തേഞ്ഞിപ്പലം: തമിഴ്‌നാട് അണ്ണാമലൈ സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം കോഴ്‌സുകള്‍ക്ക് 2022 മാർച്ച് വരെ നൽകിയ തുല്യത നിലനിർത്താൻ കാലിക്കറ്റ് സർവകലാശാല അക്കാദമിക് കൗൺസിൽ തീരുമാനം. 2022 മാര്‍ച്ചിന് ശേഷമുള്ളവക്ക് തുല്യത നൽകേണ്ടെന്നും തീരുമാനിച്ചു.
അണ്ണാമലൈ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്‍റെ 2014-15 അധ്യയന വര്‍ഷം മുതലുള്ള അംഗീകാരം യു.ജി.സി പിന്‍വലിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ചേര്‍ന്ന അക്കാദമിക് കൗണ്‍സിലില്‍ തുല്യത പിന്‍വലിക്കാനുള്ള അജണ്ട പരിഗണിച്ചത്. കൗണ്‍സില്‍ അംഗം കെ.കെ. ബാലകൃഷ്ണനാണ് വിഷയം ഉന്നയിച്ചത്.
അണ്ണാമലൈ വിദൂര വിദ്യാഭ്യാസ ബിരുദ -ബിരുദാനന്തര കോഴ്‌സുകള്‍ക്ക് കാലിക്കറ്റ് തുല്യത നല്‍കിയതിനെ തുടര്‍ന്ന് തുടര്‍പഠനം നടത്തിയവരും ജോലിയില്‍ തുടരുന്നവരും യു.ജി.സി തീരുമാനത്തെ തുടർന്ന് ആശങ്കയിലായിരുന്നു. കോളജ് അധ്യാപകരുൾപ്പെടെ സർക്കാർ - സർക്കാർ ഇതര മേഖലകളിൽ ജോലി ചെയ്യുന്നവർ, വിദേശത്ത് ജോലി നേടിയവർ എന്നിവരടക്കമുള്ളവരെ പ്രതികൂലമായി ബാധിക്കുന്ന വിഷയം 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാർത്തകൂടി പരിഗണിച്ചാണ് ജോലി നേടിയവരുടെയും ഉദ്യോഗാർഥികളുടെയും ഭാവിയെ ബാധിക്കാത്ത വിധത്തില്‍ അക്കാദമിക് കൗണ്‍സില്‍ തീരുമാനമെടുത്തത്.
അണ്ണാമലൈ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്‍റെ അംഗീകാരം പിന്‍വലിച്ചതിനെതിരെ സുപ്രീം കോടതിയില്‍ കേസുണ്ട്. കേസില്‍ വിധിക്ക് വിധേയമായി തുടര്‍ തീരുമാനമെടുക്കാനും കൗണ്‍സിലില്‍ ധാരണയായി. മലബാര്‍ മേഖലയിലെ അണ്ണാമലൈ ബിരുദ ധാരികൾ കൂട്ടായ്മ രൂപീകരിച്ച് തുടര്‍ നടപടികള്‍ക്ക് ഒരുങ്ങവെയാണ് അനുകൂല തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.