നികുതിനിരക്ക് അഞ്ച് ശതമാനമായി കുറച്ചതുമൂലം സെസ് ഉള്‍പ്പെടെ പരമാവധി 12,875 രൂപ വരെ ആദായനികുതിയില്‍ കുറവ് ലഭിക്കും
ഇന്ത്യയിലെ ജനങ്ങള്‍ ആദായനികുതി കൊടുക്കുന്നതില്‍ വിമുഖതയുള്ളവരാണ് എന്നാണ് നമ്മുടെ കേന്ദ്ര ധനമന്ത്രിയുടെ അഭിപ്രായം. അതിനായി ഒട്ടനവധി കണക്കുകളും അദ്ദേഹം സമര്‍പ്പിച്ചു. അവ ഇങ്ങനെ:
1. ഇന്ത്യയിലെ ആദായനികുതിയും ജി.ഡി.പിയും (മൊത്ത ആഭ്യന്തര ഉല്‍പാദനം) തമ്മിലുള്ള അനുപാതം വളരെ കുറവാണ്.
2. ആദായനികുതിയും പരോക്ഷനികുതികളും തമ്മിലുള്ള അനുപാതം ശരിയായ ദിശയിലല്ല.
3. ആദായനികുതി അടവും ചെലവഴിക്കുന്ന പണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കുന്നില്ല.
4. 4.2 കോടി ശമ്പളക്കാരില്‍ 1.74 കോടി മാത്രമേ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നുള്ളൂ.
5. 5.6 കോടി ചെറുകിട വ്യാപാരികളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ 1.81 കോടി മാത്രം.
6. 2014 മാര്‍ച്ച് 31 വരെ 13.94 ലക്ഷം കമ്പനികള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 5.97 ലക്ഷം കമ്പനികള്‍ മാത്രമേ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നുള്ളൂ.
7. റിട്ടേണ്‍ സമര്‍പ്പിച്ച 5.97 ലക്ഷം കമ്പനികളില്‍ 2.76 ലക്ഷം നഷ്ടം കാണിച്ചവരാണ്. 2.85 ലക്ഷം കമ്പനികള്‍ ഒരു കോടിയില്‍ കുറവായി ആദായം കാണിച്ചപ്പോള്‍ 28667 കമ്പനികള്‍ ഒരു കോടിക്കും 10 കോടിക്കും ഇടയില്‍ ലാഭം കാണിച്ചു. 10 കോടിയില്‍ കൂടുതല്‍ ലാഭം കാണിച്ച കമ്പനികള്‍ വെറും 7781 എണ്ണം മാത്രം.
8. വ്യക്തികളുടെ കാര്യം എടുത്താല്‍ 3.7 കോടി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ 99 ലക്ഷം വ്യക്തികള്‍ 2.5 ലക്ഷം രൂപയില്‍ താഴെ മാത്രം വരുമാനം കാണിച്ചു.
രണ്ടരലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനം ഉള്ള സ്ളാബില്‍ 1.95 കോടി റിട്ടേണുകളും അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനം ഉള്ള സ്ളാബില്‍ 52 ലക്ഷം റിട്ടേണുകളും 10 ലക്ഷത്തിനു മുകളില്‍ വരുമാനം കാണിച്ച് 24 ലക്ഷം റിട്ടേണുകളും ഫയല്‍ ചെയ്യപ്പെട്ടു. എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ആകെ 1.25 കോടി കാറുകള്‍ വില്‍ക്കപ്പെട്ടു. ഇതില്‍നിന്നാണ് ജനങ്ങള്‍ ആദായനികുതി അടക്കുന്നതില്‍ വൈമുഖ്യം ഉള്ളവരാണെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടത്!
ഈ സാഹചര്യത്തില്‍ ആദായനികുതിയുടെ നിലവിലെ അടിസ്ഥാന സ്ളാബായ 10 ശതമാനം എന്നത് അഞ്ചു ശതമാനം ആയി കുറച്ചു. അതുവഴി കൂടുതല്‍ ആളുകളെ നികുതി വലയിലേക്ക് ആകര്‍ഷിക്കാം എന്നാണ് പ്രതീക്ഷ.
