ബ്യൂറോക്രസിയുടെ കൊടുമുടി കയറാൻ സമർഥരായ ബിരുദധാരികൾക്ക് സുവർണാവസരം. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസ് (ഐ.എ.എസ്), ഇന്ത്യൻ ഫോറിൻ സർവിസ് (ഐ.എഫ്.എസ്), ഇന്ത്യൻപൊലീസ് സർവിസ് (ഐ.പി.എസ്) അടക്കം രാജ്യത്തെ 23 ഉന്നത സർക്കാർ സർവിസുകളിലേക്കുള്ള മികച്ച ഓഫിസർമാരെ തെരഞ്ഞെടുക്കാനുള്ള 2025ലെ സിവിൽ സർവിസസ് പരീക്ഷക്ക് യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) അപേക്ഷ ക്ഷണിച്ചു.
ഭരണ നിർവഹണത്തിനായുള്ള അത്യുന്നത പദവികളിലെത്താൻ നേരിട്ട് അവസരമൊരുക്കുന്ന രാജ്യത്തെ പ്രമുഖ പരീക്ഷയാണിത്. വിദശവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.in.ൽ ലഭ്യമാണ്.
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. മാർക്ക് നിബന്ധനയില്ല. അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എം.ബി.ബി.എസ്/ബി.ഡി.എസ്/വെറ്ററിനറി സയൻസ്/ബി.ഇ/ബി.ടെക് മുതലായ പ്രഫഷനൽ ബിരുദക്കാർക്കും എഴുതാം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
പ്രായപരിധി 2015 ആഗസ്റ്റ് ഒന്നിന് 21വയസ്സ് തികയണം. 32 വയസ്സ് കവിയരുത്. പട്ടികജാതി/വർഗ വിഭാഗത്തിന് അഞ്ചു വർഷം, ഒബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപെടുന്നവർക്ക് മൂന്നു വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം, വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും ഉയർന്ന പ്രായപരിധിയിലിളവുണ്ട്.
സിവിൽ സർവിസസ് എഴുതുന്നതിന് പരമാവധി ആറ് അവസരം ലഭിക്കും. പട്ടിക വിഭാഗക്കാർക്ക് പരിധിയില്ല. ഒ.ബി.സി, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് ഒമ്പതു തവണ വരെ പരീക്ഷയെഴുതാം.
അപേക്ഷ ഫീസ് 100 രൂപ. വനിതകൾ/എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഫെബ്രുവരി 11 വൈകീട്ട് ആറു വരെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി അപേക്ഷിക്കാം. നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. https://upsconline.gov.in ൽ അപേക്ഷ സമർപ്പിക്കാം.
വിദ്യഭ്യാസം, ജാതി, ഭിന്നശേഷി തുടങ്ങിയവ തെളിയിക്കുന്ന രേഖകൾ പ്രിലിമിനറി പരീക്ഷ സമയത്ത് തന്നെ ഓൺലൈനായി സമർപ്പിക്കണമെന്ന് ഇത്തവണ യു.പി.എസ്.സി നിഷ്‍കർഷിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വരെ ഇത് മെയിൻ പരീക്ഷക്ക് യോഗ്യത നേടിയ ശേഷം ചെയ്താൽ മതിയായിരുന്നു.
തെറ്റ് തിരുത്തുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും ഫെബ്രുവരി 12 മുതൽ 18 വരെ സൗകര്യം ലഭിക്കും.
സിവിൽ സർവിസസ് പരീക്ഷക്ക് രണ്ട് ഘട്ടമാണുള്ളത്. ആദ്യം പ്രിലിമിനറി പരീക്ഷ. ഇതിൽ യോഗ്യത നേടുന്നവർക്കാണ് രണ്ടാംഘട്ടമായ സിവിൽ സർവിസസ് (മെയിൻ) പരീക്ഷയെഴുതാൻ അർഹതുള്ളത്. എഴുത്തുപരീക്ഷയും ഇന്റർവ്യൂവും അടങ്ങിയതാണ് മെയിൻ പരീക്ഷ.
