ഹയർസെക്കന്ററി അധ്യാപക സ്ഥലമാറ്റത്തിന് മെയ് മൂന്ന് വരെ അപേക്ഷിക്കാം

ഹയർസെക്കന്ററി അധ്യാപക സ്ഥലമാറ്റത്തിന് മെയ് മൂന്ന് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സർക്കാർ ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റത്തിന് www.dhsetransfer.kerala.gov.in പോർട്ടൽ വഴി ഓൺലൈനായി മെയ് മൂന്ന് വരെ അപേക്ഷിക്കാം. നേരത്തെ അധ്യാപകരുടെ പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാനും, അത് പ്രിൻസിപ്പൽമാർക്ക് തിരുത്താനും, കൃത്യമായ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും കൈറ്റിന്റെ നേതൃത്വത്തിൽ സംവിധാനം ഒരുക്കിയിരുന്നു.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രാൻസ്ഫർ നടത്തുക എന്നതിനാൽ തെറ്റായ വിവരങ്ങൾ നൽകുന്നത് നടപടികൾക്ക് വിധേയമാക്കും എന്നും ഇത്തരം അധ്യാപകരെ സ്ഥലംമാറ്റും എന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം തെറ്റുകൾ അടുത്ത തിങ്കൾ, ചൊവ്വ (ഏപ്രിൽ 28, 29) ദിവസങ്ങളിൽ ബന്ധപ്പെട്ട രേഖകളോടെ ഹയർ സെക്കന്ററി ഡയറക്ടറേറ്റിൽ നേരിട്ട് വന്ന് തിരുത്താൻ അവസരം നൽകിയിട്ടുണ്ട്.

പരിരക്ഷിത വിഭാഗം, മുൻഗണനാ വിഭാഗം എന്നിവയ്ക്കായി സമർപ്പിക്കുന്ന രേഖകളുടെ ആധികാരികത ഈ വർഷം വിജിലൻസ് പരിശോധനയ്ക്കും വിധേയമാക്കും. ഏകദേശം 7,817 ഒഴിവുകളാണ് ട്രാസ്ഫറിനായി നിലവിലുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ മലപ്പുറം ജില്ലയിൽ (1,124) ആണ്. കണ്ണൂർ (944), കോഴിക്കോട് (747) ജില്ലകളാണ് തൊട്ടടുത്ത്. ഏറ്റവും കുറവ് ഒഴിവുകൾ പത്തനംതിട്ട (134), ഇടുക്കി (184), കോട്ടയം (232) ജില്ലകളിലാണ്.

വിഷയങ്ങളിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഇംഗ്ലീഷ് (859) അധ്യാപകരുടേതാണ്. ഇക്കണോമിക്‌സും (527), മാത്തമാറ്റിക്‌സും (482) ആണ് തൊട്ടടുത്ത്. അതേ സമയം ജർമൻ, മ്യൂസിക്, ജിയോളജി വിഷയങ്ങളിൽ ഒരു ഒഴിവ് വീതമേ സംസ്ഥാനാടിസ്ഥാനത്തിലുള്ളു. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. സംസ്ഥാന - ജില്ലാ തലത്തിൽ വിഷയങ്ങൾ തിരിച്ചുള്ള തത്സമയ  ഒഴിവുകൾ പോർട്ടലിൽ ലഭ്യമാണ്.

Tags:    
News Summary - Applications for higher secondary teacher transfer can be submitted until May 3rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.