‌വെയർ സ്ഥാപനം നടത്തുന്ന രോഹൻ, കുടുംബ ബിസിനസിൽ ഇടപെടരുത് എന്ന തത്വം കൂടുതൽ കർശനമായി പാലിക്കുന്നതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.