ദോഹ: ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ കൂട്ടായ്മയായ ‘ക്രെഡായ്’ കേരള ചാപ്റ്ററാണ് സിറ്റി സ്കേപ്പിൽ പ്രവാസി മലയാളികളുടെ മുഖപത്രമായ ‘ഗൾഫ് മാധ്യമ’വുമായി സഹകരിച്ച് ഇന്ത്യൻ പവിലിയൻ ഒരുക്കുന്നത്. കേരളത്തിലെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ പ്രവാസി മലയാളികൾക്കായി തുറന്നുനൽകുന്ന സിറ്റി സ്കേപ്പിലെ കേരള പ്രോപ്പർട്ടി ഷോയിൽ 34 ഡെവലപ്പർമാരാണ് 35 സ്റ്റാളുകളിലായി എത്തുന്നത്. കേരളത്തിലെ ഏറ്റവും പ്രഗല്ഭരും പതിറ്റാണ്ടുകളായി ഈ മേഖലയിൽ പരിചയസമ്പന്നരും വിശ്വാസ്യത നേടിയവരുമായ ബിൽഡർമാർ അണിനിരിക്കുന്ന ‘കേരള പ്രോപ്പർട്ടി ഷോ’യെ കുറിച്ച് ‘ക്രെഡായ് കേരള’ ചാപ്റ്റർ സി.ഇ.ഒ സേതുനാഥ് സംസാരിക്കുന്നു.
കേരള പ്രോപ്പർട്ടി ഷോ എന്തുകൊണ്ട് ഖത്തറിൽ?
ഗൾഫ് ഉൾപ്പെടെ എല്ലാ വിദേശ രാജ്യങ്ങളിലും ‘ക്രെഡായ്’ കേരളക്കു കീഴിൽ പ്രോപ്പർട്ടി ഷോകൾ നടക്കാറുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി തുടർച്ചയായി ഷാർജയിൽ ക്രെഡായ് നേതൃത്വത്തിൽ പ്രോപ്പർട്ടി ഷോ വിജയകരമായി നടക്കുന്നു. ഖത്തറിലും ഏതാനും വർഷങ്ങൾക്കു മുമ്പ് ക്രെഡായ് നേതൃത്വത്തിൽ പ്രോപ്പർട്ടി ഷോ സംഘടിപ്പിച്ചിരുന്നു. ഇടവേളക്കു ശേഷമാണ് ‘ഗൾഫ് മാധ്യമ’വുമായി സഹകരിച്ച് കേരളത്തിൽ നിന്നുള്ള വിവിധ ബിൽഡർമാരുമായി ക്രെഡായ് ഖത്തറിലെത്തുന്നത്. ഇത്തവണ പ്രഗല്ഭരായ ബിൽഡർമാരുടെ നിരതന്നെ ക്രെഡായിക്കൊപ്പമുണ്ട്.
ഖത്തറിലെ പ്രവാസികൾക്ക് ഇത് മികച്ച അവസരം
ഒന്നും രണ്ടും വർഷങ്ങൾ ഗൾഫിൽ ജോലി ചെയ്ത് ചുരുങ്ങിയ നാളത്തെ അവധിക്കായി നാട്ടിലെത്തുമ്പോൾ വീടും ഫ്ലാറ്റും അന്വേഷിച്ച് കണ്ടെത്തുകയെന്നത് പ്രവാസികൾക്ക് പ്രയാസമാണ്. ഒന്നും രണ്ടും മാസത്തെ അവധിക്കിടയിൽ ബിൽഡർമാരെ കണ്ട് ചർച്ച നടത്തി പ്രോപ്പർട്ടി സന്ദർശിച്ച് തീരുമാനമെടുക്കൽ വലിയ വെല്ലുവിളിയായി മാറും. എന്നാൽ, പ്രവാസികൾക്കരികിലേക്ക് ഒരുകൂട്ടം ബിൽഡർമാരുമായാണ് ‘ക്രെഡായ്’ എത്തുന്നത്. ഇവിടെ ആവശ്യക്കാർക്ക്, ബിൽഡർമാരുമായും അവരുടെ പ്രതിനിധികളുമായും നേരിട്ട് സംസാരിച്ചും കൂടിക്കാഴ്ച നടത്തിയും വിവരങ്ങൾ അറിയാം.
ഇഷ്ടപ്പെടുന്ന പ്രോജക്ടുകൾ, നാട്ടിലെത്തി നേരിട്ട് സന്ദർശിച്ചോ അല്ലെങ്കിൽ ബന്ധുക്കൾ വഴി സന്ദർശിച്ചോ ഇടപാട് ഉറപ്പിക്കാൻ കഴിയും. എക്സ്പോയിൽ എത്തുന്ന വിവിധ ജില്ലക്കാർക്ക് തങ്ങളുടെ നാട്ടിലോ ഇഷ്ട നഗരങ്ങളിലോ പ്രോപ്പർട്ടി വാങ്ങാനും അറിയാനും അവസരം നൽകുന്നു.
