ജേജമും കാതറിൻ മരിയയും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ

മണിപ്പൂരിൽനിന്ന് കനൽവഴികൾ കടന്നെത്തിയ ജേ ജം ഓടി, സമ്മാനത്തിനായി...

തിരുവനന്തപുരം: മണിപ്പൂർ കലാപത്തിന്‍റെ കനൽവഴികൾ ഓടിക്കടന്നെത്തിയ മണിപ്പൂരിന്റെ ജേ ജം കേരളമണ്ണിലും ‘ഓട്ടം’ തുടരുകയാണ്. ഇത്തവണ പ്രാണഭയംകൊണ്ടുള്ള ഓട്ടമല്ല, സമ്മാനത്തിനായി സിന്തറ്റിക്ക് ട്രാക്കിലെ കുതിച്ചോട്ടം. ജില്ല അത്‌ലറ്റിക് മീറ്റിൽ 10 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ നൂറുമീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനത്താടെയാണ് (17.5 സെക്കൻഡ്) ഈ എട്ടുവയസ്സുകാരി കേരളത്തിന്റെ കരുതലിൽ ഓടിയെത്തിയത്.

കൊഹിനെജം വായ്പേയ് എന്ന ജേ ജം മണിപ്പൂരിലെ കുക്കി വിഭാഗത്തിലെ കുട്ടിയാണ്. കേരളത്തിൽ ജോലിയുള്ള ബന്ധുക്കളുടെ തണലിലേക്കെത്തിയത് ഇക്കഴിഞ്ഞ ജൂലൈയിലാണ്.

വിവരമറിഞ്ഞ സംസ്ഥാന സർക്കാർ കുട്ടിയുടെ വിദ്യാഭ്യാസസൗകര്യം മുഴുവൻ വാഗ്ദാനം ചെയ്തു. അങ്ങനെയാണ് ജേ ജം തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എൽ.പി.എസിൽ മൂന്നാം ക്ലാസിൽ പ്രവേശിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കുഞ്ഞിനെ സ്വീകരിക്കാൻ നേരിട്ട് എത്തിയിരുന്നു. സഹപാഠികൾക്ക് പറയാൻ എളുപ്പത്തിനാണ് ജേ ജം എന്ന ചെല്ലപ്പേര് നൽകിയത്.

ജേജം കായികാധ്യാപിക റമീലക്കും സഹപാഠികൾക്കുമൊപ്പം

പ്രഥമാധ്യാപകൻ ഷാജിയുടെ നേതൃത്വത്തിൽ നിരവധി പ്രത്യേക പരിപാടികൾ സ്‌കൂളിൽ നടക്കാറുണ്ട്. അതിലെല്ലാം ജേ ജമിനെ പ്രത്യേക ശ്രദ്ധ നൽകി പങ്കെടുപ്പിക്കാറുണ്ട്. കായികാധ്യാപിക റമീല അടുത്തകാലത്താണ് ചുമതലയേറ്റത്. കുറഞ്ഞ സമയമാണ് പരിശീലിപ്പിക്കാൻ കിട്ടിയതെങ്കിലും മികച്ച ഫലം കിട്ടിയതിൽ അവർ സന്തോഷം മറച്ചുവെച്ചില്ല.

ശനിയാഴ്ച ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജേ ജമിന്‍റെ ചങ്ങാതിയും മുതിർന്ന സഹപാഠിയുമായ കാതറിൻ മരിയക്കാണ് ഒന്നാം സ്ഥാനം (16.9 സെക്കൻഡ്). കാതറിനൊപ്പം ജേ ജം 4x 50 റിലേയിലും പങ്കെടുത്ത് മൂന്നാം സ്ഥാനം നേടി. കാതറിന് 50 മീറ്റർ ഓട്ടത്തിലും ഒന്നാം സ്ഥാനമുണ്ട്. റമീലക്കും വിജയികളായ കാതറിൻ, ജേ ജം, അർജുൻ വിജയ്, അശ്വിൻ ഡേവിഡ്, ബദ്രിനാഥ്, നിരഞ്ജൻ, കീർത്തന, മോണിക്ക എന്നിവർക്കും സ്വീകരണമൊരുക്കാനുള്ള തയാറെടുപ്പിലാണ് സ്കൂൾ പി.ടി.എ.

Tags:    
News Summary - Manipur girl wins 2nd place in 100 meters race in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.