തിരുവനന്തപുരം: സംസ്ഥാനത്തെ 39 ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളുകളിൽ 2025-26 വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പൊതു വിദ്യാഭ്യാസത്തോടൊപ്പം സാങ്കേതികപരിശീലനവും സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാണിത്. 8, 9, 10 ക്ലാസ് പഠനം പൂർത്തിയാക്കി പരീക്ഷകൾ പാസാകുന്നവർക്ക് എസ്.എസ്.എൽ.സിക്ക് തത്തുല്യമായ ടെക്നിക്കൽ ഹൈസ്കൂൾ സർട്ടിഫിക്കറ്റ് (ടി.എച്ച്.എസ്.എൽ.സി) ലഭിക്കും. ഇവർക്ക് പോളിടെക്നിക് പ്രവേശനത്തിന് 10 ശതമാനം സീറ്റ് പ്രത്യേകം സംവരണം ചെയ്തിട്ടുണ്ട്.
എട്ട് മുതൽ 10 വരെ ക്ലാസുകളിൽ ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സോഷ്യൽ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി വിഷയങ്ങൾക്കൊപ്പം എൻജിനീയറിങ് വിഷയങ്ങളും പഠിപ്പിക്കും. 9, 10 ക്ലാസുകളിൽ തെരഞ്ഞെടുക്കുന്ന പ്രത്യേക ട്രേഡുകളിൽ പരിശീലനം നൽകും.
ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം വർധിപ്പിക്കുന്നതിന് എട്ട്, ഒമ്പത് ക്ലാസുകളിൽ ‘എൻറിച്ച് യുവർ ഇംഗ്ലീഷ്’ കോഴ്സ് കൂടി പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു ഡിവിഷനിൽ 45 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും. പഠനമാധ്യമം ഇംഗ്ലീഷായിരിക്കും.
പ്രവേശന യോഗ്യത: ഏഴാം ക്ലാസ് പൂർത്തിയാക്കി 8ാം ക്ലാസ് പ്രവേശനത്തിന് അർഹതയുള്ളവരാകണം. 2025 ജൂൺ ഒന്നിന് 16 വയസ്സ് കവിയരുത്. ശാരീരിക ക്ഷമതയും സാങ്കേതിക അഭിരുചിയുമുള്ളവരാകണം.
വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.polyadmission.rog/ths ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനിൽ ഏപ്രിൽ എട്ടു വരെ അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ സ്കൂളുകളിൽ പ്രവേശനമാഗ്രഹിക്കുന്നവർ സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത് പ്രത്യേകം ഓൺലൈനായി അപേക്ഷ നൽകേണ്ടതാണ്.
സെലക്ഷൻ: ഏപ്രിൽ 10 രാവിലെ 10 മതൽ 11.30 വരെ അതത് ടെക്നിക്കൽ ഹൈസ്കൂളുകളിൽ വെച്ച് അഭിരുചി പരീക്ഷ നടത്തി അന്ന് വൈകീട്ട് ഫലം പ്രസിദ്ധപ്പെടുത്തും. അനുവദിക്കപ്പെട്ട സീറ്റുകളെക്കാൾ അധികം അപേക്ഷകരുണ്ടെങ്കിൽ മാത്രമേ അഭിരുചി പരീക്ഷ നടത്തുകയുള്ളൂ.
7ാം ക്ലാസ് നിലവാരത്തിലുള്ള കണക്ക്, സയൻസ്, ഇംഗ്ലീഷ്, മലയാളം, സാമൂഹ്യശാസ്ത്രം, പൊതുവിജ്ഞാനം, യുക്തിവിചാരം എന്നിവയെ അടിസ്ഥാനമാക്കി ഒബ്ജക്ടിവ് രീതിയിലാണ് അഭിരുചി പരീക്ഷ. മെറിറ്റ് ലിസ്റ്റ് ഏപ്രിൽ 15ന് ഉച്ചക്ക് രണ്ട് മണിക്ക് പ്രസിദ്ധപ്പെടുത്തും.
നിശ്ചിത ദിവസം രക്ഷകർത്താവിനോടൊപ്പം ഹാജരായി പ്രവേശനം നേടാവുന്നതാണ്. പ്രോസ്പെക്ടസിൽ പറയുന്ന സർട്ടിഫിക്കറ്റ് രേഖകൾ ഹാജരാക്കണം. ട്യൂഷൻ ഫീസ് നൽകേണ്ടതില്ല. വർഷത്തിൽ മറ്റു പലവക ഇനങ്ങളിലായി 240 രൂപ ഫീസ് നൽകിയാൽ മതി.
ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളുകളുടെ പട്ടികയിൽനിന്ന് പ്രവേശനമാഗ്രഹിക്കുന്ന സ്കൂളുകൾ തെരഞ്ഞെടുക്കുന്നതിന് വെബ്സൈറ്റിൽ സൗകര്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.