കിട്ടാനില്ലാതെ കൊപ്ര, കത്തിക്കയറി വെളിച്ചെണ്ണ വില

കിട്ടാനില്ലാതെ കൊപ്ര, കത്തിക്കയറി വെളിച്ചെണ്ണ വില

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ്‌ നാളികേരോൽപന്നങ്ങളുടെ വിപണനം നടക്കുന്നത്‌. റബർ, കുരുമുളക് വിലയും കുതിപ്പിൽ

കൊപ്ര ക്ഷാമം വ്യവസായ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്നു. ദക്ഷിണേന്ത്യയിലെ പതിനായിരക്കണക്കിന്‌ കൊപ്രയാട്ട്‌ മില്ലുകൾ ഏതാനും മാസങ്ങളായി ഭാഗികമായി മാത്രമാണ്‌ പ്രവർത്തിക്കുന്നത്‌. ജനുവരിയിൽ കേരളത്തിൽ നാളികേര വിളവെടുപ്പിന്‌ തുടക്കം കുറിച്ച വേളയിൽ ആവശ്യാനുസരണം ചരക്ക്‌ ഇവിടെ നിന്ന് സംഭരിക്കാമെന്ന നിഗമനത്തിലായിരുന്നു തമിഴ്‌നാട്ടിലെ വൻകിട മില്ലുകാർ. എന്നാൽ, കേരളത്തിൽ വിളവ്‌ പ്രതീക്ഷക്കൊത്ത്‌ ഉയർന്നില്ലെന്ന്‌ മാത്രമല്ല, കണക്കുകൂട്ടിയതിലും കുറഞ്ഞുവെന്ന പരമാർഥം ഫെബ്രുവരിയിലാണ്‌ വ്യവസായ മേഖലക്ക്‌ വ്യക്തമായത്‌.

ഇതോടെ കിട്ടുന്ന വിലക്ക്‌ പച്ചത്തേങ്ങ സംഭരിക്കാമെന്ന നിലപാടിലേക്ക്‌ ഒരു വിഭാഗം മില്ലുകാർ ചുവടുമാറ്റി. എന്നാൽ, വില ഉയർത്തിയിട്ടും അവർക്ക്‌ കാര്യമായി ചരക്ക്‌ സംഭരിക്കാനായില്ല. ഇതോടെ പച്ചത്തേങ്ങയും കൊപ്രയും അടിവെച്ച്‌ ഉയർന്നതിനൊപ്പം വെളിച്ചെണ്ണ വില കത്തിക്കയറി. നിലവിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ്‌ നാളികേരോൽപന്നങ്ങളുടെ വിപണനം നടക്കുന്നത്‌. പിന്നിട്ട വാരം കൊപ്ര ക്വിൻറലിന്‌ 60 രൂപയുടെ മികവിൽ 16,600 രൂപയായി. പിണ്ണാക്ക്‌ വിലയും എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ്‌. കൊച്ചിയിൽ വെളിച്ചെണ്ണ റെക്കോഡ്‌ വിലയായ 25,000 രൂപയിലെത്തി.

● ● ● ● ●

സംസ്ഥാനത്തെ റബർ കർഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ നാലാം ഗ്രേഡ്‌ ഷീറ്റ്‌ വില കിലോ 200 രൂപക്ക്‌ മുകളിൽ വിപണനം നടന്നു. ആഗസ്‌റ്റിൽ 247 രൂപയിൽ നിന്നുള്ള തകർച്ചയിൽ 190 രൂപയിൽ ഏറെ നാൾ പിടിച്ചനിന്ന ശേഷമുള്ള തിരിച്ചുവരവ്‌ വിപണിയും ഉൽപാദകരും ആഘോഷമാക്കിയെങ്കിലും ഉൽപാദന മേഖലയിൽ കാര്യമായി ചരക്കില്ലെന്ന നിലപാടിലാണ്‌ വ്യാപാരികൾ.

