ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനത്തിനായി തയാറെടുക്കുന്ന പ്രവാസി വിദ്യാർഥികൾക്ക് പ്രവേശന നടപടിക്രമങ്ങൾക്കായി ജാഗ്രതയോടെ തയാറെടുക്കേണ്ട സമയമാണിപ്പോൾ. 2024ൽ പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർഥികൾ പഠനം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളിലെ പ്രവേശന നടപടികളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി ഒരുക്കങ്ങൾ കാലേക്കൂട്ടിത്തന്നെ നടത്തിയാൽ മാത്രമേ ഉചിതമായ സ്ഥാപനങ്ങളിൽ പ്രവേശനം ഉറപ്പിക്കാനാവൂ.
അവരവരുടെ അഭിരുചിയും താൽപര്യവും വിഷയങ്ങളോടുള്ള ആഭിമുഖ്യവും മനസ്സിലാക്കി ഉചിതമായ കോഴ്സുകൾ ഏതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ സ്ഥാപനങ്ങളിൽ പ്രവേശനം ഉറപ്പിക്കാൻ ശ്രമിക്കണം.
ഇത്തരം സ്ഥാപനങ്ങളിൽ പഠനാവസരം ലഭിക്കുന്നതുവഴി നിലവാരമുള്ള വിദ്യാഭ്യാസം, കിടയറ്റ പഠന പാഠ്യേതര സൗകര്യങ്ങൾ, വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരം, പ്ലേസ്മെന്റ് സാധ്യതകൾ, സ്കോളർഷിപ്പിനുള്ള അവസരം എന്നിങ്ങനെയുള്ള സവിശേഷ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും.
ഏത് വിഷയമെടുത്ത് പഠിക്കുന്നവർ ആയിരുന്നാലും അവർക്ക് തുടർ പഠനത്തിന് പ്രവേശനം തേടാവുന്ന ദേശീയ പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നിലവിലുണ്ട്.
വളരെ ജനപ്രീതി നേടിയ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ), നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), കേരള എൻട്രൻസ് എന്നിങ്ങനെയുള്ള പരീക്ഷകൾക്കപ്പുറം കേന്ദ്ര സർവകലാശാലകളടക്കമുള്ള വിവിധ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി), കോമൺ ലോ എൻട്രൻസ് ടെസ്റ്റ് (ക്ലാറ്റ്), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന ഡിസൈൻ അഭിരുചി ടെസ്റ്റ് (എൻ.ഐ.ഡി-ഡാറ്റ്).
ഇന്റഗ്രേറ്റഡ് ബി.എഡ് പ്രോഗ്രാമിന്റെ പ്രവേശനത്തിന് അവസരമൊരുക്കുന്ന നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻ.സി.ഇ.ടി) എന്നിങ്ങനെ ഒട്ടേറെ പ്രവേശന പരീക്ഷകൾ വഴി ഒട്ടേറെ മികവുറ്റ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള അവസരമാണ് വരാനിരിക്കുന്നത്. കൂടാതെ കിടയറ്റ സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവേശനമാഗ്രഹിക്കുന്നവരും മുൻകൂട്ടി തന്നെ ഒരുങ്ങേണ്ടതുണ്ട്.
ദേശീയ നിയമ സർവകലാശാലകളിലെ എൽഎൽ.ബി പ്രവേശനത്തിനുള്ള ‘ക്ലാറ്റ്’, ഡൽഹി നാഷനൽ നിയമ സർവകലാശാലയിലെ പ്രവേശനത്തിനുള്ള ‘ഐലറ്റ്’ എന്നിവക്ക് ഇപ്പോൾ തന്നെ അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. ഡിസൈൻ സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി സെപ്റ്റംബർ/ഒക്ടോബർ മാസത്തോടെയും മറ്റു ചില പ്രധാന എൻട്രൻസുകൾക്ക് ജനുവരിയോടെയും അപേക്ഷ സമർപ്പിക്കേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത വർഷത്തെ സി.യു.ഇ.ടി പരീക്ഷ നേരത്തേ നടക്കുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പുകൾ ഇനിയുള്ള ആഴ്ചകളിൽ പ്രതീക്ഷിക്കാം.
