വെള്ളമുണ്ട: വിദ്യാലയങ്ങളുടെ എണ്ണം കൂടിയതോടെ കുട്ടികളെ പിടിക്കാനുള്ള മത്സരവും നടക്കുകയാണ്. മറ്റൊരു വിദ്യാലയത്തിന്റെ മുറ്റത്തുനിന്നടക്കം കുട്ടികളെ 'ചാക്കിട്ട് പിടിക്കുന്നത്' വിദ്യാലയങ്ങൾ തമ്മിലുള്ള സംഘർഷത്തിനും ഇടയാക്കുന്നു. എൽ.പി തലത്തിലുള്ള കുട്ടികളെയാണ് വിദ്യാലയങ്ങൾ പരസ്പരം മത്സരിച്ച് തേടിപ്പിടിക്കുന്നത്.
ഗ്രാമപ്രദേശങ്ങളിൽ പ്രൈമറി വിദ്യാലയങ്ങൾ വർധിച്ചതോടെയാണ് വിദ്യാലയങ്ങൾ തമ്മിലുള്ള മത്സരവും കൂടിയത്. വൻ സാമ്പത്തിക പ്രലോഭനങ്ങൾ നൽകിയാണ് പ്രമുഖ വിദ്യാലയങ്ങൾ കുട്ടികളെ സ്വാധീനിക്കുന്നത്. രക്ഷിതാക്കളെ സാമ്പത്തിക പ്രലോഭനങ്ങളിൽ സ്വാധീനിക്കാൻ കഴിയുന്നവർ കുട്ടികളുടെ എണ്ണം വർധിപ്പിക്കുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചെറിയ വിദ്യാലയങ്ങൾ തങ്ങളുടെ മുറ്റത്തുള്ള കുട്ടികളെ പോലും വൻകിട വിദ്യാലങ്ങൾ കൂട്ടിക്കൊ ണ്ട് പോകുന്നതോടെ പിന്തള്ളപ്പെടുന്ന അവസ്ഥയുമുണ്ട്.
പഴയകാലത്തുനിന്നും വ്യത്യസ്തമായി ഇപ്പോൾ ഒരോ വീടുകളിലുമുള്ള കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ എയ്ഡഡ് വിദ്യാലയങ്ങളാണ് ഏറെയും പ്രതിസന്ധിയിലായത്. അധ്യാപകരുടെ പോസ്റ്റ് നിലനിർത്തുന്നതിനും പുതിയ നിയമനം നടത്തുന്നതിനുമായി കൂടുതൽ കുട്ടികളെ എത്തിക്കുകയും നിലവിലെ കുട്ടികളെ നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. മുമ്പ് പരസ്പര ബഹുമാനത്തോടുകൂടിയാണ് വിദ്യാലയങ്ങൾ കുട്ടികളെ ചേർത്തിരുന്നതെങ്കിൽ ഇന്ന് ഒരുവിധ ധാർമികതയും കാണിക്കാതെയാണ് കുട്ടികളെ പിടിക്കാനോടുന്നത്. സ്കൂൾ ബസും യൂനിഫോമും പുസ്തകവുമടക്കം പ്രലോഭനങ്ങൾ നൽകിയാണ് സർക്കാർ വിദ്യാലയങ്ങളിൽ നിന്നടക്കം വിദ്യാർഥികളെ മാറ്റുന്നത്. ഇതോടെ പല വിദ്യാലയങ്ങളുടെയും നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. സ്കൂൾ ബസ് സംവിധാനം ഇല്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്.
മറ്റു വിദ്യാലയങ്ങളിലെ വിദ്യാർഥികളെ സൗജന്യ യാത്രയും സൗജന്യ യൂനിഫോമും അടക്കം നൽകി വലിയ വിദ്യാലയങ്ങൾ ഏറ്റെടുക്കുന്ന സംവിധാനം ചെറുകിട വിദ്യാലയങ്ങളെ ബാധിക്കുന്നുണ്ട്. തൊട്ടടുത്ത പഞ്ചായത്തുകളിൽ നിന്നുപോലും കുട്ടികളെ ചേർക്കുന്നത് പതിവാണ്.
തൊണ്ടർനാട് പഞ്ചായത്തിൽനിന്നും നിരവധി വിദ്യാർഥികൾ വെള്ളമുണ്ടയിലെ പ്രമുഖ വിദ്യാലയത്തിലെത്തുന്നുണ്ട്. നിരവധി സർക്കാർ വിദ്യാലയങ്ങൾ മറികടന്നാണ് ഇത്തരം കുട്ടികൾ എത്തുന്നത്. എൽ.പി, യു.പി തലങ്ങളിൽ ദീർഘദൂര യാത്ര ചെയ്ത് പഠനത്തിനെത്തുന്ന വിദ്യാർഥികൾ വലിയ സമയനഷ്ടവും മാനസിക പീഡനവുമാണ് അനുഭവിക്കുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.