ജോലി നഷ്ടത്തിന്റെ കാലത്തും പിടിച്ചുനിന്ന് ഐ.ടി, ഇ-കൊമേഴ്‌സ്, ഫാര്‍മ മേഖല; കൂടുതല്‍ പേര്‍ക്ക് നിയമനം

ന്യൂഡല്‍ഹി: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തില്‍ കൂട്ട പിരിച്ചുവിടലും ജോലി നഷ്ടവുമുണ്ടായപ്പോള്‍ ഐ.ടി, ഇ-കൊമേഴ്‌സ്, ഫാര്‍മ മേഖലകളില്‍ കൂടുതല്‍ നിയമനം നടന്നുവെന്ന് റിപ്പോര്‍ട്ട്. 2021 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ മൂന്ന് മാസത്തിനുള്ളില്‍ 8.6 ദശലക്ഷം ആളുകള്‍ക്കാണ് ജോലി നഷ്ടമായതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ സി.എം.ഐ.ഇ) കണക്കുകള്‍ പറയുന്നു.

ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, റീടെയില്‍, നിര്‍മാണ മേഖലകളിലാണ് കൂടുതല്‍ പേര്‍ക്കും ജോലി നഷ്ടമായത്. എന്നാല്‍, ഈ പ്രായസ കാലത്ത് ഐടി, ഫാര്‍മ / ഹെല്‍ത്ത് കെയര്‍, ഇ-കൊമേഴ്സ് / വെയര്‍ഹൗസിങ് മേഖലകളിലെ നിയമനം വര്‍ധിക്കുകയാണ് ചെയ്തത്.

അതേസമയം, നിര്‍മാണ മേഖലയില്‍ 25 മുതല്‍ 30 ശതമാനം വരെ ജോലി നഷ്ടമുണ്ടായപ്പോള്‍, ഐ.ടി മേഖലയില്‍ 100 ശതമാനത്തിലേറെ ഡിമാന്‍ഡാണ് ഉണ്ടായതെന്ന് എച്ച്.ആര്‍ കമ്പനിയായ ഫസ്റ്റ് മെറിഡിയന്‍ ബിസിനസ് സര്‍വീസസിന്റെ ഗ്രൂപ്പ് സി.ഇ.ഒ സുധാകരന്‍ ബാലകൃഷ്ണനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. സെയില്‍സ് ഡെവലപ്പര്‍, ആപ്ലിക്കേഷന്‍ ഡെവലപ്പര്‍, സൈറ്റ് റിലയബിലിറ്റി എന്‍ജിനീയര്‍, ലീഡ് കണ്‍സള്‍ട്ടന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിച്ചു. ചില വിഭാഗങ്ങളില്‍ 30 മുതല്‍ 50 ശതമാനം വരെ ശമ്പള വര്‍ധനവുണ്ടായതായും അദ്ദേഹം പറയുന്നു.

ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ പ്രൈമറി തലങ്ങളില്‍ നിരവധി നിയമനങ്ങള്‍ ഉണ്ടായി. മൂന്ന് ലക്ഷത്തിലധികം ജോലികളാണ് ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ടത്.

കടകള്‍ അടക്കുകയും ഭക്ഷണങ്ങളുടെയും പലചരക്ക് സാധനങ്ങളുടെയും ഹോംഡെലിവറി ആവശ്യം വര്‍ധിക്കുകയും ചെയ്തതോടെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങല്‍ ആയിരക്കണക്കിന് പേരെയാണ് ജോലിക്കെടുത്തത്.

ടൂറിസം, വ്യോമയാനം, റെസ്‌റ്റൊറന്റ് മേഖലകളിലാണ് ഏറെ സമ്മര്‍ദത്തിലായതെന്നും, ഇ-കൊമേഴ്‌സ്, റീടെയില്‍, ഐ.ടി തുടങ്ങിയ മേഖലകളിലായി 75,000 താല്‍ക്കാലിക ജോലി അവസരങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിരുന്ന ഇലക്ട്രോണിക് ഉത്പന്നങ്ങളില്‍ 55 ശതമാനവും ചൈനയില്‍ നിന്നായിരുന്നു. ഇത് 40 ശതമാനമായി കുറഞ്ഞു. ഇതും തൊഴില്‍ മേഖലയെ ബാധിച്ചു.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ കാലയളവിലെ കണക്കുകള്‍ ലഭ്യമായിട്ടില്ല. മേയ്, ജൂണ്‍ മാസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമുണ്ടായതായാണ് കരുതുന്നത്.

Tags:    
News Summary - IT, pharma, e-commerce sectors witness hiring surge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.