കാസർകോട്: കേന്ദ്ര സർവകലാശാലയിൽ ചട്ടം ലംഘിച്ച് നിയമനം നൽകിയെന്ന ആരോപണത്തിന് വിധേയനായ ഡീനിന്റെ സ്ഥാനം തെറിക്കും. സ്കൂൾ ഓഫ് ലാംഗ്വേജ് ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചർ വകുപ്പിൽ ഡീൻ ആയി നിയമിക്കപ്പെട്ട ഇംഗ്ലീഷും താരതമ്യപഠനവും വിഭാഗത്തിലെ പ്രഫ. ഡോ. ജോസഫ് കോയിപ്പള്ളിയുടെ നിയമനമാണ് ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ റദ്ദാകുക.
കോയിപ്പള്ളിയുടെ നിയമനത്തിനെതിരെ ഹൈകോടതിയിൽ ഹരജി സമർപ്പിച്ച സർവകലാശാല ഹിന്ദി പഠന വിഭാഗത്തിലെ പ്രഫ. ഡോ. താരു എസ്. പവാറിന്റെ ഹരജിയിലാണ് ഉത്തരവ്.
സർവകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരം ഡീൻ നിയമനത്തിൽ റൊട്ടേഷൻ പാലിക്കണം. ഈ ചട്ടം പാലിച്ചാൽ തനിക്കാണ് അർഹതയെന്ന് പവാർ വാദിച്ചു. ഇതു പാലിക്കാതെയാണ് ജോസഫ് കോയിപ്പള്ളിയെ നിയമിച്ചത്. കോയിപ്പള്ളി 2012 മാർച്ച് 13 മുതൽ 2015 മാർച്ച് 20 വരെ ഡീൻ ആയി സേവനമനുഷ്ഠിച്ചിരുന്നു.
അദ്ദേഹത്തിന്റെ അവസരം അതോടെ അവസാനിച്ചതിനാൽ തന്റേതാണ് അടുത്ത ഊഴമെന്നും തരു എസ്. പവാറിനുവേണ്ടി കോടതിയിൽ വാദിച്ചു. കോയിപ്പള്ളി അന്ന് പ്രഫസർ ആയിരുന്നില്ലെന്നും അസോസിയേറ്റ് പ്രഫസർ മാത്രമായിരുന്നെന്നും ഡീൻ ചുമതലയാണ് നൽകിയതെന്നും സർവകലാശാല വാദിച്ചു. ഈ വാദം നിലനിൽക്കുന്നതല്ലെന്ന് സർവകലാശാല സ്റ്റാറ്റ്യൂട്ട് ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.
സർവകലാശാല പഠനവകുപ്പിൽ ഡീൻ ആവശ്യമാണ്. ഒഴിവു വരുമ്പോൾ ഒരാളെ നിയമിക്കണം. അത് പ്രഫസർ ആണോ അല്ലയോ എന്നല്ല അന്നത്തെ സീനിയറായ അധ്യാപകനെ നിയമിച്ചിരുന്നോ എന്നതാണ് വിഷയം. അതനുസരിച്ച് എതിർകക്ഷി അവസരം നേടിയ ആളാണ്. അതിനാൽ തരു എസ്. പവാറിന് നിയമനം നൽകണമെന്ന് കോടതി നിർദേശിച്ചു.
ഒരുമാസത്തിനകം താരു എസ്. പവാറിനെ നിയമിക്കണമെന്ന് ഒേക്ടാബർ 24നാണ് ഹൈകോടതി ഉത്തരവിട്ടത്. എന്നാൽ, സർവകലാശാലയിൽ കോടതി ഉത്തരവ് ലഭിക്കുന്നത് നവംബർ 18നാണ്. വിദ്യാർഥികളെയും അധ്യാപകരെയും പരിഗണിക്കുന്ന കാര്യത്തിൽ പലവിധ വിവേചനങ്ങൾക്കും കേന്ദ്ര വാഴ്സിറ്റി ആരോപണവിധേയമായിട്ടുണ്ട്. പ്രത്യേകിച്ച് എസ്.സി, എസ്.ടി വിഭാഗങ്ങളുടെ കാര്യത്തിൽ. എസ്.സി വിഭാഗത്തിൽപെട്ടയളാണ് താരു എസ്. പവാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.