മലപ്പുറം: കുട്ടികള്‍ക്കായുള്ള രാജ്യത്തെ പ്രധാന പുരസ്കാരമായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്കാരം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ശ്രീലക്ഷ്മി നിലയത്തിലെ ദേവീപ്രസാദിന്. കേരളത്തില്‍ ദേവീപ്രസാദ് മാത്രമാണ് ഇത്തവണ രാഷ്ട്രീയ ബാല്‍ പുരസ്കാരത്തിന് അര്‍ഹനായത്. ആര്‍ട്ട് ആൻഡ് കള്‍ച്ചറല്‍ വിഭാഗത്തില്‍ മികച്ച മൃദംഗവാദ്യകലാകാരനെന്ന അംഗീകാരത്തോടെയാണ് പുരസ്കാര ലബ്ധി.
പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. ജില്ല കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ ദേവീപ്രസാദിന് പുരസ്കാരം സമ്മാനിച്ച് അഭിനന്ദിച്ചു
. കേന്ദ്ര സര്‍ക്കാറിന്റെ പി.സി.സി.ആര്.ടി സ്കോളര്‍ഷിപ്പോടെ മൃദംഗവാദ്യപഠനം തുടരുന്ന ദേവീപ്രസാദ് മൃദംഗവാദ്യകലാകാരനും തിരുമാന്ധാംകുന്ന് ദേവസ്വം ക്ലാര്‍ക്കുമായ ദീപേഷിന്റെയും പൂപ്പലം അല്‍ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധ്യാപികയായ പ്രസീതയുടെയും മകനാണ്.
പുത്തനങ്ങാടി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പ്രശസ്ത മൃദംഗവിദ്വാന്മാരില് ഒരാളായ മൃദംഗകലാശിരോമണി തിരുവനന്തപുരം വി. സുരേന്ദ്രനാണ് ഗുരു.
പ്രസിദ്ധ സംഗീത സദസ്സുകളായ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം, കോഴിക്കോട് ത്യാഗരാജസംഗീത സദസ്സ്, തിരുവനന്തപുരം ഉദിയന്നൂര്‍ ആടിച്ചൊവ്വാ സംഗീത സദസ്സ്, അങ്ങാടിപ്പുറം ഞരളത്ത് സംഗീതോത്സവം, കണ്ണൂര്‍ മൃദംഗശൈലേശ്വരി സംഗീത സദസ്സ് തുടങ്ങി നിരവധി സംഗീതസദസ്സുകളിലും ദേവീപ്രസാദ് പങ്കെടുത്തിട്ടുണ്ട്. 2018ല്‍ ആലുവ ടാസ്സ് സംഗീത സഭ നടത്തിയ അഖിലകേരള മൃദംഗവാദന മത്സരത്തില്‍ ഒന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.