ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസ മേഖലക്കുള്ള ബജറ്റ് നീക്കിയിരിപ്പിൽ കഴിഞ്ഞ വർഷത്തേക്കാൾ 6000 കോടി രൂപ കുറവ്. 2020-21 ബജറ്റിൽ 99,311 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ, ഇക്കുറി അത് 93,224 കോടി രൂപയായി കുറച്ചു.
കോവിഡ് മഹാമാരിമൂലം പഠനരീതി ഒാൺലൈൻ സംവിധാനത്തിലേക്ക് മാറിയിരുന്നു. ഒാൺലൈൻ വിദ്യാഭ്യാസം മികച്ച രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ രീതിയിൽ ഡിജിറ്റൽ അസമത്വത്തിന് കാരണമാകുമെന്ന് സാമ്പത്തിക സർവേയിൽ ചൂണ്ടിക്കാട്ടിയതാണ്.
എന്നാൽ, ഇതിനുവേണ്ടിയുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിലുണ്ടായില്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയം ഈ വർഷം മുതൽ നടപ്പിൽ വരുത്തിത്തുടങ്ങുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിൽ സമഗ്രമാറ്റമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലുള്ളത്. സമഗ്ര ശിക്ഷ അഭിയാന് കഴിഞ്ഞ വർഷം 38,750 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
അത് 31,050 കോടി രൂപയാക്കി. അതേസമയം, ഉച്ചഭക്ഷണ പദ്ധതിക്ക് കഴിഞ്ഞ വർഷത്തേക്കാൾ 500 കോടി രൂപ അധികം നൽകി ആകെ11,500 കോടി രൂപ അനുവദിച്ചു.
സന്നദ്ധസംഘടനകൾ, സ്വകാര്യ സ്കൂളുകൾ, സംസ്ഥാനങ്ങൾ എന്നിവയുമായി ചേർന്ന് 100 സൈനിക സ്കൂളുകൾ, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിെൻറ അടിസ്ഥാനത്തില്‍ 15,000 സ്കൂളുകളെ കരുത്തുറ്റതാക്കി മാറ്റൽ, ഗോത്ര മേഖലകളില്‍ പുതിയതായി 750 ഏകലവ്യ സ്കൂളുകൾ ആരംഭിക്കൽ തുടങ്ങിയവയാണ് ബജറ്റിൽ സ്കൂൾ മേഖലയിലെ പ്രധാന പ്രഖ്യാപനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.