സായുധസേന മെഡിക്കൽ സർവിസസിന് (എ.എഫ്.എം.എസ്) കീഴിലുള്ള നഴ്സിങ് കോളജുകളിൽ 2024 വർഷത്തെ ബി.എസ് സി നഴ്സിങ് പ്രവേശനത്തിന് അവിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. നാലുവർഷമാണ് പഠനകാലാവധി. നിയമപരമായി വിവാഹബന്ധം വേർപെടുത്തിയവരെയും ബാധ്യതകളില്ലാത്ത വിധവകളെയും പരിഗണിക്കും. നീറ്റ്-യു.ജി 2024ൽ യോഗ്യത നേടണം.
പ്രവേശന യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആൻഡ് സുവോളജി) ഇംഗ്ലീഷ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഹയർ സെക്കൻഡറി/പ്ലസ്ടു പരീക്ഷ (റഗുലർ വിദ്യാർഥിയായി) ആദ്യതവണ വിജയിക്കണം. 1999 ഒക്ടോബർ ഒന്നിനും 2007 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരാകണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.joinindianarmy.nic.inൽ ലഭിക്കും. അപേക്ഷാഫീസ് 200 രൂപ. പട്ടിക വിഭാഗക്കാർക്ക് ഫീസില്ല. നീറ്റ്-യു.ജി 2024 ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
സെലക്ഷൻ: നീറ്റ്-യു.ജി 2024 സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട്‍ലിസ്റ്റ് ചെയ്ത് കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിന് ക്ഷണിക്കും. ഒബ്ജക്ടിവ് ടെസ്റ്റിൽ ജനറൽ ഇന്റലിജൻസ്, ജനറൽ ഇംഗ്ലീഷ് എന്നിവയിൽ 80 മാർക്കിനുള്ള ചോദ്യങ്ങളുണ്ടാവും. തുടർന്ന് സൈക്കോളജിക്കൽ അസസ്മെന്റ്, ഇന്റർവ്യൂ, വൈദ്യപരിശോധന നടത്തി മെറിറ്റ്ലിസ്റ്റ് തയാറാക്കി പ്രവേശനം നൽകും.
അഡ്മിറ്റ് കാർഡിനും കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് പെർമനന്റ്/ഷോർട്ട് സർവിസ് കമീഷൻ നൽകി സായുധസേന മെഡിക്കൽ സർവിസിൽ മിലിറ്ററി നഴ്സിങ് സർവിസ് ഓഫിസറായി നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.