laila 87687687

എളിയ സാഹചര്യങ്ങളിൽ നിന്ന് ലൈല കൈയെത്തിപ്പിടിച്ച അംഗീകാരം

തൃക്കരിപ്പൂർ: കാസർകോട് ജില്ലയിലെ മികച്ച ഊർജിത ശിശുവികസന പദ്ധതി സൂപ്പർവൈസർക്കുള്ള അവാർഡ് തൃക്കരിപ്പൂർ മൈതാനി സ്വദേശി എം. ലൈലക്ക് (40) ലഭിച്ചത് അർഹതക്കുള്ള അംഗീകാരമായി. എളിയ ജീവിത സാഹചര്യങ്ങളിൽ നിന്ന് കഠിനാധ്വാനത്തിലൂടെയാണ് ലൈല നേട്ടം കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് വനിത ശിശുവികസന വകുപ്പ് അംഗീകാരം നൽകിയത്.

പിലിക്കോട് പഞ്ചായത്തിൽ ഐ.സി.ഡി.എസ് സൂപ്പർവൈസറായി 2021 ജൂലൈയിലാണ് സർവിസിൽ പ്രവേശിച്ചത്. വൈകാതെ തൃക്കരിപ്പൂർ പഞ്ചായത്തിൻ്റെ അധിക ചുമതല കൂടി ലഭിച്ചതോടെ 66 അംഗനവാടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. വകുപ്പ് നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങൾക്ക് പുറമേ പഞ്ചായത്ത് പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്ഥ എന്ന നിലയിലും തിളങ്ങി.

ജില്ലയിലെ ആദ്യത്തെ വനിത ജിംനേഷ്യം പിലിക്കോട് പഞ്ചായത്തിൽ നടപ്പാക്കി. കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതിക്ക് വൻ സ്വീകാര്യത ലഭിച്ചു. ഗർഭിണികൾ, കുഞ്ഞുങ്ങൾ എന്നിവരുടെ പോഷണം, ഭിന്നശേഷി കുട്ടികൾക്കുള്ള ഉപകരണ വിതരണം, അംഗൻവാടികൾക്കുള്ള കളിക്കോപ്പുകൾ, പോഷകവിതരണം എന്നിവയും ഏറ്റെടുത്ത് പരാതിക്കിടയില്ലാതെ നടപ്പാക്കിയതായി ശിശുവികസന പ്രോജക്റ്റ് ഓഫിസർ ഇ.കെ. ബിജി സാക്ഷ്യപ്പെടുത്തുന്നു.

ഇതിന് പുറമെ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളും വിജയകരമായി നടപ്പാക്കി. ബിരുദാനന്തര ബിരുദത്തിന് എം.എസ്.ഡബ്ല്യു തെരഞ്ഞെടുത്ത ലൈല സ്കൂൾ കൗൺസിലർ എന്നനിലയിൽ പത്തുവർഷത്തോളം സേവനം ചെയ്തിട്ടുണ്ട്. ജില്ലയിൽ ഒ.ആർ.സി, സി.എ.പി, അസാപ് പദ്ധതികളുടെ ഭാഗമായിരുന്നു ഇത്. നീലേശ്വരം അഡീഷനൽ ഐ.സി.ഡി.എസ് സൂപ്പർവൈസറായ ലൈല ഇപ്പോൾ പിലിക്കോട് പഞ്ചായത്തിലാണ് ജോലിചെയ്തുവരുന്നത്. മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിത ദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും. ഇളംബച്ചി മൈതാനിയിലെ സി.സി. അബൂബക്കർ - എം. കുഞ്ഞാമി ദമ്പതികളുടെ മകളാണ്. 

Tags:    
News Summary - award for the best intensive child development project supervisor in Kasaragod district went to M Laila

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.