ഒബ്ജക്ടിവ് മാതൃകയിലുള്ള പ്രിലിമിനറി പരീക്ഷ ഫലം പ്രസിദ്ധപ്പെടുത്തി 10 ദിവസത്തിനകം യോഗ്യത നേടിയവർ 200 രൂപ ഫീസ് അടച്ച് കേഡർ മുൻഗണന അടക്കം മെയിൻ പരീക്ഷക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
സിവിൽ സർവിസസ് പ്രിലിമിനറിപരീക്ഷ 2025 മേയ് 25ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 80 കേന്ദ്രങ്ങളിലായി നടത്തും. മെയിൻപരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം മാത്രമായിരിക്കും കേന്ദ്രം.
പ്രിലിമിനറി പരീക്ഷക്ക് രണ്ട് പേപ്പറാണുള്ളത്. ഓരോ പേപ്പറിനും 200 മാർക്കിന്റെ ഒബ്ജക്ടിവ് മാതൃകയിൽ മൾട്ടിപ്ൾ ചോയിസ് ചോദ്യങ്ങളാണുണ്ടാവുക. ഓരോ പേപ്പറിനും രണ്ടു മണിക്കൂർ ലഭിക്കും. ഹിന്ദി/ഇംഗ്ലീഷ് ഭാഷകളിലാണ് ചോദ്യപേപ്പറുകൾ. ഇവ രണ്ടും നിർബന്ധ പേപ്പറുകളുമാണ്. ഉത്തരം തെറ്റായാൽ നെഗറ്റിവ് മാർക്കുണ്ട്. പ്രിലിമിനറിപരീക്ഷയിൽ യോഗ്യത നേടാൻ പേപ്പർ രണ്ടിൽ 33 ശതമാനം മാർക്കിൽ കുറയാതെ നേടണം. ഇതൊരു സ്ക്രീനിങ് ടെസ്റ്റാണ്. അന്തിമ മെരിറ്റ് നിശ്ചയിക്കുന്നതിൽ പ്രിലിമിനറി പരീക്ഷയെ പരിഗണിക്കില്ല.
പ്രിലിമനറി പേപ്പർ ഒന്നിൽ ദേശിയ-അന്തർദേശീയ പ്രാധാന്യമുള്ള ആനുകാലിക സംഭവങ്ങൾ, ഇന്ത്യ ചരിത്രം, ഇന്ത്യൻ ദേശീയ പ്രസ്ഥാനം, ജ്യോഗ്രഫി, ഭരണഘടന, പബ്ലിക് പോളിസി, പഞ്ചായത്തീരാജ്, ഇക്കണോമിക്-സോഷ്യൽ -ഡെവലപ്മെന്റ്, ജനറൽ സയൻസ് മുതലായ വിഷയങ്ങളിലും പേപ്പർ രണ്ടിൽ കോംപ്രിഹെൻഷൻ, ഇന്റർപേഴ്സനൽ/കമ്യൂണിക്കേഷൻ സ്കിൽസ്, ലോജിക്കൽ റീസണിങ് ആൻഡ് അനലിറ്റിക്കൽ എബിലിറ്റി, ഡിസിഷൻ മേക്കിങ് ആൻഡ് പ്രോബ്ലം സോൾവിങ്, ജനൽ മെന്റൽ എബിലിറ്റി, ബേസിക് ന്യൂമറസി, ഡേറ്റ ഇന്റർപ്രെട്ടേഷൻ മുതലായ വിഷയങ്ങളിലുമാണ് ചോദ്യങ്ങൾ. വിശദമായ പരീക്ഷാ സിലബസ് വിജ്ഞാപനത്തിലുണ്ട്.
ലഭ്യമായ ഒഴിവുകളുടെ 12-13 മടങ്ങ് പരീക്ഷാർഥികളെയാണ് മെയിൻപരീക്ഷയിലേക്ക് പ്രവേശിപ്പിക്കുക. പ്രിലിമിനറി ജനറൽ സ്റ്റഡീസ് േപപ്പർ രണ്ടിൽ 33 ശതമാനം മിനിമം മാർക്കും പേപ്പർ ഒന്നിലെ ആകെ മാർക്കും പരിഗണിച്ചാണ് മെയിൻ പരീക്ഷക്ക് പട്ടിക തയാറാക്കുന്നത്.