എത്ര പ്രോജക്ടുകൾ, കേരളത്തിൽ എവിടെയെല്ലാം?
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, പാലക്കാട് എന്നീ അഞ്ചു ജില്ലകളിലാണ് ക്രെഡായ് കേരള ചാപ്റ്ററുകളുള്ളത്. എന്നാൽ, അംഗങ്ങളായ ബിൽഡർമാരുടെ 14 ജില്ലകളിലെയും പ്രോജക്ടുകൾ ദോഹയിൽ അവതരിപ്പിക്കും. 34 ബിൽഡർമാർ, 35 സ്റ്റാളുകളിലായാണ് കേരള പ്രോപ്പർട്ടി ഷോയിൽ പങ്കെടുക്കുന്നത്. 300ൽ പരം പ്രോജക്ടുകൾ അവതരിപ്പിക്കും. കേരളത്തിലെ ഏത് മേഖലയിൽനിന്ന് എത്തുന്നവർക്കും തങ്ങളുടെ നാട്ടിൽ തന്നെ വീട്, ഫ്ലാറ്റ്, വില്ല ഉൾപ്പെടെ സ്വന്തമാക്കാനുള്ള അവസരം ലഭിക്കും.
സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്തിയ പ്രോജക്ടുകൾ
ഇന്ത്യയിലെമ്പാടുമുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ കൂട്ടായ്മയാണ് ക്രെഡായ്. 21 സംസ്ഥാനങ്ങളിലായി, 230 നഗരങ്ങളിലെ ചാപ്റ്ററുകൾ ഉൾപ്പെടെ 14,000ത്തോളം അംഗങ്ങളും ഉണ്ട്. ഓരോ ചാപ്റ്ററിലേക്കും അംഗത്വം നൽകുന്നത് സൂക്ഷ്മപരിശോധനയുടെ അടിസ്ഥാനത്തിലാണ്. ഉപഭോക്താവുമായും നിർമാണത്തിലുമെല്ലാം ഓരോ ബിൽഡർമാർക്കും പാലിക്കേണ്ട പെരുമാറ്റ ചട്ടവുമുണ്ട്. ക്രെഡായിയുടെ ചട്ടക്കൂടിൽനിന്നാണ് ഓരോ ബിൽഡറും പ്രവർത്തിക്കുന്നത്.
അതുകൊണ്ടുതന്നെ ഇവിടെ അവതരിപ്പിക്കുന്ന ഓരോ പ്രോജക്ടും വിശ്വാസ്യതയുള്ളതും സുരക്ഷിതവുമാണ്. സർക്കാർ ബോഡിയായ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്കു (RERA) കീഴിൽ രജിസ്റ്റർ ചെയ്ത പ്രോജക്ടുകൾ മാത്രമാണ് ദോഹയിലെ എക്സ്പോയിൽ ഉള്ളതെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് വിശ്വാസ്യതയിൽ നൂറുശതമാനം ഗ്യാരണ്ടി ഉറപ്പിക്കാം.
നിക്ഷേപത്തിനും സ്ഥിരവരുമാനത്തിനുമുള്ള സാധ്യതകൾ
വീടും വില്ലയും ഉൾപ്പെടെ നാട്ടിൽ താമസത്തിന് സുരക്ഷിത ഇടം ഉറപ്പാക്കി, സ്ഥിരവരുമാനം തേടുന്ന പ്രവാസികൾക്ക് അതിനുള്ള വഴികളും പ്രോപ്പർട്ടി ഷോ വാഗ്ദാനം ചെയ്യുന്നു. കമേഴ്സ്യൽ പ്രോപ്പർട്ടികൾ സ്വന്തമാക്കിയശേഷം, വാടകക്ക് നൽകാൻ ആഗ്രഹിക്കുന്ന ഉടമസ്ഥർക്ക് ബിൽഡർമാർ വഴി തന്നെ ഇവ നൽകാനും സ്ഥിരമായി ഒരു വരുമാനം സ്വന്തമാക്കാനും കഴിയും.
10 ലക്ഷമോ 50 ലക്ഷമോ എഫ്.ഡി നിക്ഷേപിക്കുന്നതിനു പകരം, ഇത്തരത്തിലുള്ള സംരംഭങ്ങളിൽ നിക്ഷേപിക്കുകയാണെങ്കിൽ ഉറപ്പിക്കാവുന്ന സ്ഥിരവരുമാനമാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനു പുറമെ, വിവിധ ബിൽഡർമാർ വ്യത്യസ്തമായ നിക്ഷേപ സാധ്യതകളും സ്ഥിര വരുമാനങ്ങളും ഉറപ്പാക്കുന്ന വിവിധ ബിസിനസ് പദ്ധതികളും പ്രോപ്പർട്ടി ഷോയിൽ അവതരിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.