ബിരുദക്കാർക്ക് സംസ്ഥാന സർവിസിൽ നേരിട്ട് നിയമനം ലഭിക്കാവുന്ന ഉയർന്ന തസ്തികയാണ് കേരള അഡിമിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്). ഇതിലേക്ക് നിയമനം നൽകാൻ പി.എസ്.സി ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആകെ 31 ഒഴിവുകളാണുള്ളത്. അതുകൊണ്ടുതന്നെ നല്ല തയാറെടുപ്പോടെ പരീക്ഷയെഴുതിയാൽ മാത്രമേ ജോലി സാധ്യതയുള്ളൂ.
നേരിട്ടുള്ള നിയമനം നൽകുന്ന സ്ട്രീം ഒന്നിൽ 11 ഒഴിവും സർക്കാർ സർവിസിലുള്ളവർക്കുള്ള സ്ട്രീം രണ്ടിലും മൂന്നിലും 10 വീതവും ഒഴിവാണുള്ളത്. കെ.എ.എസ് ഓഫിസർ (ജൂനിയർ ടൈംസ്കെയിൽ) ട്രെയിനി (സ്ട്രീം 1-3) തസ്തികയിലേക്ക് സംസ്ഥാനതല ജനറൽ റിക്രൂട്ട്മെന്റാണ്. ശമ്പളത്തിന് 77,200-1,40,500 രൂപ.
സ്ട്രീം -1 (കാറ്റഗറി നമ്പർ 01/2025): നേരിട്ടുള്ള നിയമനം, യോഗ്യത പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം. പ്രായപരിധി 21-32 വയസ്സ്. 2.1.1993നും 1.1.2004 നും മധ്യേ ജനിച്ചവരാകണം. നിയമാനുസൃത വയസ്സിളവുണ്ട്.
സ്ട്രീം-2 (കാറ്റഗറി നമ്പർ 02/2025): കേരള സർക്കാർ സർവിസിലെ വിവിധ വകുപ്പുകളിലെ പ്രബേഷൻ വിജയകരമായി പൂർത്തിയാക്കിയ അല്ലെങ്കിൽ സ്ഥിരം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം. നിശ്ചിത വകുപ്പുകളിൽ ഒന്നാം ഗസറ്റഡ് ഓഫിസറോ അതിന് മുകളിലുള്ള ഉദ്യോഗസ്ഥരോ ആയിരിക്കരുത്. യോഗ്യത: ബിരുദം. പ്രായപരിധി 21-40 വയസ്സ്. 2.1.1985 നും 1.1.2004 നും മധ്യേ ജനിച്ചവരാകണം. നിയമാനുസൃത വയസ്സിളവുണ്ട്.
സ്ട്രീം-3 (കാറ്റഗറി നമ്പർ 03/2025): നിശ്ചിത സർക്കാർ വകുപ്പുകളിൽ ഒന്നാം ഗസറ്റഡ് തസ്തികയിൽ അല്ലെങ്കിൽ അതിനു മുകളിൽ ഉദ്യോഗംവഹിക്കുന്ന സർക്കാർ ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം. പ്രായപരിധി 1.1.2025 ൽ 50 വയസ്സ് തികയാൻ പാടില്ല. യോഗ്യത: ബിരുദം.
