പാലക്കാട്: ജില്ലയിൽ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 27,514 വിദ്യാർഥികൾ. 13,921 ആൺകുട്ടികളും 13,593 പെൺകുട്ടികളും. എയ്ഡഡ് സ്കൂളുകളിലാണ് കുട്ടികൾ കൂടുതൽ- 16,162 പേർ. സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസിൽ 8,111 കുട്ടികളും അൺ എയ്ഡഡിൽ 3241ഉം കുട്ടികൾ ചേർന്നു.
കഴിഞ്ഞ വർഷം 31,560 വിദ്യാർഥികളാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. കഴിഞ്ഞ അധ്യയന വർഷത്തേക്കാൾ ആകെ വിദ്യാർഥികളുടെ എണ്ണത്തിൽ 4019 കുട്ടികളുടെ കുറവുണ്ട്. കഴിഞ്ഞ വർഷം സർക്കാർ സ്കൂളുകളിൽ 9,328 പേരും എയ്ഡഡ് സ്കൂളുകളിൽ 18,438 പേരും അൺ എയ്ഡഡിൽ 3,794 പേരും ഒന്നാംക്ലാസിൽ ചേർന്നു. ഈ അധ്യയന വർഷം ഒന്നു മുതൽ പത്തുവരെ ക്ലാസിൽ ആകെ 3,59,743 വിദ്യാർഥികളുണ്ട്. ഇതിൽ 1,82,996 ആൺകുട്ടികളും 1,76,747 പെൺകുട്ടികളും. സർക്കാർ സ്കൂളുകളിൽ 1,25,288, എയ്ഡഡിൽ 1,99,807, അൺ എയ്ഡഡിൽ 34,648 എന്നിങ്ങനെയാണ് കണക്ക്. ആകെയുള്ളതിൽ 54,974 പേർ എസ്.സി വിഭാഗത്തിലും 7947 പേർ എസ്.ടി വിഭാഗത്തിലുമുള്ളവരാണ്.
കുട്ടികളുടെ കുറവ് പഠനവിധേയമാക്കും -ഡി.ഡി.ഇ
ഒന്നാം ക്ലാസിൽ കുട്ടികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് പഠനവിധേയാക്കുമെന്ന് ഡി.ഡി.ഇ മനോജ്കുമാർ അറിയിച്ചു. എല്ലാ ജില്ലകളിലും ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾ കുറഞ്ഞിട്ടുണ്ട്.
മുൻ വർഷങ്ങളിൽ ഒന്നാംക്ലാസിൽ എത്തിയ കുട്ടികളുടെ എണ്ണത്തിലുള്ള അന്തരം പഠനവിധേയമാക്കും. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിലെല്ലാം ഒരുപോലെ കുട്ടികൾ കുറഞ്ഞിട്ടുണ്ട്. അൺ എയ്ഡഡിലേക്ക് കുട്ടികൾ പോയിട്ടില്ലെന്ന് വ്യക്തമാണ്. കഴിഞ്ഞ വർഷം പകുതിയിലേറെ സമയവും ഓൺലൈൻ പഠനം ആയിരുന്നതിനാൽ കുട്ടികളെ ഒരു വർഷം കൂടി യു.കെ.ജിയിൽതന്നെ ഇരുത്തി പഠിപ്പിക്കാൻ താൽപര്യപ്പെട്ട രക്ഷിതാക്കൾ നിരവധിയുണ്ട്. ഇതും കുട്ടികളുടെ കുറവിന് കാരണമായേക്കാമെന്ന് ഡി.ഡി.ഇ പറഞ്ഞു. സി.ബി.എസ്.ഇ സ്കൂളുകളിൽ കുട്ടികൾ കൂടുതലായി പ്രവേശനം നേടിയിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.