മുംബൈ: അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽനിന്ന് പ്രവാസികൾ ഇന്ത്യയിലേക്ക് അയക്കുന്ന പണം ഗൾഫിൽനിന്നെത്തുന്ന പണത്തെ കടത്തിവെട്ടി. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് 2023-24ൽ വിദേശത്തുനിന്നുള്ള മൊത്തം പണം വരവ് 11870 കോടി ഡോളറാണ് (ഏകദേശം 10,24,429 കോടി രൂപ). 2010-11 വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ വരവ് ഇരട്ടിയിലേറെയാണ്. അന്ന് 5560 കോടി ഡോളറായിരുന്നു (479,832 കോടി രൂപ).
ഏറ്റവും കൂടുതൽ പ്രവാസി പണം വരുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. തൊട്ടുപിന്നിൽ കേരളമുണ്ട്. ആകെ പണം വരവിന്റെ 20.5 ശതമാനമാണ് മഹാരാഷ്ട്രയിലേക്കെങ്കിൽ കേരളത്തിന്റെ വിഹിതം 19.7 ശതമാനമാണ്. തമിഴ്നാട് (10.4 ശതമാനം), തെലങ്കാന (8.1 ശതമാനം), കർണാടക (7.7 ശതമാനം) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള പ്രവാസി പണം വരവ്.
ഇന്ത്യൻ പ്രവാസികളുടെയും പണം വരവിന്റെയും വിശദവിവരങ്ങളടങ്ങിയ റിപ്പോർട്ടനുസരിച്ച് 1.85 കോടിയാണ് വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾ.
ഇതിൽ പകുതിയോളം ഗൾഫ് രാജ്യങ്ങളിലാണ്. 1990ലെ 66 ലക്ഷം പ്രവാസികളിൽനിന്ന് 2024ൽ എത്തുമ്പോൾ മൂന്നുമടങ്ങാണ് വർധിച്ചിരിക്കുന്നത്. എന്നാൽ, പ്രവാസികൾ അയക്കുന്ന പണം 2023-24 വർഷം പകുതിയിലേറെ ഗൾഫിന് പുറത്തുനിന്നുള്ള വികസിത രാജ്യങ്ങളിൽനിന്നാണ്.പ്രത്യേകിച്ച് അമേരിക്ക, ബ്രിട്ടൻ, സിംഗപ്പൂർ, കാനഡ, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന്.
ഏറ്റവും കൂടുതൽ അമേരിക്കയിൽനിന്നാണ്. ആകെ പണത്തിന്റെ 27.7 ശതമാനം. രണ്ടാം സ്ഥാനം യു.എ.ഇക്കാണ്. 19.2 ശതമാനം പ്രവാസി പണവും യു.എ.ഇയിൽനിന്നാണ്. 2020-21ൽ ഇത് 18 ശതമാനമായിരുന്നു. ബ്രിട്ടനിൽനിന്നുള്ള വിഹിതം 10.8 ശതമാനമാണ്.
പഠനത്തിനായി വിദേശത്ത് പോകുന്നവർ കൂടുതൽ മഹാരാഷ്ട്ര, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.