മുംബൈ: പ്ലേസ്മെന്റിൽ പുതിയ റെക്കോർഡുമായി ബോംബെ ഐ.ഐ.ടി. 3.7 കോടിയുടെ വാർഷിക ശമ്പള പാക്കേജാണ് ബോംബെ ഐ.ഐ.ടിയിലെ വിദ്യാർഥിക്ക് ലഭിച്ചത്. കഴിഞ്ഞ വർഷം 2.1 കോടിയായിരുന്നു ഏറ്റവും ഉയർന്ന അന്താരാഷ്ട്ര പ്ലേസ്മെന്റ് പാക്കേജ്. ഇന്ത്യൻ കമ്പനികളിൽ നിന്നുള്ള ജോലി ഓഫറിൽ വർഷം തോറും ആനുപാതിക വർധന ഉണ്ടാകാറുണ്ട്.
ബോംബെ ഐ.ഐ.ടിയിലെ ആറു വിദ്യാർഥികൾക്ക് ഒരു കോടിയിലേറെ വാർഷിക ശമ്പളത്തിൽ ജോലി ലഭിച്ചു. 300 പ്രീ-പ്ലേസ്മെന്റ് ഓഫറുകളിൽ 194ഉം സ്വീകരിക്കപ്പെട്ടിട്ടുണ്ട്. 1.7 കോടി രൂപ പാക്കേജിൽ ഇന്ത്യൻ കമ്പനിയിൽ നിന്ന് ഒരു വിദ്യാർഥിക്ക് ഓഫർ ലഭിച്ചതായും അധികൃതർ പറഞ്ഞു. അതേസമയം, ഓഫർ ലഭിച്ച വിദ്യാർഥികളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഇത്തവണ യു.എസ്, ജപ്പാൻ, യു.കെ, നെതർലൻഡ്സ്, ഹോങ്കോങ്, തായ്‍വാൻ കമ്പനികളിൽ നിന്നായി 65 ഓഫറുകൾ ലഭിച്ചു. ട്രേഡിങ്, ഫിനാൻസ്, ഫൈൻടെക് കമ്പനികളാണ് പ്രധാനമായും ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. 32 ഫിനാൻഷ്യൽ കമ്പനികളിലായി ഈ വർഷം 76 ഒഴിവുകളുണ്ട്. പ്രോഡക്റ്റ് മാനേജ്മെന്റ്, മൊബിലിറ്റി, ഡാറ്റ സയൻസ്, അനാലിസിസ്, എജ്യൂക്കേഷൻ സെക്ടറുകളിലേക്ക് ആളുകളെ ആവശ്യമുണ്ട്. ഐ.ഐ.ടി ബോംബയിലെ ബി.ടെ.ക്, ഡുവൽ ഡിഗ്രി, എം.ടെക് പ്രോഗ്രാമുകളിലെ 90 ശതമാനത്തോളം വിദ്യാർഥികൾ ജോലി നേടി.
2022 ജൂലൈ മുതൽ 2023 ജൂൺ വരെയുള്ള കാമ്പസ് പ്ലേസ്‌മെന്റ് കാലയളവിൽ 2,174 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു. അവരിൽ 1,845 പേർ പ്ലേസ്‌മെന്റുകളിൽ സജീവമായി പങ്കെടുത്തു. ഇത് ഇന്നുവരെയുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.