ന്യൂഡൽഹി: ആദായനികുതി ഘടനയിൽ വൻമാറ്റം വരുത്തി ധനമന്ത്രി നിർമല സീതാരാമൻ. മധ്യവർഗത്തിന് ആശ്വാസമേകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ആദായ നികുതി വൻ മാറ്റം കേന്ദ്രസർക്കാർ വരുത്തിയിരുത്തിയിരിക്കുന്നത്. 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ഇനി നികുതിയുണ്ടാവില്ല.
പുതിയ സമ്പ്രദായപ്രകാരം 12.75 ലക്ഷം രൂപ വരെ വരുമാനമുള്ള ശമ്പളവരുമാനക്കാർക്ക് നികുതി നൽകേണ്ടതില്ല. സാധാരണക്കാർക്ക് 80,000 രൂപ വരെ പുതിയ ആദായ നികുതി ഘടനയിലൂടെ ലാഭിക്കാൻ കഴിയുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. പുതിയ പരിഷ്‍കാരത്തിലൂടെ ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ മുമ്പ് 15 ശതമാനം വരെ നികുതി അടക്കേണ്ടി വന്നിരുന്നു. ഇതിലാണ് ധനമന്ത്രി നിർമല സീതാരാമൻ മാറ്റം വരുത്തിയിരിക്കുന്നത്.
ഇതിന് ആനുപാതികമായി മറ്റ് നികുതി സ്ലാബുകളിലും മാറ്റം വരുത്തുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. പുതിയ നികുതി ഘടനപ്രകാരം 25 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതിയിനത്തിൽ 1.1 ലക്ഷം രൂപ ലാഭിക്കാൻ സാധിക്കും.
ഇതിനൊപ്പം മുതിർന്ന പൗരൻമാരുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കേന്ദ്രസർക്കാർ ഉയർത്തിയിട്ടുണ്ട്. 50,000 രൂപയുണ്ടായിരുന്ന സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഒരു ലക്ഷമാക്കിയാണ് ഉയർത്തിയത്. വാടകയിനത്തിലെ ടി.ഡി.എസിന്റെ വാർഷിക പരിധി 2.4 ലക്ഷത്തിൽ നിന്നും ആറ് ലക്ഷമാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ മധ്യവർഗം വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെയാണ് നികുതിയിലൂടെ അവർക്ക് ആശ്വാസം നൽകാനുള്ള കേന്ദ്രസർക്കാർ ശ്രമം. ബജറ്റിന് മുമ്പ് തന്നെ ആദായ നികുതിയിൽ കേന്ദ്രസർക്കാർ മാറ്റങ്ങൾ വരുത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇത്രത്തോളം ഇളവ് ധനമന്ത്രി പ്രഖ്യാപിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.