ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയതോടെ കോളടിച്ചത് പ്രവാസികൾക്കാണ്. നിരക്ക് കുറഞ്ഞതോടെ കൂടുതൽ പണം നാട്ടിൽ ലഭിക്കുമെന്നതാണ് വലിയ ആശ്വാസം. ശനിയാഴ്ച യു.എ.ഇ ദിർഹമിന്‍റെ വിനിമയ നിരക്ക് 23.90 രൂപയും കടന്ന് മുന്നേറി. കുവൈത്ത് ദീനാറിന് 284.50 രൂപ, ബഹ്റൈൻ ദീനാറിന് 233.07 രൂപ, ഒമാൻ റിയാലിന് 228.20 രൂപ, സൗദി റിയാലിന് 23.95, ഖത്തർ റിയാലിന് 23.41 രൂപ എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിലെ വിനിമയ നിരക്ക്.
ഇതുകൂടാതെ അതത് രാജ്യങ്ങളിലെ ബാങ്കുകൾ ഡിജിറ്റൽ ആപ് വഴിയുള്ള പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ നിരക്കുകളും ഓഫർ ചെയ്യുന്നുണ്ട്. സ്വകാര്യ എക്സ്ചേഞ്ചുകൾ വഴിയുള്ള പണമയക്കലും വർധിച്ചിരിക്കുകയാണ്. മാസാന്ത ശമ്പളം ലഭിക്കുന്ന സമയത്തുതന്നെ നിരക്ക് കുറഞ്ഞതാണ് പ്രവാസികൾക്ക് നേട്ടമായത്. പലരും പരമാവധി തുക നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. നേരത്തേ യു.എ.ഇ ദിർഹമിന് 22 രൂപയായിരുന്ന സമയത്ത് 5000 ദിർഹം ശമ്പളമുള്ളയാൾക്ക് 1,10,000 രൂപയാണ് ലഭിച്ചിരുന്നതെങ്കിൽ നിരക്ക് 23.90ലെത്തിയതോടെ 1,19,500 രൂപ ലഭിക്കും. ശമ്പളം വർധിക്കാതെത്തന്നെ 9500 രൂപ അധികം! മറ്റു ജി.സി.സി രാജ്യങ്ങളിലെ കറൻസികളിലും സമാനമായ മാറ്റമുണ്ടാകും.
രൂപയുടെ മൂല്യം കുറഞ്ഞത് നാട്ടിൽ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക ഒരുഭാഗത്ത് ചിലർ പങ്കുവെക്കുന്നുണ്ട്. എങ്കിലും നാട്ടിൽ ബാങ്ക് വായ്പയും മറ്റും അടച്ചുവീട്ടാനുള്ള പ്രവാസികൾക്ക് നിരക്കിലെ വിത്യാസം നിലവിൽ ആശ്വാസകരമാണ്. അതേസമയം, ഇനിയും വർധനക്ക് സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ പണമയക്കാതെ കാത്തിരിക്കുന്നവരും ഏറെയാണ്. രൂപയുടെ ഇടിവ് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ വിനിമയ നിരക്ക് വീണ്ടും കൂടും.
ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നീക്കമാണ് രൂപയുടെ തകർച്ചക്ക് പ്രധാനമായും കാരണമായത്. ഓഹരി വിപണികളിലും ഇതിന്‍റെ പ്രതിഫലനങ്ങൾ ദൃശ്യമായി. സാധാരണ രൂപയുടെ മൂല്യം കുറയുമ്പോൾ പിടിച്ചുനിർത്താനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചില നടപടികൾ കൈക്കൊള്ളാറുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സ്വാഭാവികമായ നിലയിൽ മുന്നോട്ടുപോകട്ടെയെന്ന നിലപാടിലാണ് ആർ.ബി.ഐ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.