തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസും സിലബസും എൽ.ബി.എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എൽ.ടി.ടി.സി, ഡി.എൽ.ഇ.ഡി തുടങ്ങിയ ട്രെയിനിങ് കോഴ്സുകൾ ജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി/എസ്.ടി വിഭാഗത്തിൽപെടുന്നവർക്കും പി.ഡബ്ല്യു.ഡി വിഭാഗത്തിൽപെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
പരീക്ഷക്ക് ഓൺലൈനായി ബുധനാഴ്ച മുതൽ 20 വരെ രജിസ്റ്റർ ചെയ്യാം. ജനറൽ/ഒ.ബി.സി വിഭാഗങ്ങളിൽ 1,000 രൂപയും എസ്.സി/എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ 500 രൂപയുമാണ് ഫീസ്. ഇത് ഓൺലൈനായി അടക്കണം. പി.ഡബ്ല്യു.ഡി വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി/ എസ്.ടി/ വിഭാഗങ്ങളിൽപെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സൽ, ഒ.ബി.സി, നോൺക്രീമിലെയർ വിഭാഗത്തിൽപെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസ്സൽ (2021 ഏപ്രിൽ ഏഴിനും 25നും ഇടയിൽ ലഭിച്ചതാകണം) എന്നിവ സെറ്റ് പാസാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.
അപേക്ഷിക്കുന്നവർ എൽ.ബി.എസ് സെന്ററിന്റെ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.ഇതിനുള്ള നിർദേശം പോസ്പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ എപ്രിൽ 20ന് വൈകീട്ട് അഞ്ചിനുമുമ്പ് പൂർത്തിയാക്കണം.കൂടുതൽ വിവരങ്ങൾ:www.lbscentre.kerala.gov.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.