കൽപറ്റ: സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികളുടെ ആശങ്കക്ക് വിരാമമിട്ട് ബിരുദപ്രവേശനത്തിന് ബോണസ് മാർക്ക് അനുവദിച്ച് സർക്കാർ ഉത്തരവ്. സംസ്ഥാനത്തെ എല്ലാ കോളജുകളിലെയും ഡിഗ്രി പ്രവേശനത്തിന് സ്കൗട്ട്സ്, ഗൈഡ്സ്, റോവർ, റേഞ്ചർ എന്നിവയിൽ ഹയർ സെക്കൻഡറിതലത്തിൽ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ്/നന്മമുദ്ര സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് 15 മാർക്ക് ബോണസായി നൽകിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഗവർണർ ഉത്തരവിട്ടത്.
അതേസമയം, കാലിക്കറ്റ് സർവകലാശാല അടക്കമുള്ളവ ബിരുദപ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ദീർഘിപ്പിക്കുകയും സോഫ്റ്റ്വെയറിൽ ബോണസ് മാർക്കിന് ഒാപ്ഷൻ നൽകാനുള്ള അവസരം ലഭ്യമാക്കുകയും ചെയ്താലേ നിലവിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കുകയുള്ളൂ.
അതിനുള്ള നടപടിയും ഉടൻ ഉണ്ടാകണമെന്നാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ആവശ്യം. ബിരുദപ്രവേശനത്തിന് ബോണസ് പോയൻറ് കണക്കാക്കുന്നതിൽ സ്കൗട്ട് ആൻഡ് ഗൈഡിനെ പരിഗണിക്കാത്തത് നിരവധി വിദ്യാർഥികൾക്ക് തിരിച്ചടിയായിരുന്നു.
എല്ലാ സർവകലാശാലകളിലും ഓട്ടോണമസ് കോളജുകളിലും ബോണസ് മാർക്ക് നൽകാമെന്ന ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ തയാറാകണമെന്നായിരുന്നു വിദ്യാർഥികളുടെയും അധ്യാപകരുടെയും ആവശ്യം. ഇതാണ് ഇപ്പോൾ പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.