ആദായനികുതിയില്‍ വരുത്തിയ മാറ്റങ്ങള്‍
നികുതി ഒഴിവുകളില്‍ പുതിയ ആനൂകൂല്യങ്ങളൊന്നുമില്ല. രണ്ടരലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള നികുതിനിരക്ക് 10 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. ഇതുമൂലം മൂന്ന് ശതമാനം സെസ് ഉള്‍പ്പെടെ പരമാവധി 12,875 രൂപ വരെ നികുതിദായകര്‍ക്ക് ആദായനികുതിയില്‍ കുറവ് ലഭിക്കും. 87 എ വകുപ്പ് അനുസരിച്ച് അഞ്ചു ലക്ഷം വരെ വരുമാനം ഉണ്ടായിരുന്ന നികുതിദായകര്‍ക്ക് ലഭിച്ചിരുന്ന റിബേറ്റ് മൂന്നരലക്ഷം വരെ വരുമാനം ഉള്ളവര്‍ക്കായി കുറച്ചു. അതോടൊപ്പം 5000 രൂപ വരെ ലഭിച്ചിരുന്ന റിബേറ്റ് 2500 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. മൂന്നരലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ക്ക് ഈ ബജറ്റ് അനുസരിച്ച് 100 ശതമാനം നികുതി ഇളവ് അല്ളെങ്കില്‍ 2500 രൂപ ഇവയിലേതാണോ കുറവ് അതാണ് റിബേറ്റായി ലഭിക്കുന്നത്. ഇവ മൂലം സര്‍ക്കാറിന് 15500 കോടി രൂപയുടെ കുറവ് നികുതിയില്‍ അനുഭവപ്പെടും.
50 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള വ്യക്തികള്‍ക്കും ഹിന്ദു അവിഭക്തകുടുംബങ്ങള്‍ക്കും എ.ഒ.പികള്‍ക്കും മറ്റും നികുതിക്ക് പുറമെ 10 ശതമാനം സര്‍ചാര്‍ജ് ഉണ്ടാവും. വരുമാനം ഒരു കോടിയില്‍ കവിഞ്ഞാല്‍ സര്‍ചാര്‍ജ് നിരക്ക് 15 ശതമാനമായി വര്‍ധിക്കും. നിലവിലും 15 ശതമാനം സര്‍ചാര്‍ജാണ് ഉള്ളത്. ഇതുമൂലം നികുതി വരുമാനത്തില്‍ 2700 കോടി രൂപ അധികം ഉണ്ടാകും.
201516 സാമ്പത്തികവര്‍ഷം 50 കോടിയില്‍ കൂടുതല്‍ വാര്‍ഷിക വിറ്റുവരവില്ലാത്ത എല്ലാ ഇന്ത്യന്‍ കമ്പനികള്‍ക്കും നികുതി നിരക്ക് 25 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഇതുമൂലം 7200 കോടിയുടെ കുറവ് നികുതി വരുമാനത്തില്‍ ഉണ്ടാവും. രണ്ട് കോടിയില്‍ താഴെ വിറ്റുവരവുള്ളതും 44 എ.ഡി. വകുപ്പ് അനുസരിച്ച് അനുമാനനികുതി അടക്കുന്നതുമായ നികുതിദായകര്‍ വിറ്റുവരവ് അക്കൗണ്ട് പേയി ചെക്കായോ ഡ്രാഫ്റ്റ് ആയോ അല്ളെങ്കില്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ ബാങ്ക് വഴിയോ നടത്തുകയാണെങ്കില്‍ വരുമാനം ആറ് ശതമാനം മാത്രമാക്കി എസ്റ്റിമേറ്റ് ചെയ്യാം. എന്നാല്‍, ഭാഗികമായി കാഷ് സ്വീകരിച്ചാല്‍ അവക്ക് നിലവിലെ നിരക്കായ എട്ട് ശതമാനം തന്നെ എസ്റ്റിമേറ്റ് ചെയ്യേണ്ടതുണ്ട്. ഈ ആനുകൂല്യം ഈ സാമ്പത്തികവര്‍ഷവും ലഭിക്കും.
ബിസിനസില്‍ 10000 രൂപയില്‍ കൂടുതല്‍ ക്യാഷായി ചെലവാക്കിയാല്‍ അത് ബിസിനസിലുണ്ടായ ചെലവായി ആദായനികുതി വകുപ്പ് 40 എ(3) അനുസരിച്ച് കണക്കാക്കില്ല. നിലവില്‍ ഈ തുക 20,000 രൂപയാണ്. ധര്‍മ സ്ഥാപനങ്ങള്‍ക്കും മറ്റും നല്‍കുന്ന സംഭാവന 2000 രൂപയില്‍ കൂടുതല്‍ കറന്‍സിയില്‍ നല്‍കിയാല്‍ 80 ജി അനുസരിച്ച് ആനുകൂല്യം ലഭിക്കില്ല. നിലവില്‍ 10,000 രൂപയില്‍ കൂടുതല്‍ രൂപ കറന്‍സിയില്‍ നല്‍കിയാലാണ് ആനുകൂല്യം ലഭിക്കാത്തത്.
