റമദാൻ, വിഷു ഡിമാൻഡിൽ പ്രതീക്ഷയർപ്പിച്ച് നാളികേര വിപണി. ഉത്സവ ദിനങ്ങൾ വിലക്കയറ്റത്തിന് അവസരം ഒരുക്കുമെന്ന നിഗമനത്തിൽ അയൽ സംസ്ഥാനത്തെ വൻകിട കൊപ്രയാട്ട് വ്യവസായികൾക്കൊപ്പം കേരളത്തിലെ ചെറുകിട മില്ലുകളും വൻ പ്രതീക്ഷയിലാണ്. ഈസ്‌റ്റർ വിൽപനയിൽ തന്നെ വെളിച്ചെണ്ണ വിപണി ചൂടുപിടിച്ച് തുടങ്ങിയെങ്കിലും ഉൽപാദകരുടെ പ്രതീക്ഷക്കൊത്ത് മുന്നേറാൻ എണ്ണക്കായില്ല. ഈദും വിഷുവും മുന്നിൽക്കണ്ട് ഉയർന്ന വിലയിൽ വിൽപന നടത്താൻ പലരും കൊപ്ര സംഭരിച്ചിട്ടുണ്ട്. അതേ സമയം വൻകിട, ചെറുകിട മില്ലുകാർ കൊപ്ര സംഭരണ രംഗത്ത് സജീവമല്ല. വ്യവസായികൾ സ്‌റ്റോക്കുള്ള വെളിച്ചെണ്ണ പ്രാദേശിക വിപണിയിൽ വിറ്റുമാറാനുള്ള നീക്കത്തിലാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 14,500ൽ നിന്നും 14,900 രൂപയായി, കൊപ്ര 200 രൂപയുടെ മികവിൽ 9900 രൂപയായി.
ആഗോള വിപണിയിൽ കുരുമുളക് ലഭ്യത ചുരുങ്ങിയ വിവരം ഇറക്കുമതി രാജ്യങ്ങളെ ഉയർന്ന വിലക്ക് ചരക്ക് സംഭരണത്തിന് പ്രേരിപ്പിക്കുമെന്നാണ് കയറ്റുമതി മേഖലയുടെ വിലയിരുത്തൽ. എന്നാൽ ഇത് തുറന്നുപറയാൻ പലരും തയാറാവുന്നില്ല. അതേ സമയം രാജ്യാന്തര മാർക്കറ്റിലെ സ്ഥിതിഗതികൾ ഉൽപന്ന വില വീണ്ടും ഉയർത്തുമെന്ന് വിപണി വൃത്തങ്ങൾ പറയുന്നു.
പ്രതികൂല കാലാവസ്ഥയിൽ വിയറ്റ്‌നാമിൽ കുരുമുളക് ഉൽപാദനം 15 ശതമാനം ഇടിഞ്ഞു. ജനുവരി-മാർച്ചിൽ അവരുടെ കയറ്റുമതിയുടെ താളം തെറ്റിയതുകൂടി കണക്കിലെടുത്താൽ വില ഉയർത്തി ഷിപ്മെൻറുകൾ പൂർത്തിയാക്കാൻ വരും മാസങ്ങളിൽ അവർ തിരക്കിട്ട നീക്കം നടത്താം. ആഗോള വിപണിയിൽ മലബാർ മുളക് വിലയും ഉയരുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ഉത്തരേന്ത്യൻ വാങ്ങലുകാർ നിരക്ക് ഉയർത്താൻ ഉത്സാഹിക്കും.
സംസ്ഥാനത്തെ ഉൽപാദകരെ ആവേശം കൊള്ളിച്ച് കൊക്കോ കുതിപ്പ് തുടരുകയാണ്. ചോക്‍ലറ്റ് വ്യവസായികൾക്ക് ആവശ്യാനുസരണം ചരക്ക് ലഭിക്കാതെ വന്നതോടെ മോഹ വിലക്ക് കൊക്കോ സംഭരിക്കാൻ വ്യാപാരികൾ മത്സരിക്കുന്നു. വാരാന്ത്യം ഉണക്ക കൊക്കോ കിലോ 850 രൂപയായും പച്ച 360 രൂപയായും ഉയർന്നു.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണത്തിന്റെ തേരോട്ടം തുടരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് വാരാന്ത്യം പവന്റെ വ്യാപാരം നടന്നത്. ശനിയാഴ്‌ച പവന് 960 രൂപ വർധിച്ച് 52,280 രൂപയിലെത്തി. വാരത്തിന്റെ തുടക്കത്തിൽ പവൻ 50,200 രൂപയിലായിരുന്നു. ഒരാഴ്‌ചകൊണ്ട് മുന്നേറിയത് 2080 രൂപ. നിലവിൽ ഒരു പവൻ വാങ്ങാൻ നികുതികൾ അടക്കം 57,000 രൂപക്ക് അടുത്താവും. രൂപയുടെ വിനിമയ നിരക്ക് 83.30ൽ നിലകൊള്ളുന്നത് കണക്കിലെടുത്താൽ ഒരു കിലോ സ്വർണത്തിന് 74 ലക്ഷം രൂപയോളമാവും. അന്താരാഷ്‌ട്ര സ്വർണ വില ട്രോയ് ഔൺസിന് 2233 ഡോളറിൽ നിന്നുള്ള കുതിച്ചുചാട്ടത്തിൽ 2330 ഡോളർ വരെ ഉയർന്ന് പുതിയ റെക്കോഡ് സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.