സ്ട്രീം 2, 3 -ൽ അപേക്ഷിക്കുന്നവർ സർവിസ് സംബന്ധമായ വിവരങ്ങൾ തെളിയിക്കുന്നതിന് ബന്ധപ്പെട്ട കൺട്രോളിങ് ഓഫിസറിൽനിന്നും നിർദിഷ്ട മാതൃകയിൽ സർവിസ് സർട്ടിഫിക്കറ്റ് വാങ്ങി പ്രമാണ പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralapsc.gov.in/notifications ലിങ്കിലും മാർച്ച് ഏഴിലെ ഗസറ്റിലും ലഭ്യമാണ്. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഏപ്രിൽ ഒമ്പതുവരെ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷ: പ്രിലിമിനറി, മെയിൻ പരീക്ഷകൾ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷയിൽ രണ്ട് പേപ്പറുകളുണ്ടാവും. ജൂൺ 14 രാവിലെയാണ് പരീക്ഷ. പേപ്പർ -1 ജനറൽ സ്റ്റഡീസ്/ഒബജക്ടിവ് മൾട്ടിപ്പിൾ ചോയിസ്) 100 മാർക്ക്, ഒന്നര മണിക്കുർ സമയം ലഭിക്കും. പേപ്പർ -2, മൂന്ന് ഭാഗങ്ങൾ പാർട്ട് -1, ജനറൽ സ്റ്റഡീസ് -2, 50 മാർക്ക്, പാർട്ട് -2, ഭാഷ നൈപുണ്യം (മലയാളം/തമിഴ്/കന്നട), 30മാർക്ക്. പാർട്ട് 3, ഭാഷ നൈപുണ്യം -ഇംഗ്ലീഷ് -20 മാർക്ക്, ഒന്നര മണിക്കൂർ സമയം ലഭിക്കും.
മെയിൻ പരീക്ഷ ഒക്ടോബർ 17, 18, തീയതികളിൽനടത്തും. മൂന്ന് പേപ്പറുകളുണ്ടാവും. പേപ്പർ -1, ജനറൽ സ്റ്റഡീസ് -1 (വിവരണാത്മകം), 100 മാർക്ക്, 2 മണിക്കൂർ, പേപ്പർ 2, ജനറൽ സ്റ്റഡീസ് -2 ((വിവരണാത്മകം), 100 മാർക്ക്, 2 മണിക്കൂർ, പേപ്പർ -3, ജനറൽ സ്റ്റഡീസ് -3 ((വിവരണാത്മകം), 100 മാർക്ക്, 2 മണിക്കൂർ.
പരീക്ഷാ ഘടനയും വിശദമായ സിലബസും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്. 2026 ജനുവരി/ഫെബ്രുവരിയിൽ ഇന്റർവ്യൂ നടത്തും. 45 മാർക്കിനാണിത്.
യോഗ്യരായ ഉദ്യോഗാർഥികൾ പി.എസ്.സി വെബ്സൈറ്റിൽ പ്രൊഫൈൽ മുഖേന ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. ഏപ്രിൽ ഒമ്പത് ബുധനാഴ്ച അർധരാത്രി 12വരെ അപേക്ഷ സ്വീകരിക്കും. ഒറ്റത്തവണ രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷ നൽകേണ്ടത്. ഇതിനായി യൂസർ ഐഡിയും പാസ്വേഡും ഉപയോഗിക്കാം.
ഉദ്യോഗാർഥികൾ ആറു മാസത്തിനുള്ളിൽ എടുത്ത ഫോട്ടോഗ്രാഫ് അപ് ലോഡ് ചെയ്യണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തിയിരിക്കണം. പാസ്വേഡ് രഹസ്യമായി സൂക്ഷിക്കണം. അപേക്ഷയിലെ വ്യക്തിഗത വിവരങ്ങൾ ശരിയും കൃത്യമായിരിക്കണം.
അപേക്ഷാ സമർപ്പണത്തിനുശഷം അപേക്ഷയിൽ മാറ്റം വരുത്താനോ വിവരങ്ങൾ ഒഴിവാക്കാനോ കഴിയില്ല. റഫറൻസിനായി അപേക്ഷയുടെ പ്രിന്റൗട്ട് /സോഫ്റ്റ് കോപ്പി എടുത്ത് സൂക്ഷിക്കണം. അപേക്ഷ സംബന്ധമായി കമീഷനുമായി നടത്തുന്ന കത്തിടപാടുകളിൽ അപേക്ഷയുടെ പ്രിന്റൗട്ട് കൂടി സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്ന അസ്സൽ രേഖകൾ കമീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.