വായുമലിനീകരണം: ജാമിഅയിലും ജെ.എൻ.യുവിലും ക്ലാസുകൾ ഓൺലൈനാക്കി

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിൽ ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ, ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റികൾ ക്ലാസുകൾ ഓൺലൈൻ വഴിയാക്കി. വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷിതത്വവും കണക്കിലെടുത്താണ് തീരുമാനം.

എയർ ക്വാളിറ്റി ഇൻഡക്സ് അത്യന്തം ആശങ്കപ്പെടേണ്ട നിലയിലെത്തിയതിനാൽ എല്ലാ ക്ലാസുകളും നവംബർ 23 വരെ ഓൺലൈൻ വഴിയാക്കാൻ തീരുമാനിച്ചു എന്ന് കാണിച്ച് ജാമിഅ അധികൃതർ ​വിജ്ഞാപനം പുറത്തിറക്കി. രജിസ്ട്രാർ പ്രഫ. മുഹമ്മദ് മഫ്തബ് ആലം റിസ്‍വി വിജ്ഞാപനത്തിൽ ഒപ്പുവെച്ചു. വിദ്യാർഥികളുടെ താൽപര്യം കണക്കിലെടുത്ത് നവംബർ 23 വരെ പഠനം ഓൺലൈൻ വഴിയാക്കാൻ തീരുമാനിച്ചു. എന്നാൽ നവംബർ 25മുതൽ സാധാരണ പോലെ ക്ലാസുകൾ നടക്കുമെന്നും എല്ലാവും കോളജിലെത്തണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. പഠനം ഓൺലൈൻ വഴിയാക്കിയിട്ടുണ്ടെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

നവംബർ 22 വരെ പഠനം ഓൺലൈൻ വഴിയാക്കാനാണ് ജെ.എൻ.യു അധികൃതരുടെ തീരുമാനം. ഡൽഹിയിലെ വായുമലിനീകരണം അപകടകരമായ രീതിയിലേക്ക് വർധിച്ചതിനാൽ വിദ്യാർഥികളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് പഠനം നവംബർ 22 വരെ ഓൺലൈൻ ആക്കാൻ തീരുമാനിച്ചുവെന്നാണ് അറിയിപ്പ്.

ഡൽഹിയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനകം തന്നെ പഠനം ഓൺലൈൻ മുഖേനയാക്കിയിരുന്നു. ഏതാനും ദിവസങ്ങളായി ഡൽഹിയിലെ വായുമലിനീകരണത്തിന്റെ തോത് 'സിവിയർ പ്ലസ്​' (അതിഗുരുതരം) വിഭാഗത്തിലാണ്.

Tags:    
News Summary - Jamia and JNU move classes online amid hazardous Delhi air quality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.