ന്യൂഡൽഹി: ഡൽഹിയിൽ യുവജനങ്ങളെ ബോധവൽക്കരിക്കാനും സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർക്കുമായി ഇ ലേണിങ് പദ്ധതി അവതരിപ്പിച്ച് ഡൽഹി പൊലീസ്. ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന പദ്ധതി ഉദ്ഘാടനം ചെയ്തു.
ഡൽഹി പൊലീസിന്‍റെ 'യുവ' പദ്ധതിക്ക് കീഴിലാണ് 'ഉന്നതി' ഇ ലേണിങ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ലളിതമായ രൂപകൽപ്പനയോടെ തയാറാക്കിയ ഉന്നതി പോർട്ടലിൽ ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ടാബ്ലറ്റ്, മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ച് ആർക്കും എവിടെനിന്ന് വേണമെങ്കിലും പഠിക്കാനാകും.
യുവാക്കൾക്ക് പോർട്ടലിൽ എൻറോൾ ചെയ്യാനും ഇഷ്ടമുള്ള പ്രോഗ്രാം തെരഞ്ഞെടുക്കാനും സാധിക്കും. ഇ-ലേണിങ് പ്ലാറ്റ്ഫോം ട്രെയിനികൾക്ക് പരിശീലനവും കൗൺസലിങും പ്ലേസ്മെന്റും നൽകും. വിദ്യാർഥികൾക്ക് ഒരു ക്ലാസ് നഷ്ടമായാൽ റെക്കോർഡ് ചെയ്ത ക്ലാസുകളും ലഭ്യമാകും.
എല്ലാവർഷം 1.5 ലക്ഷത്തിലധികം പേരെ ഡൽഹി െപാലീസ് വിവിധ കുറ്റകൃത്യങ്ങൾക്കായി പിടികൂടുന്നു. 85 ശതമാനത്തിലധികം പേരുടെയും ആദ്യ കുറ്റകൃത്യമായിരിക്കും. ഇവരെ ലക്ഷ്യമിട്ടാണ് യുവ, ഉന്നതി പദ്ധതികൾ. ഇതിലൂടെ ഇവരെ ബോധവൽക്കരിക്കാനും മുഖ്യധാര സമൂഹത്തിന്‍റെ ഭാഗമാകാൻ അവസരം ഒരുക്കുകയും ചെയ്യും -ഡൽഹി പൊലീസ് പറഞ്ഞു. കോഴ്സ് പൂർത്തിയാകുന്നതോടെ ഉദ്യോഗാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകും. അതുപയോഗിച്ച് പ്ലേസ്മെന്റും ലഭ്യമാക്കും -ഡൽഹി പൊലീസ് പി.ആർ.ഒ ചിൻമോയ് ബിശ്വാൽ പറഞ്ഞു.
അടിസ്ഥാന കമ്പ്യൂട്ടർ കോഴ്സുകൾ ഉൾപ്പെടുത്തി ഡിജിറ്റൽ സാക്ഷരത കോഴ്സുകൾ, മത്സരപരീക്ഷകൾക്ക് തയാറാക്കുന്ന കോഴ്സുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഉന്നതി പ്ലേസ്മെന്റ് സെല്ലും സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.