മെയിൻ പരീക്ഷ: അഞ്ചു ദിവസം നീളുന്ന മെയിൻ പരീക്ഷയിൽ പരമ്പരാഗത ഉപന്യാസ മാതൃകയിൽ ഉത്തരമെഴുതേണ്ട ഒമ്പത് പേപ്പറുകളാണുള്ളത്. മലയാളത്തിലും ഹിന്ദി, തമിഴ്, കന്നട, തെലുഗ്, ഉർദു, സംസ്കൃതം മുതലായ ഭാഷകളിലും പരീക്ഷയെഴുതാം.
മെയിൻ പരീക്ഷക്ക് ഓപ്ഷനൽ വിഷയങ്ങളിലൊന്ന് തെരഞ്ഞെടുക്കാം. ബിരുദതലത്തിൽ പഠിച്ച വിഷയമാവണമെന്നില്ല. അഗ്രികൾച്ചർ, അനിമൽ ഹസ്ബൻഡ്രി ആൻഡ് വെറ്ററിനറി സയൻസ്, ആന്ത്രോപ്പോളജി, ബോട്ടണി, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കോമേഴ്സ് ആൻഡ് അക്കൗണ്ടൻസി, ഇക്കണോമിക്സ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ജ്യോഗ്രഫി, ജിയോളജി, ഹിസ്റ്ററി, നിയമം, മാനേജ്മെന്റ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, മെഡിക്കൽ സയൻസ്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ലിറ്ററേച്ചർ (മലയാളം, കന്നട, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുഗ്, ഉർദു അടക്കമുള്ള ഭാഷാ വിഷയങ്ങൾ) എന്നിവയാണ് ഓപ്ഷനൽ വിഷയങ്ങൾ.
പേപ്പറുകൾ: മെയിൻ പരീക്ഷയിൽ ഏഴു പേപ്പറുകളാണ് പ്രധാനമായുള്ളത്.
പേപ്പർ (എ) പരീക്ഷാർഥി തെരഞ്ഞെടുക്കുന്ന ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപെടുന്ന ഏതെങ്കിലുമൊരു ഇന്ത്യൻ ഭാഷാ വിഷയം -300 മാർക്ക്.
പേപ്പർ (ബി)- ഇംഗ്ലീഷ് -300 മാർക്ക്. ഇവ രണ്ടും ക്വാളിഫൈയിങ് പേപ്പറുകളാണ്. മെരിറ്റിന് പരിഗണിക്കപ്പെടുന്ന പേപ്പറുകൾ താഴെ:
പേപ്പർ -I ഉപന്യാസം -250 മാർക്ക്;
പേപ്പർ -II ജനറൽ സ്റ്റഡീസ് -I (ഇന്ത്യൻ ഹെറിറ്റേജ് ആൻഡ് കൾച്ചർ, ഹിസ്റ്ററി ആൻഡ് ജ്യോഗ്രഫി (വേൾഡ് ആൻഡ് സൊസൈറ്റി) -250 മാർക്ക്;
പേപ്പർ -III ജനറൽ സ്റ്റഡീസ് -II (ഗവേണൻസ് ഭരണഘടന, പൊളിറ്റിക്സ്, സോഷ്യൽ ജസ്റ്റിസ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ്) -250 മാർക്ക്;
പേപ്പർ -IV, ജനറൽ സ്റ്റഡീസ് -III (ടെക്നോളജി, ഇക്കണോമിക് ഡെവലപ്മെന്റ്, ബയോൈഡേവഴ്സിറ്റി, എൻവയൺമെന്റ്, സെക്യൂരിറ്റി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്) -250 മാർക്ക്;
പേപ്പർ -V - ജനറൽ സ്റ്റഡീസ് (എത്തിക്സ്, ഇന്റഗ്രിറ്റി ആൻഡ് ആപ്റ്റിട്യൂഡ്) -250 മാർക്ക്;
പേപ്പർ -VI- ഐച്ഛിക വിഷയം -പേപ്പർ -I -250 മാർക്ക്;
പേപ്പർ -VII -ഐച്ഛിക വിഷയം -പേപ്പർ -2-250 മാർക്ക്. മെയിൻ എഴുത്തുപരീക്ഷക്ക് ആകെ മാർക്ക്- 1750, പേഴ്സനാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ -275 മാർക്ക്, മൊത്തം 2025 മാർക്ക്.
