തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളജുകളിൽ ബി.എസ്സി നഴ്സിങ്, വിവിധ പാരാമെഡിക്കൽ ബിരുദ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 15 വരെ www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം.
കോഴ്സുകൾ: ബി.എസ്സി നഴ്സിങ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി), പെർഫ്യൂഷൻ ടെക്നോളജി, ഒപ്ടോമെട്രി, ഫിസിയോതെറപ്പി (ബി.പി.ടി), ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വജ് പാത്തോളജി (ബി.എ.എസ്.എൽ.പി), ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി (ബി.സി.വി.ടി), ഡയാലിസിസ് ടെക്നോളജി (ബി.എസ്സി ഡി.ടി), ബാച്ചിലർ ഓഫ് ഒക്കുപേഷനൽ തെറപ്പി (ബി.ഒ.ടി), ബാച്ചിലർ ഓഫ് മെഡിക്കൽ ഇമേജിങ് ടെക്നോളജി, ബാച്ചിലർ ഓഫ് റേഡിയോ തെറപ്പി ടെക്നോളജി, ബാച്ചിലർ ഓഫ് ന്യൂറോ ടെക്നോളജി. പുതിയ കോഴ്സുകൾക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തും.
ഫീസ്: ജനറൽ, എസ്.ഇ.ബി.സി 800 രൂപ. എസ്.സി, എസ്.ടി 400.www.lbscentre.kerala.gov.in വഴി ഓൺലൈനായോ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്ക് ശാഖ വഴിയോ 17 മുതൽ ജൂൺ 12 വരെ ഫീസടക്കാം.
ബി.എസ്സി നഴ്സിങ്ങിനും മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്കും ഒരു അപേക്ഷ മതിയാകും. വിജ്ഞാപനങ്ങൾക്ക് അപേക്ഷകർ നിരന്തരം എൽ.ബി.എസ് വെബ്സൈറ്റ് സന്ദർശിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനായി പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് (ജെ.പി.ജെ ഫോർമാറ്റിൽ) ആവശ്യമുള്ളപക്ഷം സർട്ടിഫിക്കറ്റുകളുടെ വ്യക്തതയുള്ള സ്കാൻ ചെയ്തെടുത്ത ഡിജിറ്റൽ കോപ്പി എന്നിവ കരുതേണ്ടതാണ്. മൊബൈൽ നമ്പർ, സാധുവായ ഇ-മെയിൽ ഐ.ഡി എന്നിവ ഉണ്ടായിരിക്കണം. പിന്നീട് മാറ്റാൻ കഴിയില്ല. അന്തിമ സമർപ്പണത്തിന് മുമ്പായി സംവരണം ഉൾപ്പെടെ ക്ലെയിമുകൾ നൽകേണ്ടതും ആധാരമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യേണ്ടതുമാണ്. പിന്നീട് സാധിക്കില്ല.
അപേക്ഷയുടെ പ്രിന്റൗട്ടും സർട്ടിഫിക്കറ്റിന്റെ പകർപ്പും എൽ.ബി.എസ് ഡയറക്ടറുടെ ഓഫിസിലേക്ക് അയക്കേണ്ടതില്ല. ലോഗിൻ ചെയ്യുന്നതിന് ഉപയോഗിക്കുന്ന അപേക്ഷ നമ്പർ, രജിസ്ട്രേഷൻ ഐ.ഡിയും പാസ്വേഡും അലോട്ട്മെന്റ് പ്രക്രിയ തീരുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കണം. ഓൺലൈൻ അപേക്ഷ പൂർണമായും പൂരിപ്പിച്ച് കഴിഞ്ഞാൽ അപേക്ഷയുടെ അന്തിമ സമർപ്പണം നിർബന്ധമായും ചെയ്തിരിക്കണം. അന്തിമ സമർപ്പണം ചെയ്യാത്ത അപേക്ഷ പരിഗണിക്കില്ല. അപേക്ഷകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുകയും അപാകം ഉണ്ടെങ്കിൽ Candidate Portalൽ അതത് സമയം പ്രസിദ്ധീകരിക്കുകയും ചെയ്യും. അപാകം പരിഹരിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ അറിയിപ്പ് പ്രകാരമുള്ള സമയത്തിനുള്ളിൽ അപ്ലോഡ് ചെയ്യണം. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കും. പഠിക്കാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ആയിരിക്കും ഓപ്ഷൻ സ്വീകരിക്കുക.
