ഓഹരിവില തകർച്ചയിലും അദാനി ഗ്രൂപ്പിൽ കൂടുതൽ പണമിറക്കി എൽ.ഐ.സി

ന്യൂഡൽഹി: ഹിൻഡൻബർഗ് സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിൽ നിലതെറ്റി അദാനി ഗ്രൂപ് ഓഹരികൾ തകർന്നടിഞ്ഞിട്ടും അദാനി എന്റർപ്രൈസസിൽ കൂടുതൽ പണമിറക്കി കേന്ദ്ര പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ (എൽ.ഐ.സി).

20,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് അദാനി ഗ്രൂപ് തുടക്കമിട്ട തുടർ ഓഹരി വിൽപനയിൽ (എഫ്‌.പി.ഒ) ലൈഫ് ഇൻഷുറൻസ് കോർപറേഷൻ 300 കോടിയാണ് മുടക്കിയത്.

എഫ്.പി.ഒയിൽ ആങ്കർ നിക്ഷേപകർക്കായി നീക്കിവെച്ചതിൽ 9,15,748 ഓഹരികൾകൂടി വാങ്ങാൻ 300 കോടി രൂപ ചെലവിട്ടതായി അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ് പറയുന്നു. ആങ്കർ നിക്ഷേപകർക്കുള്ള ഓഹരികളുടെ അഞ്ച് ശതമാനമാണ് എൽ.ഐ.സി സ്വന്തമാക്കിയത്. നേരത്തെ 4.23 ശതമാനം ഓഹരിയാണ് എൽ.ഐ.സിക്കുണ്ടായിരുന്നത്. 33 സ്ഥാപന നിക്ഷേപകർ 5,985 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.

സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വിവരങ്ങൾ പ്രകാരം അദാനി ഓഹരികളിൽ 28,400 കോടി രൂപയുടെ നിക്ഷേപമാണ് എൽ.ഐ.സിക്കുള്ളത്. ഓഹരിവില തകരും മുമ്പ് ഈ ഓഹരികളുടെ മൂല്യം 72,200 കോടി രൂപയായിരുന്നു. പിന്നീട് 55,700 കോടി രൂപയായി കുറഞ്ഞെങ്കിലും നിക്ഷേപത്തേക്കാൾ 27,300 കോടി രൂപയുടെ അറ്റാദായ നേട്ടമുണ്ടെന്നാണ് റിപ്പോർട്ട്. അദാനി പോർട്ടിലും പ്രത്യേക സാമ്പത്തിക മേഖലയിലും ഒമ്പത് ശതമാനവും അദാനി ട്രാൻസ്മിഷനിൽ 3.7 ശതമാനവും അദാനി ഗ്രീൻ എനർജിയിൽ 1.3 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിൽ ആറു ശതമാനവും ഓഹരികളാണ് എൽ.ഐ.സിയുടെ കൈവശമുള്ളത്.

Tags:    
News Summary - LIC invested money into Adani Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT