മുംബൈ: ഇന്ത്യയിൽ സൗജന്യങ്ങൾ നൽകുന്നതിനെതിരെ വിമർശനവുമായി ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തി. ജോലി സൃഷ്ടിച്ചാൽ മാത്രമേ പട്ടിണി പൂർണമായും തുടച്ചുനീക്കാൻ സാധിക്കുവെന്നും നാരായണമൂർത്തി പറഞ്ഞു. സംരംഭകർക്കായി നടത്തിയ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം.
നൂതന സംരംഭങ്ങളെ പ്രോൽസാഹിപ്പിച്ചാൽ വെയിലിൽ മഞ്ഞ് അപ്രത്യക്ഷമാകുന്നത് പോലെ ദാരിദ്ര്യവും ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് ജോലികൾ സൃഷ്ടിക്കാൻ ഇന്ത്യയിലെ സംരംഭകർക്ക് സാധിക്കും. ദാരിദ്ര്യത്തെ എങ്ങനെ നിർമാർജ്ജനം ചെയ്യുമെന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. സൗജന്യങ്ങളിലൂടെ അത് സാധ്യമാവില്ലെന്ന് ഉറപ്പാണ്. ഒരു രാജ്യത്തിനും സൗജന്യങ്ങളിലൂടെ ദാരിദ്ര്യത്തെ ഇല്ലാതാക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമോ ഭരണപരമായോ ഉള്ള കാഴ്ചപ്പാടിൽ നിന്നല്ല താൻ സംസാരിക്കുന്നത്. തന്റെ നിർദേശങ്ങൾ നയപരമായ ശിപാർശകളാണ്. ആനുകൂല്യങ്ങളും സബ്സിഡികളും ഉത്തരവാദിത്തത്തോടെ നൽകണം. ഇത്തരത്തിൽ സബ്സിഡി നൽകുന്നത് വഴി ഗുണങ്ങൾ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കണം.
ഉദാഹരണമായി ഒരു വീടിന് 200 യൂണിറ്റ് വൈദ്യൂതി സൗജന്യമായി നൽകുന്നുവെങ്കിൽ ആ വീട്ടിൽ അത് ഗുണപരമായ എന്ത് മാറ്റമാണ് ഉണ്ടാക്കിയതെന്ന് പരിശോധിക്കണം. ആ വീട്ടിലെ കുട്ടികൾ കൂടുതൽ പഠിക്കുന്നുണ്ടോയെന്നത് ഉൾപ്പടെ നോക്കണമെന്നും നാരായണമൂർത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.