മൂന്ന് ലക്ഷം രൂപയില്‍ കൂടുതല്‍ ഉള്ള എല്ലാ ഇടപാടുകളും കാഷായി നടത്തുന്നത് നിയമവിരുദ്ധമാണ്. അവ അക്കൗണ്ട് പെയി ചെക്കായോ ഡ്രാഫ്റ്റായോ അല്ളെങ്കില്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ ബാങ്കില്‍ കൂടിയോ മാത്രമേ നടത്താവൂ. ഒരു ദിവസം തന്നെ പല ഇടപാടുകളായി മൂന്ന് ലക്ഷം രൂപയില്‍ കൂടുതല്‍ ഒരു വ്യക്തിയുമായോ സ്ഥാപനവുമായോ കറന്‍സിയില്‍ നടത്താവുന്നതല്ല.
ആദായനികുതി നിയമം 44 എബി വകുപ്പ് അനുസരിച്ച് നിര്‍ബന്ധിത ഓഡിറ്റ് ബാധകമല്ലാത്ത വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും പ്രതിമാസം വാടകയായി 50,000 രൂപയില്‍ കൂടുതല്‍ നല്‍ുകയാണെങ്കില്‍ പ്രസ്തുത തുകയില്‍നിന്ന് അഞ്ചു ശതമാനം സ്രോതസ്സില്‍ നികുതി പിടിക്കേണ്ടതുണ്ട്.
നിലവിലെ നിയമം അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനക്ക് നികുതിയില്‍ ഒഴിവുണ്ട്. അതോടൊപ്പം തന്നെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നികുതിയില്‍നിന്ന് ഒഴിവ് നല്‍കിയിട്ടുണ്ട്. നിലവില്‍ 20,000 രൂപയില്‍ കൂടുതല്‍ രൂപ കറന്‍സിയായോ ചെക്കായോ നല്‍കുന്നവരുടെ ലിസ്റ്റ് പാര്‍ട്ടി ഓഫിസില്‍ സൂക്ഷിക്കേണ്ടതാണ്. പുതിയ ബജറ്റ് അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ 2000 രൂപയില്‍ കൂടുതല്‍ പണമായി സ്വീകരിക്കാന്‍ പാടില്ല. അവര്‍ നിര്‍ദിഷ്ട തീയതിക്കകം ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുകയും ചെയ്തെങ്കില്‍ മാത്രമേ ആദായനികുതി ഇളവ് ലഭിക്കൂ. ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങുന്നവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല.
വസ്തു വില്‍പനയുടെ സമയത്ത് രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കൈവശം സൂക്ഷിച്ചിട്ടാണ് വില്‍ക്കുന്നതെങ്കില്‍ ദീര്‍ഘകാല മൂലധനനേട്ടത്തിന്‍െറ ആനുകൂല്യം ലഭിക്കും. നിലവില്‍ ഇത് മൂന്നു വര്‍ഷം ആണ്. ദീര്‍ഘകാല മൂലധനനേട്ടത്തിന് നികുതി നിരക്ക് 20 ശതമാനമാണ്. ഇന്‍ഡക്സേഷന് ശേഷമാണ് മൂലധനനേട്ടം കണക്കാക്കേണ്ടത്. നിലവില്‍ ദീര്‍ഘകാല മൂലധനനേട്ടത്തിന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തുടര്‍ന്നും ലഭിക്കും. നിലവിലെ നിയമപ്രകാരം 1981ന് മുമ്പ് വാങ്ങിയതോ ലഭിച്ചതോ ആയ വസ്തുക്കള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ദീര്‍ഘകാല മൂലധനനേട്ടം കണക്കാക്കുന്നതിന് അടിസ്ഥാനവിലയായി 1481 ലെ മതിപ്പ് വിലയായിരുന്നു കണക്കിലെടുക്കേണ്ടത്. പുതിയ ബജറ്റ് അനുസരിച്ച് 2001 ന് മുമ്പ് വാങ്ങിയതോ ലഭിച്ചതോ ആയ എല്ലാ വസ്തുക്കളുടെയും അടിസ്ഥാന വില 142001 ലെ മതിപ്പ് വിലയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് മൂലധനനേട്ടം കണക്കാക്കുമ്പോള്‍ നികുതിദായകര്‍ക്ക് ആശ്വാസം നല്‍കും.
