ഉത്തരധ്രുവത്തിനു മുകളിലൂടെ 16000 കിലോമീറ്റർ വിമാനം പറത്തി യു.എസ് വ്യോമയാന മ്യൂസിയത്തിൽ ഇടം നേടി സോയ അഗർവാൾ

ന്യൂഡൽഹി: 16000 കിലോമീറ്റർ ദൂരം പിന്നിട്ട് ഉത്തരധ്രുവത്തിന് മുകളിലൂടെ(ഹിന്ദുകുഷ് മലനിരകളിലൂടെ) വിമാനം പറത്തിയ മിടുക്കിയുണ്ട് ഇന്ത്യയിൽ. ബോയിങ് 777 വിമാനത്തിന്റെ എയർ ഇന്ത്യ പൈലറ്റായ അവരുടെ പേര് സോയ അഗർവാൾ എന്നാണ്. ബോയിങ് 777 വിമാനത്തിൽ സാൻ ഫ്രാൻസിസ്‌കോയിൽനിന്ന് തുടങ്ങി ബെംഗലൂരുവിൽ അവസാനിച്ച യാത്രയ്ക്ക് എയർ ഇന്ത്യ ക്യാപ്റ്റൻ സോയ അഗർവാളാണ് നേതൃത്വം നൽകിയത്. വനിത പൈലറ്റുമാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന റൂട്ട് യാത്രയായിരുന്നു അത്. ഈ ​നേട്ടത്തിന് വലിയ ഒരു അംഗീകാരം തേടിയെത്തിയിരിക്കയാണ് സോയയെ. അതായത് യു.എസ് വ്യോമയാന മ്യൂസിയത്തിൽ (എസ്.എഫ്.ഒ ഏവിയേഷൻ മ്യൂസിയം) ഇടം നേടുന്ന ആദ്യ ഇന്ത്യൻ വനിത പൈലറ്റായി കാപ്റ്റൻ സോയ അഗർവാൾ.

ഉത്തരധ്രുവത്തിനു മുകളിലൂടെ16000 കിലോമീറ്റർ ദൂരം വിമാനം പറത്തിയതിനുള്ള അംഗീകാരമായാണ് യു.എസ് ആസ്ഥാനമായുള്ള ഏവിയേഷൻ മ്യൂസിയത്തിൽ സോയക്ക് ഇടം നൽകിയത്.

ഈ മൂസിയത്തിലെ ഏക മനുഷ്യൻ താനാണെന്നാണ് സോയ അഗർവാൾ തമാശയായി പറയുന്നത്. തന്റെ നേട്ടം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്കും യുവാക്കൾക്കും അവരുടെ സ്വപ്നങ്ങൾ നേടാൻ പ്രചോദനമാകുമെന്നും അവർ വിലയിരുത്തുന്നു.

''ഞങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യത്തെ വനിതാ ഇന്ത്യൻ പൈലറ്റാണ് സോയ. എയർ ഇന്ത്യയിലെ അവരുടെ ശ്രദ്ധേയമായ കരിയറും 2021 ലെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന റൂട്ട് യാത്രയും എല്ലാവർക്കും പ്രചോദനം നൽകുന്ന ഒന്നാണ്. മറ്റ് പെൺകുട്ടികളെയും സ്ത്രീകളെയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിനുള്ള സോയയുടെ പ്രതിബദ്ധത ആഴത്തിൽ പ്രചോദിപ്പിക്കുന്നതാണ്​''-എന്നാണ് സാൻ ഫ്രാൻസിസ്കോ ഏവിയേഷൻ മ്യൂസിയത്തിലെ ഒരു ഉദ്യോഗസ്ഥൻ ഇതെ കുറിച്ച് അഭിപ്രായപ്പെട്ടത്.

2004 മേയ് മുതൽ സോയ എയർഇന്ത്യയിലുണ്ട്. 2013ൽ എയർഇന്ത്യയുടെ ബോയിങ് 777 വിമാനം പറത്തിയും സോയ ചരിത്രം കുറിച്ചിരുന്നു. അന്ന് ബോയിങ് 777 വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായിരുന്നു അവർ. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്നാണ് ഈ മിടുക്കി ബി.എസ്.സി നേടിയത്. പൈലറ്റാവുകയായിരുന്നു സ്വപ്നം. സമൂഹം എതിർത്താലും നിങ്ങളുടെ സ്വപ്‌നങ്ങൾ ഉപേക്ഷിക്കരുതെന്നാണ് പെൺകുട്ടികളോട് സോയക്ക് പറയാനുള്ളത്. വെറുമൊരു പൈലറ്റ് ആകുക മാത്രമല്ല, മറ്റ് സ്ത്രീകൾക്ക് പ്രചോദനം നൽകലും തന്റെ ലക്ഷ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

എസ്.എഫ്.ഒ ഏവിയേഷൻ മ്യൂസിയം

1980ൽ സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മ്യൂസിയം ആദ്യമായി തുറന്നത്. എയർപോർട്ട് അന്തരീക്ഷം മാനുഷികമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വൈവിധ്യമാർന്ന പദ്ധതികളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ രസിപ്പിക്കുക, ഇടപഴകുക, പ്രചോദിപ്പിക്കുക എന്നിവയാണ് എസ്.എഫ്.ഒ മ്യൂസിയത്തിന്റെ ലക്ഷ്യം. എന്നാൽ ഈ മ്യൂസിയത്തിൽ ഒരു മനുഷ്യനെ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്.



Tags:    
News Summary - Meet Captain Zoya Agarwal, first Indian to get a place at SFO Aviation Museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.