കൊച്ചി: സംസ്ഥാനത്ത് പട്ടികജാതിക്കാരായ നിയമ ബിദുദധാരികൾക്കായി ജ്വാല ഇൻറേൺ ഷിപ് പദ്ധതി ആരംഭിക്കാൻ സർക്കാർ തീരുമാനം. ആദ്യഘട്ടത്തിൽ 69 നിയമ ബിരുദധാരികളെ വിവിധ നിയമ സ്ഥാപനങ്ങളിൽ ലീഗൽ അസിസ്റ്റന്റുമാരായി നിയമിക്കും. അഡ്വ.ജനറൽ ഓഫിസ്, ജില്ല കോടതികൾ, സ്പെഷൽ കോടതികൾ എന്നിവിടങ്ങളിലായിരിക്കും നിയമനം. ഇക്കാര്യത്തിൽ വകുപ്പ് തല വർക്കിങ് ഗ്രൂപ്പിന്റെ നിർദേശം സർക്കാർ അംഗീകരിച്ചു. ഇതിനായി മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ അനുവദിച്ച് ഉത്തരവിറങ്ങി.
ജില്ല കോടതികളിലെ ഗവ. പ്ലീഡർമാരുടെ ഓഫിസുകളിൽ - 14, നാല് സ്പെഷൽ കോടതികളിൽ - 12, ഹൈകോടതിയിലെ അഡ്വ.ജനറൽ ഗവ. പ്ലീഡർ ഓഫിസ് - 24, ജില്ല ലീഗൽ സർവിസ് അതോറിറ്റി - 14, കെൽസ- 2, കിർത്താഡ്സ് - 1, സെക്രേട്ടറിയറ്റ് - 2 എന്നിങ്ങനെയായിരിക്കും നിയമനം. പട്ടികജാതി വിഭാഗങ്ങൾക്കായുള്ള അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിൽ വരുന്ന കേസുകളിൽ നിയമസഹായം നൽകുക, ഇത്തരം കേസുകളിലെ ഇരകളുടെ പുനരധിവാസമടക്കം കാര്യങ്ങളിൽ പങ്കാളികളാകുക, വിവിധ ലോ കോളജുകളിലും നിയമസംവിധാന കേന്ദ്രങ്ങളിലും ഇത്തരം നിയമങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ സംഘടിപ്പിക്കുക, പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ച് നിയമ ക്ലിനിക്കുകൾ ആരംഭിക്കുക എന്നിവയായിരിക്കും ഇവരുടെ ചുമതലകൾ.
പട്ടികജാതി വിഭാഗത്തിൽ പെട്ട 21-35 പ്രായപരിധിയിലുള്ള നിയമബിരുദധാരികളിൽനിന്ന് അപേക്ഷ സ്വീകരിച്ച് ഗവ. പ്ലീഡർ, ജില്ല പട്ടികജാതി വികസന ഓഫിസർ, ലീഗൽ കൗൺസിലർ എന്നിവർ ഉൾപ്പെട്ട സമിതി അഭിമുഖം നടത്തിയാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. പദ്ധതിക്ക് കീഴിൽ 50 പേരെ നിയമിക്കാനായിരുന്നു സംസ്ഥാനതല വർക്കിങ് ഗ്രൂപ് കഴിഞ്ഞ ഫെബ്രുവരിയിൽ ശിപാർശ ചെയ്തത്. ഇതിനായി രണ്ട് കോടി നാൽപത് ലക്ഷം രൂപയുടെ ഫണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് പരിഷ്കരിച്ചാണ് പുതിയ തീരുമാനം പുറത്തിറങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.