തിരുവനന്തപുരം: സ്വാശ്രയ നഴ്സിങ് കോളജുകളിലെ മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലേക്ക് കേന്ദ്രീകൃത അലോട്ട്മെന്റ് നടത്താൻ തീരുമാനം. അപേക്ഷ ഫീസിന് ജി.എസ്.ടി ഏർപ്പെടുത്തിയ തീരുമാനം പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫിസുകളുടെ ഉറപ്പിനെ തുടർന്നാണ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ തീരുമാനം.
ഇതോടെ സ്വാശ്രയ നഴ്സിങ് പ്രവേശനത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി. ചൊവ്വാഴ്ച ചേർന്ന അസോസിയേഷൻ ജനറൽ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് വി. സജിയും സെക്രട്ടറി അയിര ശശിയും അറിയിച്ചു.
2017 മുതൽ മുൻകാല പ്രാബല്യത്തോടെ അപേക്ഷ ഫീസിന് ജി.എസ്.ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു മാനേജ്മെന്റ് അസോസിയേഷൻ കേന്ദ്രീകൃത പ്രവേശന രീതി അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനെതുടർന്ന് ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ചിരുന്നെങ്കിലും പ്രതിസന്ധി നീങ്ങിയിരുന്നില്ല. ചൊവ്വാഴ്ച യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
പിന്നാലെയാണ് ജി.എസ്.ടി ഒഴിവാക്കാമെന്ന ഉറപ്പുലഭിച്ചത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിൽനിന്നുള്ള ഫയൽ മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ട്. പ്രവേശന നടപടികൾക്കുള്ള പ്രോസ്പെക്ടസിന് അംഗീകാരം നൽകണമെന്ന് പ്രവേശന മേൽനോട്ട സമിതിക്ക് ആരോഗ്യവകുപ്പ് കത്തും നൽകിയിട്ടുണ്ട്. കേന്ദ്രീകൃത പ്രവേശന രീതി അവസാനിപ്പിച്ചാൽ വിദ്യാർഥികൾ ഓരോ കോളജിലേക്കും പ്രത്യേകം ഫീസ് നൽകി അപേക്ഷിക്കേണ്ട സാഹചര്യമാകും.
മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള 50 കോളജുകളിലെ മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലേക്ക് ഒരു അപേക്ഷ മാത്രം നൽകി പ്രവേശന നടപടികളിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ് കേന്ദ്രീകൃത രീതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.