തേഞ്ഞിപ്പലം: 2025-26 അധ്യയനവര്‍ഷം കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി/ഇന്റഗ്രേറ്റഡ് പി.ജി, സര്‍വകലാശാല സെന്ററുകളിലെ എം.സി.എ, എം.എസ്.ഡബ്ല്യു, ബി.പി.എഡ്, ബി.പി.ഇ.എസ് ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളജുകളിലെ എം.പി.എഡ്, ബി.പി.എഡ്, ബി.പി.ഇ.എസ് ഇന്റഗ്രേറ്റഡ്, എം.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു (ഡിസാസ്റ്റർ മാനേജ്മെന്റ്), എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി, എം.എസ് സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നടത്തുന്ന പൊതു പ്രവേശന പരീക്ഷക്ക് (സി.യു-സി.ഇ.ടി) ഏപ്രില്‍ 15 വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താം. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പരീക്ഷകേന്ദ്രങ്ങള്‍ ഉണ്ടാകും.
ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍/ബി.പി.എഡ് എന്നിവക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാർഥികള്‍ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ് ടു വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം. മൊത്തം പ്രോഗ്രാമുകളെ ആറ് സെഷനുകളായി തിരിച്ചാണ് പരീക്ഷ നടത്തുക.
അപേക്ഷകരുടെ യോഗ്യതയനുസരിച്ച് ഒരേ അപേക്ഷയില്‍തന്നെ ഒരു സെഷനില്‍നിന്ന് ഒരു പ്രോഗ്രാം എന്ന നിലക്ക് പരമാവധി ആറു പ്രോഗ്രാമുകള്‍ വരെ തിരഞ്ഞെടുക്കാം. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 610 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 270 രൂപയുമാണ് (എല്‍എല്‍.എം പ്രോഗ്രാമിന് ജനറല്‍ വിഭാഗത്തിന് 830 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 390 രൂപയും) അപേക്ഷ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 90 രൂപ വീതം അടക്കണം. പ്രവേശന പരീക്ഷ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ സർവകലാശാല വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും മറ്റ് വിശദവിവരങ്ങളും admission.uoc.ac.in വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.