ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ആശങ്ക കുറഞ്ഞതോടെ സ്കൂളുകൾ തുറക്കണോ എന്ന വിഷയത്തിൽ പ്രതികരണവുമായി വിദഗ്ധർ. സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാമെന്നാണ് വിദഗ്ധ സമിതി അംഗമായ ഡോ. എൻ.കെ. അറോറയുടെ പ്രതികരണം.
സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാം. മാതാപിതാക്കൾ കുട്ടികെള ധൈര്യത്തോടെ സ്കൂളിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട അറോറ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ടെന്നും പറഞ്ഞു.
എന്നാൽ, കുട്ടികളെ സ്കൂളിൽ അയക്കുന്നതിന് മുമ്പ് അധ്യാപകരും സ്കൂൾ ജീവനക്കാരും വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം. കുടുംബം വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ കുടുംബത്തിലെ മുതിർന്നവരും അധ്യാപകരുടെയും ജീവനക്കാരുടെയും കുടുംബവും വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം' -അറോറ എൻ.ഡി.ടി.വിയോട് പറഞ്ഞു.
സ്കൂൾ മാത്രമല്ല, കുട്ടികൾ സഞ്ചരിക്കുന്ന പൊതു വാഹനങ്ങളും രോഗവാഹകരായേക്കാം. അതിനാൽ കുട്ടികളെ വൈറസിൽനിന്ന് സംരക്ഷിക്കുന്ന തരത്തിൽ അന്തരീക്ഷം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ തുടങ്ങി അടുത്ത നാലുമുതൽ ആറുമാസത്തിനകം സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാം. കുട്ടികൾക്ക് നൽകേണ്ട പൊതു കുത്തിവെപ്പിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രൈമറി സ്കൂളുകൾ തുറക്കുന്നതിൽ മുൻഗണന നൽകണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
രാജ്യത്ത് രണ്ടുകോടി കോവിഡ് വാക്സിൻ അധികമായി ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ അഞ്ച്, അധ്യാപക ദിനത്തിന് മുന്നോടിയായി എല്ലാ അധ്യാപകർക്കും വാക്സിൻ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.