കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള അമേത്തിയിലെ രാജീവ്ഗാന്ധി നാഷനൽ ഏവിയേഷൻ യൂനിവേഴ്സിറ്റി ഈ വർഷം നടത്തുന്ന ഇനി പറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനായി ജൂൺ 21 വൈകീട്ട് അഞ്ചുമണി വരെ അപേക്ഷിക്കാം.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എയർപോർട്ട് ഓപറേഷൻ: ഒരുവർഷത്തെ ക്ലാസ്റൂം പഠന പരിശീലനങ്ങളും വിമാനത്താവളങ്ങളിൽ ആറു മാസത്തെ ഇന്റേൺഷിപ്പും അടങ്ങിയ പ്രോഗ്രാമാണിത്. ആകെ 120 സീറ്റ്. യോഗ്യത: 50 ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാല ബിരുദം.
എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്. 2024 ആഗസ്റ്റ് 31നകം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. പ്രായപരിധി 25 വയസ്സ്. ബിരുദ പരീക്ഷയുടെ മാർക്കിന്റെ മെറിറ്റടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്ത് എഴുത്തുപരീക്ഷയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷൻ.
ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻ ഏവിയേഷൻ സർവിസസ് ആൻഡ് എയർകാർഗോ: മൂന്നുവർഷത്തെ പഠനകാലാവധി (രണ്ടുവർഷം ക്ലാസ്റൂം പഠന പരിശീലനങ്ങളും ഒരുവർഷത്തെ സ്റ്റൈപ്പന്റോടുകൂടിയ അപ്രന്റിസ്ഷിപ്പും).
ആകെ സീറ്റ് 120. യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്.
2024 ആഗസ്റ്റ് 31നകം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. പ്രായപരിധി 21 വയസ്സ്. യോഗ്യതാ പരീക്ഷയുടെ മാർക്ക്, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.rgnau.ac.inൽ ലഭിക്കും.
അപേക്ഷാഫീസ് 1000 രൂപ. പെൺകുട്ടികൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്കും 500 രൂപ മതി. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. പഠിച്ചിറങ്ങുന്നവർക്ക് ഏവിയേഷൻ, ലോജിസ്റ്റിക്സ് കമ്പനികളിലും മറ്റുമാണ് തൊഴിൽസാധ്യത. കഴിഞ്ഞ ബാച്ചുകളിലെ പ്ലേസ്മെന്റ് റെക്കോഡ് 95 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.