ബി.എസ്സി നഴ്സിങ്ങിനും, ബി.എ.എസ്.എൽ.പി ഒഴികെ മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവക്ക് മൊത്തത്തിൽ 50 മാർക്കോടെ ഹയർ സെക്കൻഡറിയാണ് യോഗ്യത.
ബി.എ.എസ്.എൽ.പി കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്സ്/കമ്പ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ്/ സൈക്കോളജി എന്നിവക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ഹയർ സെക്കൻഡറി/വി.എച്ച്.എസ്.ഇ പരീക്ഷ ജയിച്ചിരിക്കണം. എസ്.ഇ.ബി.സി, ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ച് ശതമാനം മാർക്കിളവുണ്ട്. എസ്.സി, എസ്.ടി മാർക്ക് നിബന്ധന ഇല്ല.
2024 ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാകണം. നഴ്സിങ് കോഴ്സിനുള്ള ഉയർന്ന പ്രായപരിധി 35. പ്രായപരിധി ഇളവില്ല. പാരാമെഡിക്കൽ കോഴ്സുകൾക്ക് ഉയർന്ന പ്രായപരിധിയില്ല. ബി.എസ്.സി (എം.എൽ.ടി), ബി.എസ്.സി (ഒപ്റ്റോമെട്രി) കോഴ്സുകളിലെ സർവിസ് ക്വോട്ടയിലേക്കുള്ള ഉയർന്ന പ്രായപരിധി 2024 ഡിസംബർ 31ന് 46. ഫോൺ: 04712560363, 364 വെബ്: www.lbscentre.kerala.gov.in.
ബി.എസ് സി നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾക്ക് (ബി.എ.എസ്.എൽ.പി ഒഴികെ) പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം ലഭിച്ച മാർക്കിന്റെ മെറിറ്റടിസ്ഥാനത്തിലാണ് റാങ്ക്ലിസ്റ്റ് തയാറാക്കുന്നത്.
ബി.എ.എസ്.എ.എൽ.പി കോഴ്സിനുള്ള റാങ്ക്ലിസ്റ്റ് തയാറാക്കുന്നത് അവസാന വർഷ യോഗ്യതാ പരീക്ഷയിൽ (പ്ലസ്ടു/തത്തുല്യം) ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/കമ്പ്യൂട്ടർ സയൻസസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ്/സൈക്കോളജി വിഷയങ്ങൾക്ക് മൊത്തം ലഭിച്ച മാർക്കിന്റെ മെറിറ്റടിസ്ഥാനത്തിലാണ്.
ഈ രണ്ട് റാങ്ക്ലിസ്റ്റുകളും യഥാസമയം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സർക്കാർ/സ്വകാര്യ സ്വാശ്രയ കോളജുകൾ/സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകൾ എന്നിവിടങ്ങളിലെ ഗവൺമെന്റ് സീറ്റുകളിലും സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രോസ്പെക്ടസിലെ വ്യവസ്ഥകളും നിർദേശങ്ങളും പാലിച്ച് എൽ.ബി.എസ് സെന്റർ ഡയറക്ടർ കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റ് നടത്തും. റാങ്ക്ലിസ്റ്റിലുൾപ്പെടുന്നവർക്ക് ഒപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേകം സമയം അനുവദിക്കും. കോഴ്സ്, കോളജ് ഒപ്ഷൻ രജിസ്ട്രേഷനുള്ള നിർദേശങ്ങളും ഏകജാലക പ്രവേശന നടപടികളും പ്രോസ്പെക്ടസിലുണ്ട്. പ്രവേശന സാധ്യതകൾ മനസ്സിലാക്കുന്നതിന് ട്രയൽ അലോട്ട്മെന്റും മൂന്ന് റഗുലർ ഓൺലൈൻ സീറ്റ് അലോട്ട്മെന്റുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.