തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്ഥലംമാറ്റം സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരായ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.
സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ ട്രൈബ്യൂണൽ വിധി മറികടന്ന് മേയ് നാലിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിനെ ട്രൈബ്യൂണൽ മുമ്പാകെ അധ്യാപകർ ചോദ്യം ചെയ്തിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിനെ വിളിച്ചുവരുത്തിയ ട്രൈബ്യൂണൽ, സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ വിധിയുടെ ലംഘനമാണ് സർക്കുലറെന്ന് വ്യക്തമാക്കി. കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കിയതോടെ സർക്കുലർ പിൻവലിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുകയായിരുന്നു.
നേരത്തേ സ്ഥലംമാറ്റ നടപടികൾ താൽക്കാലികമായി തടഞ്ഞുള്ള ട്രൈബ്യൂണൽ ഉത്തരവ് നിലനിൽക്കെയാണ്, വിദ്യാഭ്യാസ വകുപ്പ് അന്തിമ സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിക്കുകയും അധ്യാപകർക്ക് വിടുതൽ അനുമതി നൽകുകയും ചെയ്തത്. ഇതിനെതിരെ ഒരുപറ്റം അധ്യാപകർ ട്രൈബ്യൂണലിനെ സമീപിച്ചതോടെ മുഴുവൻ നടപടികളും സ്റ്റേ ചെയ്തു. സ്ഥലംമാറ്റ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിടുതൽ വാങ്ങിയ പലർക്കും ഇതോടെ സ്കൂളുകളിൽ ജോയിൻ ചെയ്യാൻ പറ്റാതായി. ട്രൈബ്യൂണൽ വിധിക്കെതിരെ അധ്യാപിക ഹൈകോടതിയെ സമീപിച്ച് ഇടക്കാല വിധിയും സമ്പാദിച്ചു.
സർക്കാർ ഉത്തരവ് പ്രകാരം നടപ്പായ സ്ഥലംമാറ്റങ്ങളെ ട്രൈബ്യൂണൽ ഉത്തരവ് ബാധിക്കില്ലെന്നായിരുന്നു ഹൈകോടതി ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിടുതൽ വാങ്ങുകയും ജോയിൻ ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്ത അധ്യാപകർക്ക് മുഴുവൻ പുതിയ സ്കൂളിൽ ജോയൻറ് ചെയ്യാൻ നിർദേശം നൽകി മേയ് നാലിനാണ് ഡയറക്ടർ സർക്കുലർ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.