സയൻസ്, ആർട്സ്, കോമേഴ്സ്, ഡിസൈൻ, മാനേജ്മെന്റ്, നിയമം എന്നിങ്ങനെ വിഷയങ്ങളിൽ തുടർ പഠനാവസരങ്ങൾ നൽകുന്ന ദേശീയ പ്രാധാന്യമുള്ള മിക്ക സ്ഥാപനങ്ങളിലെയും പ്രവേശനം എൻട്രൻസ് പരീക്ഷ മുഖേനയാണ് നടക്കുന്നത്. പല പരീക്ഷകളുടെയും വിജ്ഞാപനങ്ങൾ യഥാസമയം ശ്രദ്ധിക്കാത്തതുകൊണ്ടോ നിശ്ചയിക്കപ്പെട്ടിട്ടുള്ള തീയതിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കാൻ ജാഗ്രത കാണിക്കാത്തതുകൊണ്ടോ കുട്ടികൾക്ക് ശ്രദ്ധേയമായ പല അവസരങ്ങളും നഷ്ടപ്പെടുന്നത് കാണാറുണ്ട്.
തയാറെടുപ്പുകളിൽ ഉണ്ടായേക്കാവുന്ന പോരായ്മ പ്രവേശന സാധ്യതകളെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കേണ്ട സമയം, സമർപ്പിക്കേണ്ട രേഖകൾ, പരീക്ഷ രീതി, സിലബസ്, ചോദ്യങ്ങളുടെ നിലവാരവും രീതിയും, പരീക്ഷകേന്ദ്രം എന്നിവ മുൻകൂട്ടി മനസ്സിലാക്കി വേണം ഒരുക്കം പൂർത്തിയാക്കാൻ.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ കാലേക്കൂട്ടി തയാറാക്കിവെക്കുന്നതിലൂടെ അവസാന നിമിഷ സങ്കീർണതകൾ ഒഴിവാക്കി കാര്യങ്ങൾ എളുപ്പമാക്കാം എന്ന സൗകര്യവുമുണ്ട്.
സാധാരണ പൊതുപരീക്ഷകളിൽനിന്ന് വ്യത്യസ്തമായി പഠനരീതിയിലും പരീക്ഷക്ക് വേണ്ട ഒരുക്കത്തിലും വ്യത്യസ്തമായ രീതിയാണ് പ്രവേശന പരീക്ഷകൾക്ക് സ്വീകരിക്കേണ്ടത്. വിഷയങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവും കുറഞ്ഞ സമയത്തിനുള്ളിൽ പെട്ടെന്നുതന്നെ സമാന സ്വഭാവമുള്ള ഉത്തരങ്ങളിൽനിന്ന് ഏറ്റവും അനുയോജ്യമായത് കണ്ടെത്താനുള്ള വൈഭവവും പരിശോധിക്കപ്പെടുന്ന പരീക്ഷകൾക്ക് അതിനനുസൃതമായ രീതിയിലുള്ള പരിശീലനം ആവശ്യമാണ്.
സാധാരണ പരീക്ഷകളിൽ മികവ് തെളിയിക്കുന്ന കുട്ടികൾ പോലും മത്സരപ്പരീക്ഷകളിൽ പുറന്തള്ളപ്പെടുകയോ പിന്നാക്കം പോവുകയോ ചെയ്യപ്പെടുന്നത് ഈ പരീക്ഷരീതികളെ പരിചയിക്കാത്തതുകൊണ്ടും അതിനനുസൃതമായ രീതിയിലുള്ള പരിശീലനം സിദ്ധിക്കാത്തതുകൊണ്ടുമാണ്.
സമാന താല്പര്യമുള്ള കുട്ടികളുമായി സമ്പർക്കത്തിലേർപ്പെട്ടുകൊണ്ട് സംയുക്ത പഠനം, മികച്ച സ്ഥാപനങ്ങൾ നടത്തുന്ന പരിശീലനം എന്നിവയിലൂടെ പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കാം. അതുവഴി ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പ്രവേശനം എന്ന സ്വപ്നം സാധ്യമാവട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.