കൊച്ചി: തുടർച്ചയായി റെക്കോഡുകൾ ഭേദിച്ച് സ്വർണവില കുതിച്ചുയരുന്നതിന് പിന്നിൽ മൂന്ന് സുപ്രധാനകാരണങ്ങൾ. ഓരോ ദിവസവും പുതിയ റെക്കോർഡുകൾ പിറക്കുന്ന സ്വർണത്തിന് ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും വർധിച്ചു. യഥാക്രമം 7730 രൂപയും 61840 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര സ്വർണ്ണവില 2796 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.64 ലും ആയി. 24 കാരറ്റ് സ്വർണ കട്ടിക്ക് കിലോ ഗ്രാമിന് ബാങ്ക് നിരക്ക് 84.5 ലക്ഷം രൂപ കടന്നു. നിലവിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഉള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ 67000 രൂപയ്ക്ക് മുകളിൽ നൽകണം. ഉപഭോക്താക്കൾക്കിടയിലും വ്യാപാരികൾക്കിടയിലും ഒരുപോലെ ആശങ്ക സൃഷ്ടിക്കുന്ന തരത്തിലാണ് ഇപ്പോൾ വിലവർധിക്കുന്നത്.
അന്താരാഷ്ട്ര, ആഭ്യന്തര സംഭവവികാസങ്ങളാണ് സ്വർണവില കുതിപ്പിനുള്ള പ്രധാന കാരണങ്ങൾ. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളാണ് ഇതിൽ മുഖ്യം. ഭൗമ രാഷ്ട്ര സംഘർഷങ്ങളിലേക്ക് കാര്യങ്ങൾ എത്തുന്നുവെന്നതിന്റെ സൂചനയാണ് ട്രംപിന്റെ നയങ്ങൾ നൽകുന്നത്. കാനഡയിൽനിന്നും മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങൾക്ക് 25 % അധിക നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ സുഹൃദ്‍രാഷ്ട്രങ്ങളോടടക്കം ‘തീരുവ രാഷ്ട്രീയം’ പ്രധാന ആയുധമായി ട്രംപ് പരിഗണിക്കുന്നതും അന്താരാഷ്ട്ര സാമ്പത്തിക രംഗങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കൂടുതൽ ദുർബലമായി 86.64 ലേക്ക് എത്തിയതും നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനെ കുറിച്ചുള്ള ആശങ്കകളുമാണ് സ്വർണ വിലവർധനവിനുള്ള മറ്റു രണ്ട്കാരണങ്ങൾ. ആറ് ശതമാനമായി കുറച്ച ഇറക്കുമതി ചുങ്കം ബജറ്റിൽ രണ്ടുശതമാനം കൂട്ടുമെന്നുള്ള അഭ്യൂഹമുണ്ട്.
ഗോൾഡ് മൊണിറ്റൈസേഷൻ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ നടപ്പിൽ വരുത്തിയാൽ ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള 25,000ത്തിലധികം ടൺ സ്വർണം പുനരുപയോഗത്തിനായി തുറന്ന വിപണിയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് സാന്ധത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഇറക്കുമതി കുറയുകയും കറൻസി കരുത്താർജിക്കുകയും സമ്പദ് വ്യവസ്ഥക്ക് ഗുണകരമാവുകയും ചെയ്യും.
ഇറക്കുമതി നികുതി ആറു ശതമാനത്തിൽ നിന്നും മൂന്ന് ശതമാനമായി ആയി കുറക്കണമെന്ന് സ്വർണവ്യാപാരികൾ ആവശ്യപ്പെടുന്നു. പാൻ കാർഡ് പരിധി 5 ലക്ഷം രൂപയാക്കി ഉയർത്തുക, ജ്വല്ലറി മേഖലക്കും ജനങ്ങൾക്കും ഉപകാര പ്രദമായ രീതിയിൽ ബുള്ളിയൻ ബാങ്ക് സ്ഥാപിക്കുക, സ്വർണ്ണം വാങ്ങുന്നതിന് ബാങ്കുകളിൽ ഇഎംഐ സംവിധാനം ഏർപ്പെടുത്തുക, എം എസ് എം ഇ യൂണിറ്റുകൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കുക, ജ്വല്ലറി പാർക്കുകൾ സ്ഥാപിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കുക, സ്വർണ്ണ വ്യാപാര മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം അനുവദിക്കുക, സ്വർണ്ണത്തിൻറെ ജി എസ് ടി 1.25% മായി കുറയ്ക്കുക എന്നീ ആവശ്യങ്ങളും ഇവർ ഉന്നയിക്കുന്നു.
ജനുവരിയിലെ സ്വർണവില (22 കാരറ്റ്)
ജനുവരി 01: 57,200
ജനുവരി 02: 57,440
ജനുവരി 03: 58,080
ജനുവരി 04: 57,720
ജനുവരി 05: 57,720
ജനുവരി 06: 57,720
ജനുവരി 07: 57,720
ജനുവരി 08: 57,800
ജനുവരി 09: 58,080
ജനുവരി 10: 58,280
ജനുവരി 11: 58,400
ജനുവരി 12: 58,400
ജനുവരി 13: 58,720
ജനുവരി 14: 58,640
ജനുവരി 15: 58,720
ജനുവരി 16: 59,120
ജനുവരി 17: 59,600
ജനുവരി 18: 59,480
ജനുവരി 19: 59,480
ജനുവരി 20: 59,600
ജനുവരി 21: 59,600
ജനുവരി 22: 60,200
ജനുവരി 23: 60,200
ജനുവരി 24: 60,440
ജനുവരി 25: 60,440
ജനുവരി 26: 60,440
ജനുവരി 27: 60,320
ജനുവരി 28: 60,080
ജനുവരി 29: 60,760
ജനുവരി 30: 60,880
ജനുവരി 31: 61,840
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.