ജനുവരി അവസാനം തന്നെ വരണ്ട കാലാവസ്ഥക്ക്‌ തുടക്കം കുറിച്ചതിനാൽ പല ഭാഗങ്ങളിലും പതിവിലും നേരത്തെ റബർ ടാപ്പിങ്‌ സ്‌തംഭിച്ചതുമൂലം കാർഷിക മേഖലകളിൽ ഷീറ്റിന്റെ നീക്കിയിരിപ്പ്‌ കുറവാണ്‌. കൊച്ചിയിൽ നാലാം ഗ്രേഡ്‌ കിലോ 203 രൂപയിലും അഞ്ചാം ഗ്രേഡ്‌ 200 രൂപയിലും വിപണനം നടന്നു.

● ● ● ● ●

ആഗോള വിപണിയിൽ കുരുമുളക്‌ കൂടുതൽ മികവിലേക്ക്‌. ലഭ്യത ഉറപ്പിക്കാൻ ഇറക്കുമതി രാജ്യങ്ങൾ ഉയർന്ന വിലക്കും പുതിയ കരാറുകൾ ഉറപ്പിക്കാൻ താൽപര്യം കാണിച്ചു. വിയറ്റ്‌നാമിലും ഇന്തോനേഷ്യയിലും ബ്രസീലിലും മുളക്‌ സ്‌റ്റോക്ക്‌ കുറഞ്ഞ തക്കത്തിന്‌ മലേഷ്യ അവരുടെ നിരക്ക്‌ വർധിപ്പിച്ചു. മലേഷ്യൻ കുരുമുള‌ക്‌ വില ടണ്ണിന്‌ 9800 ഡോളറിൽ എത്തിനിൽക്കുകയാണ്‌. വെള്ള കുരുമുളകിനും അവർ ഉയർന്ന വിലയാണ്‌ ആവശ്യപ്പെടുന്നത്‌.

12,300 ഡോളറിനാണ്‌ അവർ ക്വട്ടേഷൻ ഇറക്കിയത്‌. ഇതോടെ വിയറ്റ്‌നാം അടക്കമുള്ള രാജ്യങ്ങളും നിരക്ക്‌ ഉയർത്തി. കുരുമുളകിന്‌ 7100 - 7300 ഡോളർ വരെയാണ് ആവശ്യപ്പെടുന്നത്. ഇന്ത്യൻ നിരക്ക്‌ 8250 ഡോളറാണ്‌. ഇടുക്കി, വയനാട്‌, പത്തനംതിട്ട ഭാഗങ്ങളിൽ നിന്നും കൊച്ചി വിപണിയിലേക്കുള്ള കുരുമുളക്‌ വരവ്‌ കുറഞ്ഞു. കർഷകരും ഇടനിലക്കാരും ചരക്കുനീക്കം നിയന്ത്രിച്ച്‌ നിരക്ക്‌ ഉയർത്താനുള്ള ശ്രമത്തിലാണ്‌. കൊച്ചിയിൽ കുരുമുളക്‌ ഏഴ്‌ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 70,900 രൂപയിലാണ്‌.

● ● ● ● ●

വേനൽ കനത്തതോടെ ഒട്ടുമിക്ക തോട്ടങ്ങളിലും ഏലച്ചെടികൾ കരിഞ്ഞുണങ്ങുന്നത്‌ കണക്കിലെടുത്താൽ അടുത്ത സീസണിൽ ഉൽപാദനം കുറയുമെന്ന അവസ്ഥയാണ്‌. ഏലക്ക ലേല കേന്ദ്രങ്ങളിൽ ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും മത്സരിച്ചാണ്‌ പല അവസരത്തിലും ചരക്ക്‌ സംഭരിച്ചത്‌. ശരാശരി ഇനം ഏലക്ക കിലോ 2500 -2600 രൂപയിലാണ്‌ നീങ്ങുന്നത്‌.

● ● ● ● ●

ആഭരണ വിപണിയിൽ സ്വർണം പുതിയ റെക്കോഡ്‌ സ്ഥാപിച്ച ശേഷം വാരാന്ത്യം അൽപം തളർന്നു. വാരത്തിന്റെ തുടക്കത്തിൽ 65,760 രൂപയിൽ നിന്നും പവൻ സർവകാല റെക്കോഡ്‌ വിലയായ 66,480 വരെ ഉയർന്ന ശേഷം ശനിയാഴ്‌ച 65,840 രൂപയിലാണ്‌.

Tags:    
News Summary - Copra, coconut, and rubber have good price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.