പേപ്പർ എ, പേപ്പർ ബി ചോദ്യങ്ങൾ എസ്.എസ്.എൽ.സി നിലവാരത്തിലുള്ളതായിരിക്കും. 25 ശതമാനം മാർക്കിൽ കുറയാതെ നേടണം. കേൾവിക്കുറവുള്ള ഭിന്നശേഷിക്കാർക്ക് ‘പേപ്പർ എ’ നിർബന്ധമില്ല.
മെയിൻ പരീക്ഷയിൽ ഒന്നു മുതൽ എട്ടു വരെ പേപ്പറുകൾക്ക് ലഭിക്കുന്ന മാർക്കാണ് റാങ്കിങ്ങിനായി പരിഗണിക്കുന്നത്.
മെയിൻ എഴുത്തുപരീക്ഷയിൽ മിനിമം യോഗ്യത മാർക്ക് നേടുന്നവരെയാണ് യു.പി.എസ്.സി ഡൽഹിയിൽ അഭിമുഖത്തിന് ക്ഷണിക്കുക. ഒഴിവുകളുടെ രണ്ട് മടങ്ങ് ഉദ്യോഗാർഥികളെയാണ് പരിഗണിക്കുക. ഇന്റർവ്യൂ അഥവാ പേഴ്സനാലിറ്റി ടെസ്റ്റിൽ ലഭിക്കുന്ന മാർക്ക് കൂടി പരിഗണിച്ചാണ് അന്തിമ റാങ്ക്‍ലിസ്റ്റ് തയാറാക്കുന്നത്.
പൊതുതാൽപര്യമുള്ള വിഷയങ്ങളിലാവും ഇന്റർവ്യൂവിലെ ചോദ്യങ്ങൾ. പൊതുജന സേവനത്തിന് അനുയോജ്യമാണോയെന്ന് വിലയിരുത്തപ്പെടുന്ന തരത്തിലുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം. പ്രധാനമായും ഉദ്യോഗാർഥിയുടെ മാനസികമായ കഴിവുകളും സാമൂഹിക പ്രതിബദ്ധതയും ആനുകാലിക സംഭവവികാസങ്ങളിലുള്ള താൽപര്യവും യുക്തിബോധവും ഇന്റലക്ച്വൽ, നേതൃ ഗുണവുമെല്ലാം അഭിമുഖത്തിൽ വിലയിരുത്തപ്പെടും.
ഒഴിവുകൾ: ഇത്തവണ ഏകദേശം 979 ഒഴിവുകളിൽ ഉയർന്ന റാങ്കുകാർക്ക് നിയമനം ലഭിക്കും. ഭിന്നശേഷിക്കാരെ 38 ഒഴിവുകളിലേക്ക് പരിഗണിക്കും. പട്ടിക വിഭാഗക്കാർക്കും ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗക്കാർക്കും സംവരണമുണ്ട്.
ഇനിപറയുന്ന 23 സർവിസുകളിലേക്കാണ് നിയമനം. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവിസ് ‘ഗ്രൂപ് എ’, ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവിസ്, ഇന്ത്യൻ കോർപറേറ്റ് ലോ സർവിസ്, ഡിഫൻസ് അക്കൗണ്ട്സ് സർവിസ്, ഡിഫൻസ് എസ്റ്റേറ്റ് സർവിസ്, ഇന്ത്യൻ ഇൻഫർമേഷൻ സർവിസ്, പോസ്റ്റൽ സർവിസ്, പോസ്റ്റ് ആൻഡ് ടെലികമ്യൂണിക്കേഷൻ അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് സർവിസ്, ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവിസ് (ട്രാഫിക്/പേഴ്സനൽ/അക്കൗണ്ട്), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സർവിസ്, ഇന്ത്യൻ റവന്യൂ സർവിസ് (കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ്/ഇൻകംടാക്സ്), ഇന്ത്യൻ ട്രേഡ് സർവിസ് (എല്ലാം ഗ്രൂപ് എ വിഭാഗത്തിൽപെടും), ആംഡ് ഫോഴ്സസ് ഹെഡ്ക്വാർട്ടേഴ്സ് സിവിൽ സർവിസ് ഗ്രൂപ് ബി സെക്ഷൻ ഓഫിസേഴ്സ് ഗ്രേഡ്, ഡൽഹി, അന്തമാൻ-നികോബാർ , ലക്ഷദ്വീപ്, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നാഗർഹവേലി പൊലീസ് സർവിസ്, പോണ്ടിച്ചേരി സിവിൽ സർവിസ്, പോണ്ടിച്ചേരി പൊലിസ് സർവിസ് (ഗ്രൂപ്പ് ബി വിഭാഗത്തിൽപെടും).