കെട്ടിട നിര്‍മാതാക്കള്‍ വിറ്റുപോകാത്ത ഫ്ളാറ്റുകള്‍ക്കും വീടുകള്‍ക്കും ഇനി നോഷണല്‍ വാടക വരുമാനമായി കാണിക്കേണ്ടതില്ല. പണിപൂര്‍ത്തിയാക്കി കഴിഞ്ഞ് ഒരു വര്‍ഷം വരെയാണ് ഈ ആനുകൂല്യം.
മാറ്റ് ക്രെഡിറ്റ് 15 വര്‍ഷം വരെ ക്യാരി ഫോര്‍വേര്‍ഡ് ചെയ്ത് കൊണ്ടുപോകാം. നിലവില്‍ ഇത് 10 വര്‍ഷം വരെ മാത്രമാണ്. നിലവില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ ഡിവിഡന്‍റ് ലഭിക്കുന്ന എല്ലാ വ്യക്തികളും അവിഭക്ത കുടുംബങ്ങളും മാത്രം ലഭിക്കുന്ന തുകയുടെ 10 ശതമാനം നികുതി നല്‍കേണ്ടിയിരുന്നത് ഇനി മുതല്‍ ഇന്ത്യന്‍ കമ്പനി, ആദായനികുതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ധര്‍മ സ്ഥാപനങ്ങള്‍ / വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെ എല്ലാവര്‍ക്കും ബാധകമാക്കി.
നിലവില്‍ 50,000 രൂപയില്‍ കൂടുതല്‍ വരുന്ന തുക ബന്ധുക്കളില്‍ നിന്നല്ലാതെ വ്യക്തികള്‍ സമ്മാനമായി സ്വീകരിച്ചാല്‍ ആദായനികുതിനിയമം 56ാം വകുപ്പ് അനുസരിച്ച് നികുതി ഈടാക്കാവുന്നതാണ്. ഇത് പുതിയ ബജറ്റ് അനുസരിച്ച് എല്ലാവര്‍ക്കും ബാധകമാക്കി. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ക്വോട്ട് ചെയ്യാത്ത ഓഹരികള്‍ വില്‍ക്കുമ്പോള്‍ മതിപ്പ് വിലയില്‍ താഴെയാണ് വില്‍പന വിലയെങ്കില്‍ അടിസ്ഥാനവിലയായി മതിപ്പ് വിലയാണ് എടുക്കേണ്ടത്.
നിര്‍ദിഷ്ട തീയതിക്കുള്ളില്‍ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചില്ളെങ്കില്‍ ഫീസ് ഈടാക്കാന്‍ പുതിയ ബജറ്റില്‍ വ്യവസ്ഥയുണ്ട്. കിട്ടാക്കടങ്ങളുടെ പ്രൊവിഷനായി ബാങ്കുകള്‍ക്ക് നല്‍കിയിരുന്ന ഏഴര ശതമാനം കിഴിവ് പുതിയ ബജറ്റ് അനുസരിച്ച് എട്ടരശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യക്തികളായ ഇന്‍ഷുറന്‍സ് ഏജന്‍റുമാര്‍ നികുതിക്ക് വിധേയമായ വരുമാനം ഇല്ളെന്ന് ഡിക്ളറേഷന്‍ നല്‍കിയാല്‍ നിലവില്‍ പിടിക്കുന്ന അഞ്ചു ശതമാനം സ്രോതസ്സില്‍ ഉള്ള നികുതി പുതിയ ബജറ്റ് അനുസരിച്ച് ഇളവ് ചെയ്തിട്ടുണ്ട്.
ഹൗസ് പ്രോപ്പര്‍ട്ടിയില്‍നിന്ന് വരുന്ന നഷ്ടം രണ്ടു ലക്ഷം രൂപ വരെ തന്നാണ്ടില്‍ സെറ്റോഫ് ചെയ്യാം. അതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അടുത്ത എട്ടു വര്‍ഷത്തേക്ക് ക്യാരി ഫോര്‍വേര്‍ഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.