കൊച്ചി: നിഫ്‌റ്റി സൂചിക ചരിത്രനേട്ടത്തിലെത്തിയ ഈ ആഴ്ച ഇടപാടുകൾക്ക് തുടക്കം കുറിക്കാൻ ഉചിതമാണ്. സാമ്പത്തിക‐വ്യവസായിക രംഗത്തെ പ്രതിസന്ധികൾ വിപണി വൈകാതെ മറികടക്കുമെന്ന ശുഭപ്രതീക്ഷ നിക്ഷേപകരിൽ ഉടലെടുത്തതോടെയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 15,469 പോയിൻറ്റിലേയ്‌ക്ക് നിഫ്‌റ്റി ചുവടുവെച്ചത്. പിന്നിട്ടവാരം സൂചിക 260 പോയിന്റ് മികവ് കാണിച്ചപ്പേൾ സെൻസെക്‌സ് 882 പോയിൻറ്റ് വർധിച്ചു. തുടർച്ചയായ രണ്ടാം വാരമാണ് ഇന്ത്യൻ ഇൻഡക്‌സുകൾ തിളങ്ങുന്നത്.
ഈ വാരത്തിന്റെ തുടക്കം മുതൽ സൂചിക നേട്ടത്തിലായിരുന്നുവെങ്കിലും മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയ 15,336 ലെ പ്രതിരോധം മറികടക്കാൻ വ്യഴാഴ്‌ച്ച വരെ വിപണി കാത്തിരിക്കേണ്ടി വന്നു. 15,175 ൽ തിങ്കളാഴ്‌ച്ച ഓപ്പൺ ചെയ്‌ത നിഫ്‌റ്റി മെയ് സീസരിസ് സെറ്റിൽമെൻറ്റിന് ശേഷം വെളളിയാഴ്‌ച്ച വർധിച്ച വീര്യതോടെയാണ് ട്രെയ്‌ഡിങിന് തുടക്കം കുറിച്ചത്.
ജൂൺ സീരീസിലേക്ക് വൻ നിഷേപം പ്രവഹിച്ചതിനിടയിൽ സൂചിക ഫെബ്രുവരി മധ്യത്തിൽ രേഖപ്പെടുത്തിയ റെക്കോർഡ് ഉയരമായ 15,441 പോയിൻറ്റിലെ തടസം മറികടന്ന് എക്കാലത്തെയും ഉയർന്ന നിരവാരമായ 15,469.65 വരെ സഞ്ചരിച്ച ശേഷം 15,435 ൽ വാരാന്ത്യ ക്ലോസിങ് നടന്നു. ഏതാണ്ട് പത്താഴ്‌ച്ചകൾ നീണ്ട കൺസോളിഡേഷന് ശേഷമാണ് ബുൾ ഇടപാടുകാർ വിപണിയെ വാരിപുണർന്നത്. ഈവാരം നിഫ്‌റ്റിക്ക് 15,554 ൽ ആദ്യ തടസം നേരിടാം. വിപണി തിരുത്തലിന് തുനിഞ്ഞാൽ 15,230 ലും 15,025 ലും താങ്ങ് പ്രതീക്ഷിക്കാം.
ബോംബെ സെൻസെക്‌സ് 50,540 ൽ നിന്ന് 50,724 ലേക്ക് ഉയർന്നാണ് ഇടപാടുകൾ തുടങ്ങിയത്. വിദേശ വിപണികളിൽ നിന്നുള്ള അനുകുല വാർത്തകൾ ഓപ്പറേറ്റർമാരെ മുൻ നിര ഓഹരികളിൽ വാങ്ങലുകാരാക്കിയതിന്റെ പിൻബലത്തിൽ വാരത്തിന്റെ രണ്ടാം പകുതിയിൽ സൂചിക 51,000 പോയിൻറ്റ് മറികടന്ന് 51,529 വരെ കയറിയ ശേഷം 51,422 ൽ ക്ലോസിങ് നടന്നു. വിപണിയിലെ ബുള്ളിഷ് മാനോഭാവം കണക്കിലെടുത്താൽ 53,000 പോയിൻറ്റിലേയ്‌ക്കുള്ള ധൂരം അകലെയല്ല. 52,516 പോയിൻറ്റാണ് സെൻസെക്‌സിൻറ്റ റെക്കോർഡ്.
എസ്.ബി.ഐ, റിലയൻസ്, എച്ച്.ഡി.എഫ്.സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.റ്റി.സി, റ്റി.സി.എസ്, ഇൻഫോസീസ്, എച്ച്.സി.എൽ, മാരുതി, എം.ആൻറ്‌എം, ബജാജ് ഓട്ടോ തുടങ്ങിയവയുടെ നിരക്ക് ഉയർന്നപ്പോൾ ഏയർടെൽ, സൺ ഫാർമ്മ, എച്ച് യു എൽ തുടങ്ങിയവക്ക് തിരിച്ചടിനേരിട്ടു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത് വിദേശ ഓപ്പറേറ്റർമാരെ ഇന്ത്യൻ മാർക്കറ്റിലേക്ക് ആകർഷിക്കുന്നു. വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 72.81 ൽ നിന്ന് 72.30 ലേയ്‌ക്ക് ശക്തിപ്രാപിച്ച ശേഷം വാരാന്ത്യം 72.42 ലാണ്. ഇതിനിടയിൽ മെയ് മൂന്നാവാരം വിദേശ നാണയകരുതൽ ശേഖരം 2.9 ബില്യൻ ഡോളർ ഉയർന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 592 ബില്യൻ ഡോളറിലെത്തി.
വിദേശ ഫണ്ടുകൾ പോയവാരം 2701 കോടി രൂപയുടെ നിക്ഷേപം നടത്തിയതിനിടയിൽ 661 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കുകയും ചെയ്‌തു. ആഭ്യന്തര ഫണ്ടുകൾ വിൽപ്പനക്കാണ് മുൻ തൂക്കം നൽകിയത്, അവർ 1711 കോടിയുടെ വിൽപ്പനയും 1387 കോടി രൂപയുടെ നിക്ഷേപവും നടത്തി.
അന്താരാഷ്‌ട്ര മാർക്കറ്റിൽ സ്വർണം വീണ്ടും തിളങ്ങി. ഫണ്ടുകൾ പുതിയ വാങ്ങലുകൾക്ക് ഉത്സാഹിച്ചതോടെ ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1880 ഡോളറിൽ നിന്ന് 1906 ഡോളറായി, 1934 ഡോളറിൽ സാങ്കേതികമായി സ്വർണത്തിന് തടസം നേരിടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.