കൽപിത സർവകലാശാലയായ കൊൽക്കത്തയിലെ (ജാദവ്പൂർ) ഇന്ത്യൻ അസോസിയേഷൻ ഫോർ ദ കൾട്ടിവേഷൻ ഓഫ് സയൻസ് (ഐ.എ.സി.എസ്) 2025 ആഗസ്റ്റിൽ ആരംഭിക്കുന്ന താഴെ പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. സ്കൂൾ ഓഫ് അപ്ലൈഡ് ആൻഡ് ഇന്റർഡിസിപ്ലിനറി സയൻസ്, സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസസ്, സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്, സ്കൂൾ ഓഫ് മെറ്റീരിയൽ സയൻസസ്, സ്കൂൾ ഓഫ് മാത്തമാറ്റിക്കൽ ആൻഡ് കമ്പ്യൂട്ടേഷനൽ സയൻസസ്, സ്കൂൾ ഓഫ് ഫിസിക്കൽ സയൻസസ് എന്നിവിടങ്ങളിലായാണ് കോഴ്സുകൾ നടത്തുന്നത്. വിശദ വിവരണങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iacs. res.in ൽ ലഭിക്കും.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്സ് -മാസ്റ്റേഴ്സ് (ബി.എസ്-എം.എസ്) പ്രോഗ്രാം ഇൻ സയൻസ്: ആദ്യ മൂന്ന് സെമസ്റ്ററുകളിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ബയോളജിക്കൽ സയൻസ് എന്നിവ നടത്തിയ ഫൗണ്ടേഷനൽ കോഴ്സുകൾ പഠിപ്പിക്കും. നാലാമത്തെ സെമസ്റ്റർ മുതൽ ഇവയിലൊന്ന് മുഖ്യവിഷയമായി തെരഞ്ഞെടുത്ത് പഠിക്കാം. ഏഴാം സെമസ്റ്റർ മുതൽ ഗവേഷണ പഠനമാണ്. നാലാമത്തെ വർഷം മുതൽ മാസംതോറും സ്റ്റൈപൻഡ് ലഭിക്കും. മാത്തമാറ്റിക്സ് അടക്കമുള്ള ശാസ്ത്ര വിഷയങ്ങളിൽ സമർഥരായ പ്ലസ് ടുകാർക്കാണ് അവസരം.
ജൂൺ ഏഴ് രാവിലെ 9-12 വരെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽവെച്ച് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത യു.ജി പ്രീഇന്റർവ്യൂ സ്ക്രീനിങ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. മാസ്റ്റേഴ്സ്/ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് -പിഎച്ച്.ഡി പ്രോഗ്രം ഇൻ സയൻസ്: കെമിക്കൽ, ഫിസിക്കൽ, മെറ്റീരിയൽസ്, മാത്തമാറ്റിക്കൽ ആൻഡ് കമ്പ്യൂട്ടേഷനൽ സയൻസ്, അപ്ലൈഡ് ആൻഡ് ഇന്റർ ഡിസിപ്ലിനറി സയൻസസ് സ്കൂളുകളിലാണ് പഠനാവസരം. ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബാച്ചിലേഴ്സ് ബിരുദമുള്ളവർക്കും ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
ജൂൺ ഏഴിന് രാവിലെ 9-12 വരെ ദേശീയതലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത മാസ്റ്റേഴ്സ് പ്രീ ഇൻറർവ്യൂ സ്ക്രീനിങ് ടെസ്റ്റിന്റെയും തുടർന്നുള്ള ഇന്റർവ്യൂവിന്റെ അടിസ്ഥാനതതിൽ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിൽനിന്നുമാണ് അഡ്മിഷൻ. പരീക്ഷയുടെ വിശദാംശങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്. പ്രവേശനം ലഭിക്കുന്നവർക്ക് ആദ്യത്തെ രണ്ടു വർഷം പ്രതിമാസം 12,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. മാസ്റ്റേഴ്സ് പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് യോഗ്യത പിഎച്ച്.ഡി ഉള്ളപക്ഷം പ്രവേശനം നേടാം. അപേക്ഷ ഫീസ് 1200 രൂപ. പട്ടികജാതി/ വർഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 600 രൂപ മതി. ഓൺലൈനായി ഏപ്രിൽ 30 രാത്രി 11.55 വരെ അപേക്ഷിക്കാം. അന്വേഷണങ്ങൾക്ക് iacshe/pdeskugpg@gmail.com എന്ന ഇ-മെയിലിലും +91 7353926663 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.