ഉയർന്ന റാങ്കും കേഡർ ചോയ്സും പരിഗണിച്ചാവും ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, സർവിസുകളിലേക്ക് പരിഗണിക്കപ്പെടുന്നത്. ഒഴിവുകളുടെ ലഭ്യത പ്രകാരം മറ്റു വിവിധ സർവിസുകളിലായി ക്ലാസ് വൺ ഓഫിസറായി നിയമനം ലഭിക്കാവുന്നതാണ്.
ഇന്ത്യൻ ഫോറസ്റ്റ് സർവിസിൽ ഉന്നത പദവിയിലെത്താനും മേയ് 25ന് യു.പി.എസ്.സി നടത്തുന്ന സിവിൽ സർവിസസ് പ്രിലിമിനറി പരീക്ഷ അഭിമുഖീകരിക്കണം. ഫെബ്രുവരി 11 വരെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.in ൽ ലഭിക്കും.
സിവിൽ സർവിസസ് പ്രിലിമിനറിയിൽ യോഗ്യത നേടി രണ്ടാം ഘട്ടമായ ഇന്ത്യൻ ഫോറസ്റ്റ് സർവിസ് (മെയിൻ) പരീക്ഷയിലേക്ക് കടക്കാം. എഴുത്തുപരീക്ഷയും ഇന്റർവ്യൂവും അടങ്ങിയതാണ് മെയിൻ പരീക്ഷ.
യോഗ്യത: അനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി വിഷയങ്ങളിലൊന്നിൽ അംഗീകൃത സർവകലാശാല ബിരുദം. അല്ലെങ്കിൽ അഗ്രികൾച്ചർ/ ഫോറസ്ട്രി/ എൻജിനീയറിങ് ബിരുദം. അവസാന വർഷ ബിരുദ വിദ്യാർഥികളെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും. പ്രായപരിധി: 21-32 വയസ്സ്.
ഫോറസ്റ്റ് സർവിസ് മെയിൻപരീക്ഷ: എഴുത്തുപരീക്ഷക്ക് ആറു പേപ്പറുകളാണുള്ളത്.
പേപ്പർ -I ജനറൽ ഇംഗ്ലീഷ് -300 മാർക്ക്,
പേപ്പർ -II പൊതുവിജ്ഞാനം -300 മാർക്ക്,
പേപ്പർ III മുതൽ VI വരെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് ഓപ്ഷനൽ വിഷയങ്ങളെ അധിഷ്ഠിതമാക്കിയുള്ളവയാണ്. ഓരോ വിഷയത്തിലും രണ്ടു പേപ്പറുകൾ. 200 മാർക്കാണ് ഓരോ പേപ്പറിനും.
ഓപ്ഷനൽ വിഷയങ്ങളിൽ അഗ്രികൾച്ചർ എൻജിനീയിറിങ്, അനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, കെമിക്കൽ എൻജിനീയറിങ്, സിവിൽ, ഫോറസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, മെക്കാനിക്കൽ, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നിവ ഉൾപ്പെടും. എഴുത്തുപരീക്ഷയിൽ യോഗ്യത നേടുന്നവരെ ഇന്റർവ്യൂ/ പേഴ്സനാലിറ്റി ടെസ്റ്റിന് ക്ഷണിക്കും. 300 മാർക്കാണിതിന്. ഇവയുടെ അടിസ്ഥാനത്തിൽ റാങ്ക്‍ലിസ്റ്റ് തയാറാക്കിയാണ് നിയമനം. 150 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.