നമ്മുടെ പ്ലാനനുസരിച്ചുള്ള കാര്യങ്ങളായിരിക്കില്ല ഒരിക്കലും സംഭവിക്കുന്നത്. ആകസ്മികമായി സംഭവിക്കുന്ന പല കാര്യങ്ങളും നമുക്ക് തടുത്ത്നിർത്താനും പറ്റില്ല. അതിനെ കൂട്ടിപ്പിടിച്ച് മുന്നോട്ടു നടക്കുകയേ നിർവാഹമുള്ളൂ. റിഷിത ഗുപ്ത ഐ.എ.എസ് അങ്ങനെയുള്ള കൂട്ടത്തിലാണ്. ജീവിതത്തിലെ പ്രതിസന്ധികളെ ചേർത്തുപിടിച്ച് നടന്ന് വിജയം കൊയ്ത പെൺകുട്ടി.
ഡോക്ടറാകാനായിരുന്നു റിഷിത ഗുപ്ത ആഗ്രഹിച്ചത്. എന്നാൽ മറ്റൊരു വേഷമാണ് കാലം കാത്തുവെച്ചത്.റിഷിതയുടെ എല്ലാ ആഗ്രഹങ്ങൾക്കും കൂട്ടുനിൽക്കുമായിരുന്നു കുടുംബം. ഉയർന്ന മാർക്കോടെയാണ് എല്ലാ പരീക്ഷകളും പാസായത്. മെഡിസിനാണ് സ്വപ്നം എന്നതിനാൽ പ്ലസ്ടുവിന് സയൻസാണ് തെരഞ്ഞെടുത്തത്. 12ാം ക്ലാസ് ബോർഡ് പരീക്ഷക്ക് തയാറെടുക്കുമ്പോഴാണ് ആദ്യദുരന്തം സംഭവിച്ചത്. രോഗബാധിതനായിരുന്ന പിതാവ് മരണപ്പെട്ടു. ലോകംകീഴ്മേൽ മറഞ്ഞപോലെയാണ് റിഷിതക്ക് തോന്നിയത്. അച്ഛന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ അവൾക്ക് 12ാം ക്ലാസ് പരീക്ഷ നന്നായി എഴുതാൻ സാധിച്ചില്ല. നല്ല മാർക്ക് കിട്ടാത്തതിനാൽ കുട്ടിക്കാലം മുതൽക്കേ മനസിൽ കൊണ്ടു നടന്ന ഡോക്ടർ എന്ന സ്വപ്നം റിഷികക്ക് ഉപക്ഷേിക്കേണ്ടി വന്നു.
അതിൽ പിന്നെ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ പഠിക്കാൻ റിഷിത തീരുമാനിച്ചു. പഠനത്തിനൊപ്പം രാജ്യത്തെ ഏറ്റവും വിഷമം പിടിച്ച പരീക്ഷയായ യു.പി.എസ്.സിക്കു വേണ്ടി തയാറെടുപ്പും തുടങ്ങി. വെറുമൊരു തയാറെടുപ്പായിരുന്നില്ല അത്, ചിട്ടയായ പരിശീലനമായിരുന്നു. എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളും, ഓൺലൈൻ വഴിയുള്ള പഠനസാമഗ്രികളും ശ്രദ്ധാപൂർവം വായിച്ചു. കോച്ചിങ് ക്ലാസുകളും പങ്കെടുത്തു. എണ്ണമില്ലാത്ത മോക്ടെസ്റ്റുകളും ചെയ്ത് പരിശീലിച്ചു. എല്ലാ കാര്യങ്ങളും ചെറുകുറിപ്പുകളായി എഴുതി സൂക്ഷിക്കുന്ന ശീലമുണ്ട് റിഷിതക്ക്. പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കുന്നതിന് ഈ കുറിപ്പുകൾ നന്നായി സഹായിച്ചു. ഒടുവിൽ തന്റെ ആദ്യശ്രമത്തിൽ 2018ൽ യു.പി.എസ്.സി പരീക്ഷയിൽ 18ാം റാങ്കുമായി ഐ.എ.എസ് സ്വന്തമാക്കി ഈ മിടുക്കി. എഴുത്തുപരീക്ഷയിൽ റിഷിതക്ക് 879 മാർക്കാണ് ലഭിച്ചത്. അഭിമുഖത്തിന് 180ഉം. നിരവധി പേർക്ക് പ്രചോദനം നൽകുന്നതാണ് റിഷിതയുടെ ജീവിതം.
സഹിഷ്ണുതയുടെ പാഠം കൂടിയാണ് റിഷിതയുടെത്. യു.പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്നവർക്ക് റിഷിതയുടെ ചെറിയ ഉപദേശവുമുണ്ട്. പഠനകാര്യത്തിൽ നല്ല അച്ചടക്കം വേണം. പത്രങ്ങളും ആനുകാലികളും നന്നായി വായിച്ചു മനസിലാക്കണം.ഒരറിവും ചെറുതല്ല...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.