ഫുള്‍ബ്രൈറ്റ്–നെഹ്റു ഫെലോഷിപ്പില്‍  മാറ്റംവരുത്തില്ളെന്ന് യു.എസ്

ഫെലോഷിപ്പ് ഇന്ത്യ-അമേരിക്ക ബന്ധങ്ങളുടെ ശക്തമായ പ്രതിഫലനം
ന്യൂഡല്‍ഹി: ഫുള്‍ബ്രൈറ്റ്-നെഹ്റു ഫെലോഷിപ്പിന്‍െറ പേരില്‍ മാറ്റംവരുത്താന്‍ ആഗ്രഹിക്കുന്നില്ളെന്ന് യു.എസ്-ഇന്ത്യ എജുക്കേഷനല്‍ ഫൗണ്ടേഷന്‍ (യു.എസ്.ഐ.ഇ.എഫ്) എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആദം ജെ. ഗ്രോട്സ്കി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 
വാഷിങ്ടണ്‍ ഫുള്‍ബ്രൈറ്റ് പദ്ധതിക്ക് കീഴില്‍ നിലവിലെ ഫെലോഷിപ്പിന്‍െറ പേരില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയേക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2008ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ദേശീയ കരാര്‍ പ്രകാരമാണ് ഫെലോഷിപ്പിന് പേരിട്ടിരിക്കുന്നത്. അതില്‍ എന്തെങ്കിലും മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നില്ല. മറ്റെന്തെങ്കിലും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് ഫുള്‍ബ്രൈറ്റ്-നെഹ്റു ഫെലോഷിപ്പിന് കീഴില്‍ വരില്ല. 
കാരണം അത്തരം പദ്ധതികള്‍ക്ക് മറ്റ് ഏജന്‍സികളില്‍നിന്നോ മറ്റോ ആണ് ഫണ്ട് സ്വീകരിക്കുന്നത്. അതില്‍ പങ്കാളികളാകുന്നവരും വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ പദ്ധതിയുടെ പേരിലും മാറ്റംവന്നേക്കാം. എന്നാല്‍, ഫുള്‍ബ്രൈറ്റ്-നെഹ്റു ഫെലോഷിപ് ഇന്ത്യ-അമേരിക്ക ബന്ധങ്ങളുടെ ശക്തമായ പ്രതിഫലനമാണ്. അതില്‍ മാറ്റംവരുത്താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ളെന്നും ഗ്രോട്സ്കി പറഞ്ഞു. 
വിദ്യാഭ്യാസ ഫെലോഷിപ്പുമായി ബന്ധപ്പെട്ട് 1950ല്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവാണ് യു.എസ് അംബാസഡറുമായി സന്ധിയിലേര്‍പ്പെട്ടത്. അന്നു മുതല്‍ ഇരു രാജ്യങ്ങളിലെയും 17,000 വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെയും അമേരിക്കയിലെയും യൂനിവേഴ്സിറ്റികളില്‍ പഠനം നടത്താന്‍ എന്‍.ജി.ഒ ഫെലോഷിപ് നല്‍കിവരുന്നുണ്ട്. യു.എസ് സെനറ്ററായ ജെയിംസ് വില്യംസ് ഫുള്‍ബ്രൈറ്റാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.