കൊച്ചി: ഗോത്രവർഗ വിദ്യാർഥികളെ വിദ്യാലയങ്ങളിൽ എത്തിക്കാനുള്ള ഗോത്ര സാരഥി പദ്ധതി അവതാളത്തിൽ. തദ്ദേശ സ്ഥാപനങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതി പ്രവർത്തനങ്ങൾ താളംതെറ്റാൻ കാരണം.പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ആരംഭിച്ച പദ്ധതിയുടെ നടത്തിപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം മുതലാണ് സർക്കാർ നിർദേശപ്രകാരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയത്. ഇതോടെ കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ വാടക നൽകേണ്ട ഉത്തരവാദിത്തവും പഞ്ചായത്തുകൾക്കായി. എന്നാൽ, തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ടിന്‍റെ അപര്യാപ്തത മൂലം വാഹന വാടക കുടിശ്ശികയായതാണ് പദ്ധതിക്ക് തിരിച്ചടിയായത്. ഇതോടെ കരാറെടുത്ത വാഹനങ്ങൾ പലയിടങ്ങളിലും ഓട്ടം നിർത്തി.
പട്ടികവർഗ വിഭാഗങ്ങൾ കൂടുതലുള്ള വയനാട്, പാലക്കാട്, ഇടുക്കി അടക്കമുള്ള ജില്ലകളിൽ ഇത്തരത്തിൽ വാഹന വാടകയിനത്തിൽ വൻ തുക കുടിശ്ശികയുണ്ടെന്നാണ് വിവരം. ട്രൈബൽ വിഭാഗങ്ങൾ കൂടുതലുള്ള വരുമാനം കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങളാണ് ഇക്കാര്യത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്നത്. എന്നാൽ, എറണാകുളം പോലുള്ള ജില്ലകളിൽ ഗുണഭോക്താക്കളുടെ എണ്ണം കുറവായതിനാൽ ഇതുവരെ വലിയ പരാതികളുയർന്നിട്ടില്ല.
സർക്കാർ /എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്കരിച്ചത്. എൽ.പിതലത്തിൽ പഠിക്കുന്ന കുട്ടികളുടെ വാസസ്ഥലവും സ്കൂളും തമ്മിൽ അരക്കിലോമീറ്ററിൽ കൂടുതലും യു.പിതലത്തിൽ ഒരു കിലോമീറ്ററിൽ കൂടുതലും ഹൈസ്കൂൾ തലത്തിൽ രണ്ട് കിലോമീറ്ററിൽ കൂടുതലും വ്യത്യാസം ഉണ്ടായിരിക്കണമെന്നതാണ് പദ്ധതി ഗുണഭോക്താക്കളാകാനുള്ള മാനദണ്ഡം.
ഓരോ കോളനികളിൽനിന്നും സ്കൂളിൽ പോയി വരുന്ന കുട്ടികൾ അഞ്ചിൽ കുറവാണെങ്കിൽ ഓട്ടോറിക്ഷയും അഞ്ചു മുതൽ 12 വരെയാണെങ്കിൽ ജീപ്പും അതിൽ കൂടുതൽ വരുകയാണെങ്കിൽ അതനുസരിച്ച് വാഹന സൗകര്യവും പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തണം. പട്ടികവർഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി പി.ടി.എ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിരുന്നത്.ഇതേസമയം എസ്.എസ്.എൽ.സി അടക്കമുള്ള പൊതുപരീക്ഷകൾ അടുത്തുവരവെ പദ്ധതിയിലെ പ്രതിസന്ധി അധ്യാപകരെയും വിദ്യാർഥികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.