സിവിൽ സർവീസ് പരീക്ഷ വിജയിക്കുക എന്നത് ഇനി കൂടുതൽ കഠിനമാകും. തട്ടിപ്പ് കണ്ടുപിടിക്കാൻ അപേക്ഷ രീതിയിൽ തന്നെ വലിയ മാറ്റമാണ് ഇക്കുറി യു.പി.എസ്.സി വരുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, സംവരണ യോഗ്യത, ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവയെല്ലാം ഇത്തവണ പ്രിലിമിനറി അപേക്ഷക്കൊപ്പം സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷയോടൊപ്പം ആവശ്യമായ വിവരങ്ങൾ/ രേഖകൾ നൽകുന്നതിൽ പരാജയപ്പെട്ടാൽ അപേക്ഷ റദ്ദാക്കുമെന്ന് കമീഷൻ വ്യക്തമാക്കി.
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ സ്വപ്നമാണ് സിവിൽ സർവീസ് നേടുക എന്നത്. വിശാലമായ സിലബസ് കവർ ചെയ്ത് ആദ്യശ്രമത്തിൽ സിവിൽ സർവീസ് നേടിയെടുക്കാൻ അത്യധികം പരിശ്രമം ആവശ്യമാണ്. പരാജയങ്ങളുടെ കയ്പുനീർ കുടിക്കുമെങ്കിലും വാശിയോടെ പഠിച്ച് ചിലർ സിവിൽ സർവീസ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു. വളരെ ചുരുക്കം ആളുകൾ പാതിവഴിയിൽ സ്വപ്നം ഉപേക്ഷിക്കുന്നു. ഈ പരീക്ഷയിൽ ഉന്നത വിജയം നേടുന്നവരെ ജീവിതകഥകൾ പരീക്ഷാർഥികൾക്ക് പ്രചോദനം നൽകുന്നതാണ്. അങ്ങനെയൊരാളെ കുറിച്ചാണ് പറയാൻ പോകുന്നത്. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ നിന്നുള്ള ശ്വേത അഗർവാളിനെ കുറിച്ച്. പരീക്ഷ എഴുതിയപ്പോഴെല്ലാം വിജയം ശ്വേതയുടെ കൂടെ നിന്നു. എന്നാൽ മൂന്നാമത്തെ ശ്രമത്തിലാണ് സ്വപ്നം കണ്ട ഐ.എ.എസ് ശ്വേതക്ക് ലഭിക്കുന്നത്.
വളരെ ദരിദ്രപരമായ ചുറ്റുപാടിൽ നിന്നാണ് ശ്വേത സിവിൽ സർവീസ് വരെ എത്തിയത്. പലചരക്കു കച്ചവടമായിരുന്നു ശ്വേതയുടെ അച്ഛന്. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ അച്ഛൻ രാവും പകലും കഷ്ടപ്പെട്ടു. ആൺകുട്ടിയെ പ്രതീക്ഷിച്ച കുടുംബത്തിലേക്കാണ് ശ്വേത എത്തുന്നത്. അവളുടെ ജൻമത്തിൽ മാതാപിതാക്കൾക്ക് ഒട്ടും സന്തോഷം തോന്നിയില്ല എന്നത് പറയേണ്ടതില്ലല്ലോ. ആൺകുട്ടിയാണെങ്കിൽ തന്നെ സഹായിക്കുമായിരുന്നുവെന്ന് പിതാവ് എപ്പോഴും പറയുമായിരുന്നു. എന്നാൽ നന്നായി പഠിച്ച് കുടുംബത്തിന്റെ പരമ്പരാഗത ധാരണകളെല്ലാം ശ്വേത മാറ്റിയെടുത്തു. അവരുടെ കുടുംബത്തിൽ ബിരുദം നേടിയ ആദ്യ വ്യക്തിയും ശ്വേതയായിരുന്നു.
ജോസഫ്സ് കോൺവന്റ് ബന്ദേൽ സ്കൂളിലാണ് ശ്വേത ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കൊൽക്കത്തയിലെ സെന്റ് സേവിയേഴ്സ് കോളജിൽ നിന്ന് ബിരുദവും നേടി. ഇക്കണോമിക്സ് ആയിരുന്നു ബിരുദത്തിന് പഠിച്ചത്. ബിരുദപഠനത്തിന് ശേഷം യു.പി.എസ്.സി പരീക്ഷക്കായി പരിശ്രമം തുടങ്ങി.
2013ലാണ് ആദ്യമായി യു.പി.എസ്.സി പരീക്ഷയെഴുതിയത്. അന്ന് 497 ആയിരുന്നു റാങ്ക്. ഇന്ത്യൻ റവന്യൂ സർവീസിൽ ജോലി ലഭിച്ചുവെങ്കിലും ഐ.എ.എസ് എന്ന പദവി മോഹിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങനെ വീണ്ടും പരീക്ഷയെഴുതാൻ തീരുമാനിച്ചു. രണ്ടാം ശ്രമത്തിൽ റാങ്ക് കുറച്ച് മെച്ചപ്പെടുത്താൻ സാധിച്ചു. എന്നാൽ ഐ.എ.എസ് ലഭിച്ചില്ല. 141 ആയിരുന്നു അന്നത്തെ റാങ്ക്.
ശ്വേത പ്രതീക്ഷ കൈവിട്ടില്ല. വീണ്ടും യു.പി.എസ്.സി പരീക്ഷയെഴുതി. അങ്ങനെ 2016ൽ 16ാം റാങ്കോടെ തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.