സിവില്‍ സര്‍വീസില്‍ റാങ്ക് കിട്ടിയ വിവരമറിഞ്ഞ് തൃപ്പൂണിത്തുറ എരൂരിലെ വീട്ടില്‍ അച്യുത് അശോകിന് ഭാര്യ നയന മധുരം നല്‍കുന്നു

ജോലിക്കിടയിലും സിവില്‍ സര്‍വീസില്‍ റാങ്ക് നേടി അച്യുത് അശോക്

തൃപ്പൂണിത്തുറ: ജോലിയും കുടുംബവും പഠനത്തിന് ഒരു തടസമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സിവില്‍ സര്‍വിസ് പരീക്ഷയില്‍ 190 ാം റാങ്ക് നേടിയ തൃപ്പൂണിത്തുറ എരൂര്‍ ആശാപൂര്‍ണയില്‍ അച്യൂത് അശോക്. രണ്ട് വര്‍ഷം മുമ്പാണ് ജോലി ഭാഗികമാക്കി പഠനത്തില്‍ പൂര്‍ണമായും ശ്രദ്ധ ചെലുത്തിയത്.

തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നും ബി.ടെക് പഠനം പൂര്‍ത്തിയാക്കിയ അച്യൂത് തെലുങ്കാന എന്‍.ഐ.ടിയില്‍ നിന്നും എം.ടെക്കും കരസ്ഥമാക്കി. ഇതിനു ശേഷമാണ് ബാംഗ്ലൂരില്‍ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി സേവനമനുഷ്ഠിക്കുന്നത്. ഈ കാലയളവിലും സിവില്‍ സര്‍വിസ് എന്ന സ്വപ്‌നത്തിനു പുറകേയുള്ള ഓട്ടം അച്യുത് തുടരുന്നുണ്ടായിരുന്നു.

ജോലിയോടൊപ്പം തന്നെ പഠനവും കൊണ്ടുനടന്നു. എന്നാല്‍ സിവില്‍ സര്‍വീസ് നേടിയേ പറ്റൂ എന്ന സ്വപ്‌നം ശക്തമായതോടെ പൂര്‍ണമായും പഠനത്തില്‍ മുഴുകി. പരിശീലനകേന്ദ്രങ്ങളെ ആശ്രയിക്കുന്നതിനേക്കാളുപരി തനിച്ചുള്ള പഠനമാണ് അച്യൂത് അശോകിനെ തന്റെ മോഹം പൂവണിയുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചത്. ഓപ്ഷണല്‍ വിഷയങ്ങള്‍ക്കും മോക് ടെസ്റ്റുകള്‍ക്കുമായി പരിശീലനകേന്ദ്രങ്ങളെ ആശ്രയിച്ചു.

പ്രതീക്ഷകളേക്കാള്‍ കൂടുതല്‍ പരിശ്രമമാണ് ലക്ഷ്യസാധൂകരണത്തിന് വഴിതെളിയിക്കുക എന്ന ചിന്തയ്ക്ക് താങ്ങും തണലുമായി സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഭാര്യ നയനയും അച്യുതിന് ഉറച്ച പിന്തുണ നല്‍കി. എന്‍ജിനീയറായ അച്ചന്‍ അശോക് കുമാറും റിട്ട.ലെക്ചററായ അമ്മ രഞ്ജിനിയും മകന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന് കരുത്തേകി.

റാങ്ക് നേടിയ വിവരമറിഞ്ഞ് അച്യൂത് അശോകിന്റെ വീട്ടിലേക്ക് നേരിട്ടെത്തിയും ഫോണിലൂടെയും അഭിനന്ദനമറിയിക്കാന്‍ നിരവധിപ്പേരാണ് എത്തിച്ചേരുന്നത്.

Tags:    
News Summary - Achyuth Ashok achieved rank in civil service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.