പ്രീ ബജറ്റ് റാലിയിൽ ഏതൊക്കെ മേഖലകൾ

പുതിയ കേന്ദ്ര സർക്കാറിന്റെ ആദ്യ ബജറ്റ് ജൂലൈ 23നോ 24നോ അവതരിപ്പിക്കും എന്നാണ് സൂചന. ഫെബ്രുവരിയിൽ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്. അതിപ്രധാന പ്രഖ്യാപനങ്ങളോ വലിയ വിഹിതം നീക്കിവെക്കലോ ഇതിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഓഹരി വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തിയുമില്ല.

എന്നാൽ, ഇനി വരാനിരിക്കുന്നത് സമ്പൂർണ ബജറ്റാണ്. ഓഹരി വിപണിയുടെ വീക്ഷണകോണിലൂടെ ബജറ്റിനെ സമീപിക്കുമ്പോൾ വിവിധ കാര്യങ്ങൾ പരിഗണി​ക്കാനുണ്ട്. കഴിഞ്ഞ സർക്കാറിന്റെ തുടർച്ചതന്നെയാണെങ്കിലും വേറിട്ട സമീപനത്തിന് സർക്കാറിനെ നിർബന്ധിതരാക്കുന്ന രാഷ്ട്രീയ സാഹചര്യം നിലവിലുണ്ട്.

സഖ്യ സർക്കാറിന്റെ സമ്മർദങ്ങളും കർഷക രോഷം ഭരണമുന്നണിക്കുണ്ടാക്കിയ ആ​ഘാതവും പരിഗണിക്കാതെ മുന്നോട്ടുപോകാനാവില്ല. ബജറ്റിന് മുമ്പായി വിപണിയിൽ ഒരു റാലി പതിവാണ്. പല സെക്ടറുകളിലും ഓഹരിവിലയിൽ കുതിപ്പുണ്ടായി.

അതിനിയും തുടർന്നേക്കാം. പ്രതിരോധം, ടെക്സ്റ്റൈൽസ്, സോളാർ പാനൽ, കൃഷി, റെയിൽവേ, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകൾ പ്രീ ബജറ്റ് റാലിയിൽ പ​ങ്കെടുത്തേക്കും. കലുഷിതമായ ആഗോള സാഹചര്യം പ്രതിരോധ ബജറ്റ് വിഹിതം വർധിപ്പിക്കാൻ രാജ്യങ്ങളെ നിർബന്ധിതരാക്കുന്നു. ഇന്ത്യയാകട്ടെ പ്രതിരോധ മേഖലയിൽ കയറ്റുമതി വർധിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നീങ്ങുന്നത്.

ടെക്സ്റ്റൈൽസ് മേഖലയിൽ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ നികുതി ഇളവ് ഉൾപ്പെടെ നടപടികൾ വരുന്ന ബജറ്റിൽ ഉണ്ടാകുമെന്നാണ് റി​പ്പോർട്ട്. പ്രത്യേക ‘ദേശീയ ടെക്സ്​റ്റൈൽ ഫണ്ട്’ പ്രഖ്യാപിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭാവി പുനരുപയോഗ ഊർജത്തിന്റേതാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പി.എം സൂര്യഖർ സോളാർ പദ്ധതിയുടെ തുടർപ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. റെയിൽവേ വികസനത്തിനും കാര്യമായ ബജറ്റ് വിഹിതം ലഭിക്കു​മെന്ന് വിപണി പ്രതീക്ഷിക്കുന്നുണ്ട്. ഭവന പദ്ധതി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലും പദ്ധതികളുണ്ടാകും.

കാർഷിക മേഖലയിൽ ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നു. ഈ മേഖലകളുമായി ബന്ധപ്പെട്ട ഓഹരികൾ കുതിച്ചേക്കും. ബജറ്റ് പ്രഖ്യാപനത്തിന് ശേഷമല്ല കുതിപ്പുണ്ടാവുക. ഓഹരി വിപണി പൊതുവെ എല്ലാം മുൻകൂട്ടി കാണുന്ന സ്വഭാവത്തിലാണ്. ബജറ്റിന് ആഴ്ചകൾക്ക് മുമ്പേ കുതിപ്പ് തുടങ്ങും. ബജറ്റിൽ പ്രതീക്ഷിച്ച അത്ര പോസിറ്റിവ് സമീപനം ഉണ്ടായില്ലെങ്കിൽ വീഴ്ചക്ക് സാധ്യതയുണ്ട്.

ഭേദ​പ്പെട്ട പ്രഖ്യാപനം ഉണ്ടായാൽ പോലും അപ്പോൾ വില കാര്യമായി ഉയരണമെന്നില്ല. കാരണം നേരത്തേ ഉയർന്നു കഴിഞ്ഞതാണല്ലോ​. ബജറ്റ് ലക്ഷ്യമാക്കുന്നവർ നല്ല ഓഹരികൾ നേരത്തേ വാങ്ങിവെക്കുകയും ബജറ്റിന് തൊട്ടുമുമ്പോ ബജറ്റ് പ്രഖ്യാപനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഉടനടിയോ വിറ്റൊഴിയുകയും ചെയ്യുന്നത് നന്നാവും എന്നാണ് കഴിഞ്ഞ ബജറ്റ് കാലങ്ങൾ നൽകുന്ന പാഠം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT