തിരുവനന്തപുരം: സാമ്പത്തിക വർഷാവസാനത്തെ ഭാരിച്ച ചെലവുകൾ നേരിടാൻ തിരക്കിട്ട നടപടികളിലേക്ക് ധനവകുപ്പ്. മാർച്ചിലെ ചെലവുകൾക്കായി 26,000 കോടി രൂപ വേണമെന്നാണ് വിലയിരുത്തൽ. കേന്ദ്രത്തിൽ നിന്ന് 5990 കോടി രൂപയുടെ പ്രത്യേക വായ്പാനുമതി കിട്ടിയെങ്കിലും അതുകൊണ്ട് തികയില്ല.
പ്രതിസന്ധി മറികടക്കുന്നതിന് യൂനിവേഴ്സിറ്റികൾ, തദ്ദേശസ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവയിലെ നീക്കിയിരിപ്പ് ട്രഷറിയിലേക്ക് മാറ്റാൻ നിർദേശിച്ചിട്ടുണ്ട്. മാർച്ചിലെ ചെലവുകളിൽ ശമ്പളവും പെൻഷനുമാണ് ഇതുവരെ നൽകിയത്.
സാമൂഹിക പെൻഷൻ 820 കോടിയും കരാറുകാരുടെ കുടിശ്ശികയിനത്തിൽ 3000 കോടിയും പ്ലാൻ ഫണ്ടിൽ 7500 കോടിയും വേണം. കാരുണ്യ അടക്കം സൗജന്യ ഇൻഷുറൻസ്, മരുന്ന് കമ്പനികൾക്കുള്ള കടം ഇനങ്ങളിലെ കുടിശ്ശിക 2317 കോടിയാണ്. വര്‍ഷാവസാന ചെലവുകൾ നടത്താൻ കിട്ടാവുന്നിടത്തുനിന്നെല്ലാം പണമെടുക്കുകയാണ് ധനവകുപ്പ്. പങ്കാളിത്ത പെൻഷൻ തുടരുമെന്ന സത്യവാങ്മൂലം നൽകി കേന്ദ്രത്തിൽ നിന്ന് 2000 കോടി രൂപയുടെ വായ്പാനുമതി നേടിയിരുന്നു.
എണ്ണക്കമ്പനികളോടും ബിവറേജസ് കോര്‍പറേഷനോടും നികുതിപ്പണം മുൻകൂര്‍ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എസ്.എഫ്.ഇ അടക്കം ധനകാര്യ സ്ഥാപനങ്ങളും മാസാവസാനം ട്രഷറിയിലേക്ക് പണമെത്തിക്കണം. കടമെടുപ്പിൽ വീണ്ടും കേന്ദ്രം കനിഞ്ഞാൽ വലിയ പരിക്കില്ലാതെ ചെലവ് നടത്തിപ്പോകാനാകുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ.
ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിലെ മുഴുവൻ തുകയും ഒപ്പം പ്രത്യേകാനുമതി ലഭിച്ച അധിക തുകയും കേരളം വായ്പയെടുത്തിരുന്നു. കടമെടുപ്പ് പരിധിയിൽ ശേഷിച്ചിരുന്ന 605 കോടിക്കായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് കടപ്പത്രമിറക്കിയത്. ഇപ്പോൾ അനുവദിച്ചതിൽ 5990 കോടിക്ക് ചൊവ്വാഴ്ച കടപ്പത്രമിറക്കും. ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനമാണ് സംസ്ഥാനത്തിന് കടമെടുക്കാനാകുക. ഇതുപ്രകാരം വായ്പയെടുക്കാനാകുന്ന തുക 38,237 കോടിയാണ്. ഓണക്കാലത്തെ അധിക ചെലവുകൾ പരിഗണിച്ച് 4000 കോടി അധിക വായ്പക്ക് അനുമതി നൽകിയിരുന്നു.
സാമ്പത്തിക വർഷാവസാനമായ മാർച്ചിലെ ബില്ലുകളുടെ കുത്തൊഴുക്ക് നേരിടാൻ ട്രഷറികളിൽ ക്രമീകരണമേർപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും നൽകുന്ന ബില്ലുകൾ മുൻഗണന അടിസ്ഥാനത്തിൽ ക്യൂവിലേക്ക് മാറ്റിയാണ് പാസാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.