ന്യൂഡൽഹി: വിമാനയാത്രക്കൂലി സംബന്ധിച്ച് നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ. ആഭ്യന്തര യാത്രക്കുള്ള വിമാനക്കൂലിയിൽ ഉയർന്ന നിരക്കും കുറഞ്ഞ നിരക്കും നിശ്ചയിച്ച തീരുമാനം കേന്ദ്രസർക്കാർ റദ്ദാക്കി. 2022 ആഗസ്റ്റ് 31 മുതലാണ് പുതിയ തീരുമാനം നിലവിൽ വരിക. 27 മാസത്തിന് ശേഷമാണ് നിയന്ത്രണം കേന്ദ്രസർക്കാർ നീക്കുന്നത്.
കേന്ദ്ര വ്യോമയാനമന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിമാന ഇന്ധനമായ എ.ടി.എഫിന്റെ പ്രതിദിന ലഭ്യതയും വിലയും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്ത്. ഭാവിയിൽ വ്യോമയാന മേഖലയിൽ വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
കഴിഞ്ഞ ഏതാനം ആഴ്ചകളായി വിമാന ഇന്ധനത്തിന്റെ വില കുറയുകയാണ്. യുക്രെയ്ൻ-റഷ്യ യുദ്ധത്തെ തുടർന്ന് ഇന്ത്യയിൽ വിമാന ഇന്ധനത്തിന്റെ വില റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. മെയ് 25ന് കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇളവ് നൽകി ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസ് ആരംഭിച്ചപ്പോഴാണ് കുറഞ്ഞ നിരക്കും കൂടിയ നിരക്കും കേന്ദ്രസർക്കാർ നിശ്ചയിച്ചത്.
40 മിനിറ്റ് ദൈർഘ്യമുള്ള വിമാനയാത്രക്ക് 2900 രൂപയാണ് മിനിമം നിരക്കായി നിശ്ചയിച്ചത്. 8800 രൂപയാണ് കൂടിയ നിരക്ക്. എയർലൈനുകളുടേയും യാത്രക്കാരുടേയും താൽപര്യങ്ങൾ സംരിക്ഷിക്കുന്നതിനായാണ് ഇത്തരത്തിൽ നിരക്കുകൾ നിശ്ചയിച്ചതെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. നേരത്തെ കേന്ദ്രസർക്കാർ നിശ്ചയിച്ച കുറഞ്ഞ നിരക്കും കൂടിയ നിരക്കും വർധിപ്പിക്കണമെന്ന് വിസ്താര സി.ഇ.ഒ വിനോദ് കണ്ണൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.